‏ 2 Kings 4

വിധവയുടെ എണ്ണ

1പ്രവാചകഗണത്തിലെ ഒരുവന്റെ വിധവ എലീശയുടെ അടുക്കൽവന്നു ബോധിപ്പിച്ചത്: “യജമാനനേ! അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചുപോയി. അദ്ദേഹം യഹോവാഭക്തനായിരുന്നെന്ന് അങ്ങേക്കറിയാമല്ലോ. എന്നാൽ, അദ്ദേഹത്തിനു പണം കടംകൊടുത്ത ആൾ എന്റെ രണ്ട് ആൺമക്കളെയും ഇപ്പോൾത്തന്നെ അടിമകളാക്കാൻ ശ്രമിക്കുന്നു.”

2എലീശ അവളോട്: “നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യേണം? പറയൂ, നിന്റെ വീട്ടിൽ എന്തുണ്ട്?” എന്നു ചോദിച്ചു.

“ഒരു കുപ്പി ഒലിവെണ്ണയല്ലാതെ അവിടത്തെ ദാസിയുടെ ഭവനത്തിൽ മറ്റു യാതൊന്നുമില്ല,” എന്ന് അവൾ മറുപടി പറഞ്ഞു.

3എലീശാ പറഞ്ഞു: “നിന്റെ അയൽക്കാരുടെ അടുക്കൽപോയി കഴിയുന്നത്രയും ഒഴിഞ്ഞ പാത്രങ്ങൾ കടംവാങ്ങുക; പാത്രങ്ങൾ കുറവായിപ്പോകരുത്. 4പിന്നെ, നീയും മക്കളും അകത്തു പ്രവേശിച്ച് വാതിലടയ്ക്കുക; അതിനുശേഷം, ഓരോ പാത്രത്തിലേക്കും കുപ്പിയിലുള്ള ഒലിവെണ്ണ പകരുക; ഓരോന്നും നിറയുമ്പോൾ അവ ഒരു ഭാഗത്തേക്ക് മാറ്റിവെക്കുക.”

5അവൾ അദ്ദേഹത്തിന്റെ അടുത്തുനിന്നു പോയി, മക്കളെയുംകൂട്ടി അകത്തുകടന്നു വാതിലടച്ചു. കുട്ടികൾ പാത്രങ്ങൾ എടുത്തുകൊടുത്തുകൊണ്ടും അവൾ എണ്ണ പകർന്നുകൊണ്ടുമിരുന്നു. 6പാത്രങ്ങളെല്ലാം നിറഞ്ഞപ്പോൾ “വേറെ ഒരെണ്ണംകൂടി കൊണ്ടുവരിക,” എന്ന് അവൾ തന്റെ മകനോടു പറഞ്ഞു.

“ഇനിയും ഒരുപാത്രംപോലുമില്ല,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ എണ്ണയുടെ പ്രവാഹവും നിലച്ചു.

7അവൾ ചെന്ന് ദൈവപുരുഷനോടു വിവരം പറഞ്ഞു. “പോയി എണ്ണ വിറ്റ് നിന്റെ കടങ്ങൾവീട്ടുക. ശേഷിക്കുന്നതുകൊണ്ട് നിനക്കും മക്കൾക്കും ഉപജീവനം കഴിക്കാം,” എന്ന് അദ്ദേഹം പറഞ്ഞു.

ശൂനേംകാരിയുടെ മകൻ പുനർജീവിക്കുന്നു

8ഒരിക്കൽ എലീശ ശൂനേമിലേക്കു പോയി. അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അദ്ദേഹത്തെ ഒരുനേരത്തെ ഭക്ഷണത്തിനു തന്റെ വീട്ടിൽ ചെല്ലാൻ നിർബന്ധിച്ചു. പിന്നീട് അദ്ദേഹം അതുവഴി പോകുമ്പോഴൊക്കെ ഭക്ഷണത്തിനായി അവരുടെ ഭവനത്തിൽ കയറുമായിരുന്നു. 9അവൾ തന്റെ ഭർത്താവിനോട്: “ഇതുവഴിയായി കൂടെക്കൂടെ വരുന്ന ഇദ്ദേഹം വിശുദ്ധനായ ഒരു ദൈവപുരുഷനാണെന്നു ഞാൻ മനസ്സിലാക്കുന്നു. 10നമുക്ക് നമ്മുടെ മട്ടുപ്പാവിൽ ഒരു ചെറിയ മുറി ഉണ്ടാക്കി അതിൽ ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ഒരു നിലവിളക്കും വെക്കാം. അപ്പോൾ അദ്ദേഹത്തിനു നമ്മുടെ അടുത്തു വരുമ്പോഴൊക്കെ അവിടെ പാർക്കാമല്ലോ” എന്നു പറഞ്ഞു.

