‏ 1 Kings 2

ശലോമോനു ദാവീദിന്റെ നിയോഗം

1ദാവീദ് മരണാസന്നനായപ്പോൾ അദ്ദേഹം തന്റെ പുത്രനായ ശലോമോനോട് ഇപ്രകാരം കൽപ്പിച്ചു:

2“ഭൂമിയിലുള്ള സകലരും പോകേണ്ട വഴിയിലൂടെ ഞാനും പോകുന്നു. നീ ശക്തനായിരിക്കുക; പൗരുഷം കാണിക്കുക. 3നിന്റെ ദൈവമായ യഹോവയുടെ പ്രമാണങ്ങൾ പാലിക്കുക; അവിടത്തെ അനുസരിച്ച് ജീവിക്കുക. മോശയുടെ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും അനുശാസനകളും അനുസരിക്കുക. എന്നാൽ നിന്റെ എല്ലാ പ്രവൃത്തികളിലും എല്ലാ വഴികളിലും നീ വിജയം കൈവരിക്കും. 4‘നിന്റെ പിൻഗാമികൾ തങ്ങളുടെ ജീവിതം സശ്രദ്ധം നയിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടി എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിക്കുകയും ചെയ്താൽ ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ ഇല്ലാതെപോകുകയില്ല,’ എന്ന് യഹോവ എനിക്കു നൽകിയ വാഗ്ദാനം അവിടന്നു പാലിക്കുകതന്നെ ചെയ്യും.

5“സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തത് എന്താണെന്നു നിനക്ക് അറിവുള്ളതാണല്ലോ: ഇസ്രായേലിന്റെ സൈന്യാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തവതന്നെ! അവൻ സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് അവരെ വധിച്ചു. അയാളുടെ അരപ്പട്ടയിലും
അതായത്, ബെൽറ്റ്
കാലിലെ ചെരിപ്പിലും ആ രക്തംകൊണ്ട് കറപിടിപ്പിച്ചിരിക്കുന്നു.
6നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച് അയാളോടു പെരുമാറുക; അയാളുടെ തല നരയ്ക്കുന്നതിനും സമാധാനത്തോടെ ശവക്കുഴിയിലേക്കിറങ്ങുന്നതിനും അനുവദിക്കരുത്.

7“എന്നാൽ, ഗിലെയാദിലെ ബർസില്ലായിയുടെ പുത്രന്മാരോടു കരുണ കാണിക്കുക; നിന്റെ മേശയിൽനിന്നു ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ അവർ എന്നും ഉണ്ടായിരിക്കട്ടെ! നിന്റെ സഹോദരനായ അബ്ശാലോമിന്റെമുമ്പിൽനിന്ന് ഞാൻ ഓടിപ്പോയപ്പോൾ അവർ എന്നോടൊപ്പം ഉണ്ടായിരുന്നു.

8“ബഹൂരീമിൽനിന്നുള്ള ബെന്യാമീൻഗോത്രക്കാരനായ ഗേരയുടെ മകൻ ശിമെയി ഇവിടെ നിന്നോടൊപ്പമുണ്ടല്ലോ! ഞാൻ മഹനയീമിലേക്ക് ഓടിപ്പോയ ദിവസം എന്റെമേൽ കഠിനമായ ശാപവാക്കുകൾ ചൊരിഞ്ഞവനാണ് അയാൾ എന്ന് ഓർക്കുക. എന്നെ എതിരേൽക്കുന്നതിനായി അയാൾ യോർദാൻനദിയിലേക്ക് വന്നപ്പോൾ, ‘ഞാൻ നിന്നെ വാളാൽ കൊല്ലുകയില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു ശപഥംചെയ്തിരുന്നു. 9എന്നാൽ, ആ ശപഥംനിമിത്തം അയാളെ നിഷ്കളങ്കനായി കണക്കാക്കരുത്. നീ ജ്ഞാനിയല്ലോ! അയാളോട് എന്തു ചെയ്യണമെന്ന് നിനക്കറിയാം. അയാളുടെ നരച്ചതലയെ രക്തത്തോടെ ശവക്കുഴിയിലേക്കയയ്ക്കുക!”

10ഇതിനുശേഷം, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; “ദാവീദിന്റെ നഗരത്തിൽ” അദ്ദേഹത്തെ സംസ്കരിച്ചു. 11ദാവീദ് നാൽപ്പതുവർഷം ഇസ്രായേലിൽ ഭരണംനടത്തി—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.

