‏ 1 Kings 16

1ബയെശയ്ക്കെതിരായി ഹനാനിയുടെ മകനായ യേഹുവിന് യഹോവയുടെ അരുളപ്പാടുണ്ടായി: 2“ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി; എന്റെ ജനമായ ഇസ്രായേലിനു നിന്നെ ഭരണാധികാരിയാക്കി. എന്നാൽ, നീ യൊരോബെയാമിന്റെ മാർഗങ്ങളിൽ സഞ്ചരിച്ചു; എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിപ്പിച്ചിരിക്കുന്നു; അവരുടെ പാപങ്ങളാൽ എന്റെ രോഷത്തെ നീ ആളിക്കത്തിച്ചിരിക്കുന്നു. 3അതിനാൽ, കണ്ടുകൊള്ളുക! ഞാൻ ബയെശയെയും അവന്റെ കുടുംബത്തെയും നശിപ്പിച്ചുകളയും; ഞാൻ നിന്റെ ഭവനത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനത്തെപ്പോലെയാക്കും. 4ബയെശയുടെ ആളുകളിൽ നഗരത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.”

5ബയെശയുടെ ഭരണകാലത്തെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, സൈനികനേട്ടങ്ങൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 6ബയെശാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ തിർസ്സയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ഏലാ പിന്നീടു രാജസ്ഥാനം വഹിച്ചു.

7ബയെശാ യഹോവയുടെ ദൃഷ്ടിയിൽ യൊരോബെയാം ഗൃഹത്തെപ്പോലെതന്നെ സകലദുഷ്ടതകളും പ്രവർത്തിച്ച് യഹോവയെ കോപിപ്പിക്കുകയും യൊരോബെയാം ഗൃഹത്തെ നശിപ്പിക്കുകയും ചെയ്തു. ഈ രണ്ടു കാരണങ്ങളാൽ ബയെശയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ഹനാനിയുടെ മകനായ യേഹുപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി.

ഇസ്രായേൽരാജാവായ ഏലാ

8യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയാറാംവർഷം ബയെശയുടെ മകനായ ഏലാ ഇസ്രായേലിൽ രാജാവായി ഭരണം ആരംഭിച്ചു. അദ്ദേഹം തിർസ്സയിൽ രണ്ടുവർഷം ഭരിച്ചു.

9ഏലയുടെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ രഥസൈന്യങ്ങളിൽ പകുതിക്ക് അധിപനുമായ സിമ്രി അയാൾക്കെതിരേ ഗൂഢാലോചന നടത്തി. ഏലാ ആ സമയത്ത് മദ്യപിച്ചു മദോന്മത്തനായി തിർസ്സയിൽ കൊട്ടാരത്തിന്റെ ഭരണാധിപനുമായ അർസ്സയുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. 10സിമ്രി അകത്തുകടന്ന് അദ്ദേഹത്തെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷത്തിലാണ് ഇതു സംഭവിച്ചത്. അതിനെത്തുടർന്ന്, സിമ്രി അടുത്ത രാജാവായി സ്ഥാനമേറ്റു.

11സിംഹാസനസ്ഥനായി ഭരണം ഏറ്റെടുത്തയുടൻതന്നെ സിമ്രി ബയെശയുടെ കുടുംബത്തെ മുഴുവനും വധിച്ചു. ആ കുടുംബത്തിൽപ്പെട്ട ഒരൊറ്റ പുരുഷനെയും ശേഷിപ്പിച്ചില്ല; വീണ്ടെടുപ്പവകാശമുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ശേഷിപ്പിച്ചില്ല. 12അങ്ങനെ, യേഹുപ്രവാചകനിലൂടെ ബയെശയ്ക്കെതിരായി യഹോവ അരുളിച്ചെയ്ത വാക്കുകൾപ്രകാരം സിമ്രി ബയെശയുടെ കുടുംബത്തെ പൂർണമായും നശിപ്പിച്ചു. 13ബയെശയും അദ്ദേഹത്തിന്റെ മകൻ ഏലയും പാപംചെയ്യുകയും ഇസ്രായേലിനെക്കൊണ്ട് ആ പാപകർമങ്ങളെല്ലാം ചെയ്യിക്കുകയും ചെയ്തു. അങ്ങനെ, അവർ മിഥ്യാമൂർത്തികളെ ആരാധിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കുപിതനാക്കി.

14ഏലയുടെ ഭരണകാലത്തെ മറ്റു സംഭവവികാസങ്ങളും, അദ്ദേഹം ചെയ്ത സകലപ്രവൃത്തികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

ഇസ്രായേൽരാജാവായ സിമ്രി

15യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷം തിർസ്സയിൽ സിമ്രി ഏഴുദിവസം ഭരിച്ചു. ആ സമയം, ഇസ്രായേൽസൈന്യം ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരുന്നു. 16സിമ്രി, രാജാവിനെതിരേ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചു എന്ന് ഇസ്രായേല്യസൈന്യം കേട്ടപ്പോൾ അവർ അന്നുതന്നെ പാളയത്തിൽവെച്ച് സേനാധിപതിയായ ഒമ്രിയെ ഇസ്രായേലിന്റെ രാജാവായി പ്രഖ്യാപിച്ചു. 17പിന്നെ, ഒമ്രിയും സകല ഇസ്രായേലും ഗിബ്ബെഥോനിൽനിന്നു പിൻവാങ്ങി തിർസ്സയെ ഉപരോധിച്ചു. 18നഗരം പിടിക്കപ്പെട്ടുവെന്നു കണ്ടപ്പോൾ സിമ്രി രാജകൊട്ടാരത്തിന്റെ ഉൾമുറിയിൽക്കടന്ന് കൊട്ടാരത്തിനു തീവെച്ച് സ്വയം മരിച്ചു. 19സിമ്രി യഹോവയുടെ കണ്മുമ്പിൽ തിന്മ പ്രവർത്തിക്കുകയും, സ്വയം പാപംചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിപ്പിക്കയും ചെയ്ത യൊരോബെയാമിന്റെ മാർഗങ്ങളിൽ സഞ്ചരിക്കുകയും ചെയ്തതിനാൽ ഇപ്രകാരം സംഭവിച്ചു.