11ഒരു ദിവസം എലീശാ വന്നപ്പോൾ അദ്ദേഹം മുകളിൽ തന്റെ മുറിയിൽ പോയി അവിടെ കിടന്നു. 12അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോട്, “ശൂനേംകാരിയെ വിളിക്കുക” എന്നു പറഞ്ഞു. അയാൾ അവളെ വിളിച്ചു; അവൾ വന്ന് എലീശായുടെമുമ്പാകെ നിന്നു. 13എലീശാ തന്റെ ഭൃത്യനോട്, “ ‘നീ ഞങ്ങൾക്കുവേണ്ടി ഇത്രമാത്രം ബുദ്ധിമുട്ടു സഹിക്കുന്നല്ലോ! ഞങ്ങൾ നിനക്ക് എന്തു ചെയ്തുതരണം? ഞങ്ങൾ നിനക്കുവേണ്ടി രാജാവിനോടോ സേനാധിപതിയോടോ സംസാരിക്കേണ്ടതുണ്ടോ?’ എന്നു ചോദിക്കുക” എന്നു പറഞ്ഞു.

“അടിയൻ സ്വജനങ്ങൾക്കിടയിൽ പാർക്കുന്നു,”
സ്വജനങ്ങൾക്കിടയിൽ പാർക്കുന്നു, വിവക്ഷിക്കുന്നത് എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നു.
എന്ന് അവൾ മറുപടി പറഞ്ഞു.

14“അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” എന്ന് എലീശാ വീണ്ടും ചോദിച്ചു.

“അവൾക്ക് മകനില്ല; അവളുടെ ഭർത്താവ് വൃദ്ധനുമാണ്,” എന്ന് ഗേഹസി മറുപടി പറഞ്ഞു.

15അപ്പോൾ എലീശാ, “അവളെ വിളിക്കുക” എന്നു കൽപ്പിച്ചു. ഗേഹസി അവളെ വിളിച്ചു; അവൾ വന്നു വാതിൽക്കൽ നിന്നു. 16എലീശാ അവളോടു പറഞ്ഞു: “അടുത്തവർഷം ഈ സമയമാകുമ്പോഴേക്കും നിനക്ക് മാറോടണച്ച് ഓമനിക്കാൻ ഒരു മകൻ ഉണ്ടായിരിക്കും.”

“അരുതേ! ദൈവപുരുഷനായ എന്റെ യജമാനനേ, അവിടത്തെ ദാസിയോടു വ്യാജം സംസാരിക്കരുതേ!” എന്ന് അവൾ പറഞ്ഞു.

17എന്നാൽ ആ സ്ത്രീ ഗർഭിണിയായി. എലീശ പറഞ്ഞതുപോലെ, പിറ്റേവർഷം ആ സമയം ആയപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു.

18ബാലൻ വളർന്നുവന്നു. ഒരു ദിവസം അവൻ വയലിൽ കൊയ്ത്തുകാരോടുകൂടെ ആയിരുന്ന തന്റെ പിതാവിന്റെ അടുത്തേക്കുചെന്നു. 19“എന്റെ തല! എന്റെ തല!” എന്ന് അവൻ പിതാവിനോടു നിലവിളിച്ചു പറഞ്ഞു.

അവന്റെ പിതാവ് ഒരു ഭൃത്യനെ വിളിച്ച്, “ഇവനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു.
20ഭൃത്യൻ ബാലനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുചെന്ന് ആക്കിയതിനുശേഷം ഉച്ചവരെ അവൻ അമ്മയുടെ മടിയിൽ ഇരുന്നു; പിന്നെ മരിച്ചുപോയി. 21അവൾ ബാലനെ മുകളിൽ കൊണ്ടുപോയി ദൈവപുരുഷന്റെ കിടക്കയിൽ കിടത്തി. പിന്നെ അവൾ വാതിലടച്ചു വെളിയിൽ വന്നു.