12അങ്ങനെ, ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി. അദ്ദേഹത്തിന്റെ രാജത്വം ഏറ്റവും സുസ്ഥിരമായിത്തീർന്നു.

ശലോമോൻ തന്റെ സിംഹാസനം ഉറപ്പിക്കുന്നു

13ഒരു ദിവസം ഹഗ്ഗീത്തിന്റെ മകനായ അദോനിയാവ് ശലോമോന്റെ അമ്മയായ ബേത്ത്-ശേബയെ ചെന്നുകണ്ടു. “നീ സമാധാനത്തോടെയോ വരുന്നത്?” എന്ന് ബേത്ത്-ശേബ അദ്ദേഹത്തോടു ചോദിച്ചു.

“അതേ, സമാധാനത്തോടെതന്നെ,” അദ്ദേഹം മറുപടി പറഞ്ഞു.
14“എനിക്ക് ഒരു കാര്യം പറയാനുണ്ട്,” അദ്ദേഹം തുടർന്നു.

“നിനക്കു പറയാം,” അവൾ ഉത്തരം പറഞ്ഞു.

15അദ്ദേഹം പറഞ്ഞു: “രാജത്വം എനിക്കു ലഭിക്കേണ്ടതായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. സകല ഇസ്രായേലും എന്നെ അവരുടെ അടുത്ത രാജാവായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾക്കു മാറ്റംവന്നു. രാജ്യം എന്റെ സഹോദരന്റേതായിത്തീർന്നിരിക്കുന്നു; അത് യഹോവയിൽനിന്ന് അവനു ലഭിച്ചിരിക്കുന്നു. 16ഇപ്പോൾ, ഞാനൊരു കാര്യം അപേക്ഷിക്കുകയാണ്; അതെനിക്കു നിരസിക്കരുത്.”

“പറഞ്ഞുകൊള്ളൂ,” അവൾ പ്രതിവചിച്ചു.

17അദോനിയാവ് പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ എനിക്കു ഭാര്യയായിത്തരണമെന്ന് ശലോമോൻ രാജാവിനോടു ദയവായി പറഞ്ഞാലും! നിങ്ങൾ പറഞ്ഞാൽ അദ്ദേഹം മുഖംതിരിച്ചുകളയുകയില്ല.”

18“ശരി, നിനക്കുവേണ്ടി ഞാൻ രാജാവിനോടു സംസാരിക്കാം,” എന്ന് ബേത്ത്-ശേബ മറുപടി പറഞ്ഞു.

19അദോനിയാവിനുവേണ്ടി സംസാരിക്കാൻ ബേത്ത്-ശേബ ശലോമോൻരാജാവിന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റ് വണങ്ങി വന്ദനംചെയ്ത് മാതാവിനെ സ്വീകരിച്ചു. പിന്നെ അദ്ദേഹം സിംഹാസനത്തിൽ ഇരുന്നു. രാജമാതാവിനും അദ്ദേഹത്തോടൊപ്പം സിംഹാസനം നൽകി. അവർ അദ്ദേഹത്തിന്റെ വലതുഭാഗത്ത് ഇരുന്നു.

20ബേത്ത്-ശേബ രാജാവിനോട്: “എനിക്കൊരു ചെറിയ കാര്യം അപേക്ഷിക്കാനുണ്ട്; അതു നിരസിക്കരുത്” എന്നു പറഞ്ഞു.

“എന്റെ അമ്മേ, ചോദിച്ചാലും, ഞാനതു നിരസിക്കുകയില്ല,” രാജാവു മറുപടികൊടുത്തു.

21അപ്പോൾ, ബേത്ത്-ശേബ പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനിയാവിനു ഭാര്യയായി കൊടുത്താലും.”

22ശലോമോൻ രാജാവു തന്റെ മാതാവിനോട്: “അദോനിയാവിനുവേണ്ടി ശൂനേംകാരിയായ അബീശഗിനെ ചോദിക്കുന്നതെന്തിന്? രാജ്യംതന്നെ അയാൾക്കുവേണ്ടി ചോദിക്കരുതോ? അയാൾ എന്റെ മൂത്ത സഹോദരനുമാണല്ലോ! അയാൾക്കുവേണ്ടിമാത്രമല്ല, പുരോഹിതനായ അബ്യാഥാരിനും സെരൂയയുടെ മകനായ യോവാബിനുംകൂടെ രാജ്യം ചോദിക്കരുതോ?”