20സിമ്രിയുടെ ഭരണകാലത്തെ മറ്റുസംഭവങ്ങളും അദ്ദേഹം നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

ഇസ്രായേൽരാജാവായ ഒമ്രി

21സിമ്രിയുടെ മരണശേഷം ഇസ്രായേൽജനം രണ്ടു വിഭാഗമായി വേർതിരിഞ്ഞു; ഒരുവിഭാഗം ഗീനത്തിന്റെ മകൻ തിബ്നിയെ രാജാവാക്കുന്നതിനോട് അനുകൂലിച്ചപ്പോൾ മറ്റേവിഭാഗം ഒമ്രിക്കു പിന്തുണ നൽകി. 22എന്നാൽ, ഒമ്രിയെ അനുകൂലിച്ചവർ ഗീനത്തിന്റെ മകൻ തിബ്നിയെ അനുകൂലിച്ചവരെ യുദ്ധത്തിൽ പരാജയപ്പെടുത്തി. അങ്ങനെ, തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു.

23യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയൊന്നാംവർഷം ഒമ്രി ഇസ്രായേലിന്റെ രാജാവായി. അദ്ദേഹം പന്ത്രണ്ടുവർഷം ഭരണംനടത്തി; അതിൽ, ആറുവർഷം അദ്ദേഹം തിർസ്സയിലാണ് ഭരിച്ചത്. 24അദ്ദേഹം, രണ്ടുതാലന്തു
ഏക. 68 കി.ഗ്രാം.
വെള്ളികൊടുത്തു ശമര്യമല ശെമേറിനോടു വാങ്ങി; ആ മലമുകളിൽ ഒരു നഗരം പണിതു കോട്ടകെട്ടിയുറപ്പിച്ചു. മലയുടെ മുൻ ഉടമയായിരുന്ന ശെമെരിന്റെ പേരിനെ അടിസ്ഥാനമാക്കി നഗരത്തിനു ശമര്യ എന്നു പേരിട്ടു.

25എന്നാൽ, ഒമ്രി യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടത പ്രവർത്തിച്ചു; തനിക്കു മുമ്പു ഭരണം നടത്തിയിരുന്ന ആരെക്കാളും അധികം തിന്മ അദ്ദേഹം പ്രവർത്തിച്ചു. 26നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ മാർഗങ്ങളിലും അദ്ദേഹം ഇസ്രായേലിനെക്കൊണ്ട് പ്രവർത്തിപ്പിച്ച എല്ലാ പാപങ്ങളിലും സഞ്ചരിക്കുകയും ചെയ്തു. അങ്ങനെ, തങ്ങളുടെ മിഥ്യാമൂർത്തികളെ ആരാധിച്ച് അവർ ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

27ഒമ്രിയുടെ ഭരണകാലത്തെ മറ്റു സംഭവങ്ങൾ, അദ്ദേഹത്തിന്റെ പ്രവൃത്തികൾ, പരാക്രമപ്രവൃത്തികൾ എന്നിവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 28ഒമ്രി നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ശമര്യയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആഹാബ് തുടർന്നു ഭരണം ഏറ്റെടുത്തു.

ആഹാബ് ഇസ്രായേൽരാജാവായിത്തീരുന്നു

29യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാംവർഷം ഒമ്രിയുടെ മകനായ ആഹാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം, ഇരുപത്തിരണ്ടു വർഷം ശമര്യയിൽ ഇസ്രായേലിനെ ഭരിച്ചു. 30ഒമ്രിയുടെ മകനായ ആഹാബ്, തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളുമധികം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. 31അദ്ദേഹം, നെബാത്തിന്റെ മകനായ യൊരോബെയാം ചെയ്ത തിന്മകളെല്ലാം പ്രവർത്തിക്കുന്നത് നിസ്സാരവൽക്കരിച്ചുക്കൊണ്ട് സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസബേലിനെ വിവാഹംകഴിക്കുകയും ബാൽപ്രതിഷ്ഠയെ സേവിക്കുകയും അതിനെ ആരാധിക്കുകയും ചെയ്തു. 32ആഹാബ് ശമര്യയിൽ നിർമിച്ച ബാൽക്ഷേത്രത്തിൽ ബാലിന് ഒരു ബലിപീഠവും 33ഒരു അശേരാപ്രതിഷ്ഠയും സ്ഥാപിച്ചു. അങ്ങനെ, തന്റെ മുൻഗാമികളായ സകല ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അദ്ദേഹം കോപിപ്പിച്ചു.

34ആഹാബിന്റെ ഭരണകാലത്ത് ബേഥേല്യനായ ഹീയേൽ യെരീഹോനഗരം പുനർനിർമിച്ചു. നൂന്റെ മകനായ യോശുവ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനപ്രകാരം; അതിന്റെ അടിസ്ഥാനമിട്ടപ്പോൾ അദ്ദേഹത്തിന്റെ ആദ്യജാതൻ അബീരാമും അതിന്റെ കവാടം ഉറപ്പിച്ചപ്പോൾ ഏറ്റവും ഇളയപുത്രൻ സെഗൂബും നഷ്ടപ്പെട്ടു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.