22അവൾ തന്റെ ഭർത്താവിനെ വിളിച്ച്, “എനിക്കു വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ ചെന്നിട്ടു മടങ്ങിവരേണ്ടതിനു ഭൃത്യന്മാരിൽ ഒരുവനെയും ഒരു കഴുതയെയും അയച്ചുതന്നാലും!” എന്നു പറഞ്ഞു.

23“നീ ഇന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് എന്തിനു പോകുന്നു? ഇന്ന് അമാവാസിയോ ശബ്ബത്തോ അല്ലല്ലോ,” എന്ന് അയാൾ പറഞ്ഞു.

“അതിൽ കുഴപ്പമില്ല,” എന്ന് അവൾ പറഞ്ഞു.

24അവൾ കഴുതയ്ക്കു കോപ്പിട്ട് തന്റെ ഭൃത്യനോട്, “തെളിച്ചു വിട്ടുകൊള്ളൂ. ഞാൻ പറയാതെ വേഗം കുറയ്ക്കരുത്” എന്നു പറഞ്ഞു. 25അങ്ങനെ അവൾ പുറപ്പെട്ടു കർമേൽമലയിൽ ദൈവപുരുഷന്റെ അടുക്കലെത്തി.

അവളെ ദൂരത്തു കണ്ടപ്പോൾ ദൈവപുരുഷൻ തന്റെ ഭൃത്യനായ ഗേഹസിയോട്: “നോക്കൂ! അതാ, ശൂനേംകാരി!
26ഓടിച്ചെന്ന് അവളെക്കണ്ട്, ‘നിനക്കു ക്ഷേമംതന്നെയോ? നിന്റെ ഭർത്താവ് സുഖമായിരിക്കുന്നോ? നിന്റെ കുഞ്ഞും സുഖമായിരിക്കുന്നോ?’ എന്നു ചോദിക്കുക” എന്നു പറഞ്ഞു.

“എല്ലാവർക്കും സുഖംതന്നെ,” എന്ന് അവൾ മറുപടി പറഞ്ഞു.

27അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ കെട്ടിപ്പിടിച്ചു. അവളെ പിടിച്ചുമാറ്റുന്നതിനായി ഗേഹസി വന്നു. അപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക! അവൾക്കു കഠിനമായ ദുഃഖമുണ്ട്. എന്നാൽ യഹോവ അത് എന്നെ അറിയിക്കാതെ മറച്ചുവെച്ചിരിക്കുന്നു” എന്നു പറഞ്ഞു.

28“ഞാൻ അങ്ങയോട് ഒരു മകനെ ചോദിച്ചിരുന്നോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ?” എന്ന് അവൾ പറഞ്ഞു.

29എലീശാ ഗേഹസിയോട്: “നിന്റെ അര മുറുക്കി എന്റെ വടിയും കൈയിലെടുത്തു കൊണ്ടുപോകുക. നീ ആരെയെങ്കിലും കണ്ടാൽ അഭിവാദനം ചെയ്യരുത്, ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താൽ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി ബാലന്റെ മുഖത്ത് വെക്കുക” എന്നു പറഞ്ഞു.

30എന്നാൽ കുട്ടിയുടെ അമ്മ അദ്ദേഹത്തോട്: “യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു. അതിനാൽ എലീശാ എഴുന്നേറ്റ് അവളോടുകൂടെ പോയി.

31ഗേഹസി മുമ്പേപോയി, വടി ബാലന്റെ മുഖത്തു വെച്ചു. എന്നാൽ യാതൊരു ശബ്ദമോ പ്രതികരണമോ ഉണ്ടായില്ല. അതിനാൽ അയാൾ എലീശയെക്കണ്ട്, “ബാലൻ ഉണർന്നിട്ടില്ല” എന്നവിവരം പറയുന്നതിനായി മടങ്ങി.