23അപ്പോൾ, ശലോമോൻരാജാവ് യഹോവയുടെ നാമത്തിൽ ശപഥംചെയ്തു പറഞ്ഞത്: “അദോനിയാവ് ഇത് ആവശ്യപ്പെട്ടത് അയാളുടെ ജീവനാശത്തിനല്ലെങ്കിൽ ദൈവം എന്നെ കഠിനമായി ശിക്ഷിക്കട്ടെ! 24അതുകൊണ്ട്, എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ എന്നെ സ്ഥിരപ്പെടുത്തുകയും, തന്റെ വാഗ്ദാനപ്രകാരം എനിക്കായി ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്ത ജീവനുള്ള യഹോവയാണെ, അദോനിയാവ് ഇന്നുതന്നെ വധിക്കപ്പെടും.” 25ഉടനെ, ശലോമോൻരാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു; അദ്ദേഹം അദോനിയാവിനെ വെട്ടിക്കൊന്നു.

26അതിനുശേഷം, പുരോഹിതനായ അബ്യാഥാരിനോടു രാജാവു കൽപ്പിച്ചത്: “അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു തിരിച്ചുപോകുക. നീ മരണയോഗ്യനാണ്; എന്നാൽ നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പേടകം ചുമന്നതുകൊണ്ടും എന്റെ പിതാവിന്റെ കഷ്ടതകളിലെല്ലാം പങ്കുചേർന്നതുകൊണ്ടും ഞാൻ നിന്നെ ഇപ്പോൾ കൊല്ലുന്നില്ല.” 27ശലോമോൻ യഹോവയുടെ പൗരോഹിത്യത്തിൽനിന്ന് അബ്യാഥാരിനെ നീക്കംചെയ്തു. ഇപ്രകാരം, ഏലിയുടെ പിൻഗാമികളെക്കുറിച്ച് ശീലോവിൽവെച്ച് യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറി.

28യോവാബ് ഈ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. അദ്ദേഹം അബ്ശാലോമിന്റെ പക്ഷത്തു ചേർന്നിരുന്നില്ലെങ്കിലും അദോനിയാവിന്റെ പക്ഷംചേർന്നു പ്രവർത്തിച്ചിരുന്നു. 29യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നിൽക്കുന്നു എന്ന് ശലോമോൻ രാജാവിന് അറിവുകൊടുത്തു. “നീ ചെന്ന് അവനെ വധിക്കുക!” എന്ന് ശലോമോൻ യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു.

30ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “ ‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു.

എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി.

“ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു.

31അപ്പോൾ രാജാവ് ബെനായാവിനോട്: “അയാൾ പറഞ്ഞതുപോലെതന്നെ ചെയ്യുക. അയാളെ വെട്ടിക്കൊന്നു കുഴിച്ചുമൂടുക. അങ്ങനെ യോവാബു കാരണംകൂടാതെ ചിന്തിയ നിഷ്കളങ്കരക്തത്തിന്റെ പാതകത്തിൽനിന്ന് എന്നെയും എന്റെ പിതാവിന്റെ ഭവനത്തെയും മോചിപ്പിക്കുക. 32അയാൾ ചിന്തിയ രക്തത്തിന് യഹോവ പകരം നൽകട്ടെ! കാരണം, എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെയാണല്ലോ അയാൾ ഇസ്രായേൽ സൈന്യത്തിന്റെ അധിപനും നേരിന്റെ മകനുമായ അബ്നേരിനെയും, യെഹൂദാ സൈന്യത്തിന്റെ അധിപനും യേഥെരിന്റെ മകനുമായ അമാസയെയും വാളിനിരയാക്കിയത്. അവർ ഇരുവരും അയാളെക്കാൾ ഉത്തമന്മാരും നീതിമാന്മാരും ആയിരുന്നു. 33അവരുടെ രക്തത്തിന്റെ പാതകം എന്നെന്നേക്കും യോവാബിന്റെ തലമേലും അയാളുടെ പിൻഗാമികളുടെ തലമേലും ഇരിക്കട്ടെ! എന്നാൽ ദാവീദിൻമേലും അദ്ദേഹത്തിന്റെ പിൻഗാമികളിൻമേലും ഭവനത്തിൻമേലും സിംഹാസനത്തിൻമേലും യഹോവയുടെ സമാധാനം എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!”

