‏ 1 Chronicles 10

ശൗൽ തന്റെ ജീവൻ ഒടുക്കുന്നു

1ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു. 2ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു. 3ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു. വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മുറിവേൽപ്പിച്ചു.

4ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ അപമാനിക്കും.”

എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.
5ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണുമരിച്ചു. 6അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും മരിച്ചു; അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു.

7ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും മരിച്ചെന്നും താഴ്വരയിലുള്ള ഇസ്രായേല്യരെല്ലാം കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.

8അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു. 9അവർ അദ്ദേഹത്തിന്റെ വസ്ത്രം അഴിച്ചു തല വെട്ടിയെടുത്തു; ആയുധവർഗവും അഴിച്ചെടുത്തു. തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു. 10ശൗലിന്റെ ആയുധവർഗം അവർ തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ തല അവർ ദാഗോന്റെ ക്ഷേത്രത്തിൽ തൂക്കിയിടുകയും ചെയ്തു.

11ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികളെല്ലാം കേട്ടപ്പോൾ, 12അവരിലെ പരാക്രമശാലികളെല്ലാം ചെന്ന് ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികൾ ആ ശൂരന്മാർ യാബേശിലെ കരുവേലകത്തിന്റെ കീഴിൽ സംസ്കരിച്ചു; അവർ ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.

13ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു. 14തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.