32എലീശാ ആ ഭവനത്തിൽ എത്തിയപ്പോൾ തന്റെ കിടക്കയിൽ ബാലൻ മരിച്ചുകിടക്കുകയായിരുന്നു. 33അദ്ദേഹം മുറിയിൽക്കടന്ന് വാതിലടച്ചു. താനും ബാലനുംമാത്രം മുറിക്കുള്ളിലായിരുന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. 34പിന്നെ അദ്ദേഹം കിടക്കയിൽക്കയറി ബാലന്റെമേൽ കിടന്നു—മുഖത്തോടു മുഖവും കണ്ണോടു കണ്ണും കൈയോടു കൈയും ചേർത്ത് അദ്ദേഹം ബാലന്റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു. 35എലീശാ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അദ്ദേഹം വീണ്ടും ബാലന്റെമേൽ കമിഴ്ന്നുകിടന്നു. ബാലൻ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു.

36എലീശാ ഗേഹസിയെ വിളിച്ച്, “ശൂനേംകാരിയെ വിളിക്കുക” എന്നു കൽപ്പിച്ചു. അയാൾ അപ്രകാരംചെയ്തു. അവൾ വന്നപ്പോൾ അദ്ദേഹം: “നിന്റെ മകനെ ഏറ്റുവാങ്ങിക്കൊൾക” എന്നു പറഞ്ഞു. 37അവൾ അകത്തുവന്ന് അദ്ദേഹത്തിന്റെ പാദത്തിൽ വീണ് സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ അവൾ തന്റെ മകനെയും എടുത്തുകൊണ്ടുപോയി.

കലത്തിൽ മരണം

38എലീശാ ഗിൽഗാലിലേക്കു മടങ്ങി. അക്കാലത്ത് അവിടെ ഒരു ക്ഷാമമുണ്ടായി. പ്രവാചകശിഷ്യന്മാർ അദ്ദേഹത്തിന്റെമുമ്പിൽ ഇരിക്കുമ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട്: “വലിയ കലം അടുപ്പത്തുവെച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു.

39ഭൃത്യന്മാരിലൊരാൾ ചീര പറിക്കാൻ വയലിലേക്കുപോയി. അയാൾ ഒരു കാട്ടുവള്ളി കണ്ടു; അതിന്റെ കായ്കൾ മടി നിറയെ പറിച്ചുകൊണ്ടുവന്നു. അയാൾ മടങ്ങിവന്ന് ആ കായ്കൾ അരിഞ്ഞ് കലത്തിലെ പായസത്തിലിട്ടു. അതെന്താണെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു. 40അവർ അത് ആളുകൾക്കു വിളമ്പി. അവർ പായസം കുടിച്ചുതുടങ്ങിയപ്പോൾ “ദൈവപുരുഷാ, കലത്തിൽ മരണം!” എന്നു പറഞ്ഞ് നിലവിളിച്ചു. അതു കുടിക്കാൻ അവർക്കു കഴിഞ്ഞില്ല.

41“കുറച്ച് മാവ് കൊണ്ടുവരിക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം അതു കലത്തിലിട്ടു. “ഇനി ഇത് ആളുകൾക്കു വിളമ്പിക്കൊടുക്കുക,” എന്നു പറഞ്ഞു. പിന്നെ ഹാനികരമായ യാതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.

നൂറുപേർക്കു ഭക്ഷണം നൽകുന്നു

42ബാൽ-ശാലീശയിൽനിന്ന് ഒരു മനുഷ്യൻ എലീശയുടെ അടുക്കൽവന്നു. അയാൾ തന്റെ ആദ്യവിളവായ ധാന്യംകൊണ്ട് ഇരുപതു യവത്തപ്പവും കുറച്ചു മലരും ദൈവപുരുഷനു കാഴ്ചയായി കൊണ്ടുവന്നിരുന്നു. “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക!” എന്ന് എലീശാ കൽപ്പിച്ചു.

43“ഞാനിതെങ്ങനെ നൂറുപേർക്കു വിളമ്പും?” എന്ന് അദ്ദേഹത്തിന്റെ ഭൃത്യൻ ചോദിച്ചു.

എലീശാ പിന്നെയും: “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക; ‘അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
44അതിനുശേഷം അയാൾ അത് അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ അരുളപ്പാടുപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.