34അങ്ങനെ, യെഹോയാദായുടെ മകനായ ബെനായാവു തിരികെച്ചെന്ന് യോവാബിനെ വെട്ടിക്കൊന്നു; അയാളെ മരുഭൂമിയിൽ അയാളുടെ സ്വന്തംഭൂമിയിൽ അടക്കംചെയ്തു. 35രാജാവ് യോവാബിന്റെ സ്ഥാനത്ത് യെഹോയാദായുടെ മകനായ ബെനായാവിനെ സൈന്യാധിപനാക്കി, അബ്യാഥാരിനുപകരം സാദോക്കിനെ പുരോഹിതനായും നിയമിച്ചു.

36അതിനുശേഷം രാജാവ് ആളയച്ചു ശിമെയിയെ വരുത്തി, “നീ ജെറുശലേമിൽ ഒരു വീട് പണിത് അവിടെ പാർക്കുക, എന്നാൽ, മറ്റെങ്ങും പോകരുത്. 37ജെറുശലേംവിട്ട് കിദ്രോൻതോടു കടക്കുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും” എന്നു കൽപ്പിച്ചു.

38ശിമെയി രാജാവിനോട്: “അതു നല്ലവാക്ക്; എന്റെ യജമാനനായ രാജാവു കൽപ്പിച്ചതുപോലെ അങ്ങയുടെ ദാസൻ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെ, ശിമെയി കുറെക്കാലം ജെറുശലേമിൽ താമസിച്ചു.

39എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ ജെറുശലേമിൽനിന്ന് ഗത്തിലെ രാജാവും മയഖായുടെ മകനുമായ ആഖീശിന്റെ അടുത്തേക്ക് ഓടിപ്പോയി. “താങ്കളുടെ അടിമകൾ ഗത്തിലുണ്ട്,” എന്ന് ശിമെയിക്ക് അറിവുകിട്ടി. 40ശിമെയി തന്റെ കഴുതയ്ക്കു കോപ്പിട്ട് അടിമകളെത്തിരക്കി, ഗത്തിൽ ആഖീശിന്റെ അടുത്തേക്കുപോയി. ഗത്തിൽനിന്ന് അയാൾ തന്റെ അടിമകളെ തിരികെക്കൊണ്ടുവന്നു.

41ശിമെയി ജെറുശലേമിൽനിന്ന് ഗത്തിലേക്കു പോയി എന്നും തിരിച്ചുവന്നു എന്നും ശലോമോന് അറിവുകിട്ടി. 42രാജാവു ശിമെയിയെ വിളിച്ചുവരുത്തി: “ ‘ജെറുശലേംവിട്ടു മറ്റെവിടെയെങ്കിലും പോകുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക,’ എന്നു ഞാൻ നിനക്കു മുന്നറിയിപ്പു നൽകുകയും നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ ശപഥംചെയ്യിക്കുകയും ചെയ്തതല്ലേ? ‘അങ്ങു കൽപ്പിക്കുന്നതു നല്ലവാക്ക്; ഞാൻ അനുസരിച്ചുകൊള്ളാം,’ എന്ന് അന്നു നീ എന്നോടു പറഞ്ഞല്ലോ? 43പിന്നെ, നീ യഹോവയോടു ചെയ്ത ശപഥം പാലിക്കാതെയും ഞാൻ നിനക്കു നൽകിയ കൽപ്പന അനുസരിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്?”

44രാജാവു പിന്നെയും ശിമെയിയോടു പറഞ്ഞത്: “എന്റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകളെല്ലാം നിന്റെ ഹൃദയത്തിൽ നിനക്ക് അറിയാമല്ലോ! നിന്റെ ദുഷ്ടതയ്ക്കെല്ലാം യഹോവ നിനക്കുപകരം നൽകും. 45എന്നാൽ, ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. ദാവീദിന്റെ സിംഹാസനം യഹോവയുടെമുമ്പാകെ എന്നെന്നേക്കും സുസ്ഥിരമായിരിക്കും.”

46അതിനുശേഷം, രാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു. അയാൾ ചെന്ന് ശിമെയിയെ വെട്ടിക്കൊന്നു.

അങ്ങനെ രാജ്യം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.