‏ 2 Samuel 17

1അതിനുശേഷം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ പന്തീരായിരം പടയാളികളെ തെരഞ്ഞെടുത്ത് അവരുമായി ഇന്നുരാത്രിതന്നെ ദാവീദിനെ പിൻതുടർന്ന് പുറപ്പെടാം.
അഥവാ, പുറപ്പെടട്ടെ
2അദ്ദേഹം ക്ഷീണിതനും ബലഹീനനുമായിരിക്കുന്ന തക്കത്തിന് ഞാൻ അവരെ ആക്രമിച്ച് ഭയപ്പെടുത്തും. അപ്പോൾ കൂടെയുള്ളവർ ഓടിപ്പോകും. ഞാൻ രാജാവിനെമാത്രം വെട്ടിക്കളയും, 3അങ്ങനെ ജനത്തെ മുഴുവൻ ഞാൻ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യാം. അങ്ങ് തെരയുന്ന മനുഷ്യന്റെ മരണം, എല്ലാവരും ഹാനിയൊന്നുംകൂടാതെ തിരിച്ചുവരാൻ കാരണമാകുമല്ലോ.” 4ഈ ഉപദേശം അബ്ശാലോമിനും സകല ഇസ്രായേൽ ഗോത്രത്തലവന്മാർക്കും ബോധിച്ചു.

5“അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവൻ എന്തുപറയുന്നു എന്നു നമുക്കു കേൾക്കാമല്ലോ,” എന്ന് അബ്ശാലോം പറഞ്ഞു. 6ഹൂശായി വന്നെത്തിയപ്പോൾ അബ്ശാലോം അയാളോടു പറഞ്ഞു: “അഹീഥോഫെൽ ഈ വിധം ഉപദേശിക്കുന്നു; അയാൾ പറഞ്ഞതുപോലെയല്ലേ നാം ചെയ്യേണ്ടത്? അതല്ലെങ്കിൽ താങ്കളുടെ ഉപദേശം എന്താണ്?”

7ഹൂശായി അബ്ശാലോമിനോടു മറുപടി പറഞ്ഞു: “അഹീഥോഫെൽ നൽകിയിരിക്കുന്ന ഉപദേശം ഈ അവസരത്തിനു പറ്റിയതല്ല. 8അങ്ങയുടെ പിതാവിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അങ്ങേക്ക് അറിയാമല്ലോ! അവർ യോദ്ധാക്കളാണ്; കുട്ടികൾ അപഹരിക്കപ്പെട്ട കാട്ടുകരടിയെപ്പോലെ അവർ അതിഭീഷണരുമാണ്. അതും കൂടാതെ, അങ്ങയുടെ പിതാവ് ഒരു യുദ്ധവിദഗ്ദ്ധനാണ്; അദ്ദേഹം പടയാളികളോടൊപ്പം രാത്രി കഴിക്കുകയില്ല. 9ഇപ്പോൾത്തന്നെ അദ്ദേഹം ഒരു ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും. ഒരുപക്ഷേ, ആദ്യത്തെ അക്രമത്തിൽത്തന്നെ അദ്ദേഹം ഇവരുടെമേൽ ചാടിവീണാൽ കേൾക്കുന്നവരെല്ലാം, ‘അബ്ശാലോമിനെ അനുഗമിച്ച പടയാളികളിൽ ഒരുകൂട്ടക്കൊല നടന്നിരിക്കുന്നു’ എന്നു പറയും. 10അപ്പോൾ സിംഹത്തെപ്പോലെ ഹൃദയമുള്ള ധീരരായ ഭടന്മാർപോലും ഭയത്താൽ ഉരുകിപ്പോകും; കാരണം, അങ്ങയുടെ പിതാവ് ഒരു വീരനും അദ്ദേഹത്തോടുകൂടെയുള്ളവർ ശൂരന്മാരുമാണെന്ന് എല്ലാ ഇസ്രായേലിനും അറിയാമല്ലോ.

11“അതിനാൽ എന്റെ ഉപദേശം ഇതാണ്: ദാൻമുതൽ ബേർ-ശേബാവരെയുള്ള—കടൽക്കരയിലെ മണൽപോലെ അസംഖ്യമായുള്ള—ഇസ്രായേലെല്ലാം അങ്ങയുടെ അടുത്തു കൂടിവരട്ടെ! അങ്ങുതന്നെ അവരെ യുദ്ധത്തിനു നയിക്കണം. 12അപ്പോൾ ദാവീദിനെ എവിടെവെച്ച് കണ്ടാലും, മഞ്ഞു ഭൂമിയിൽ പൊഴിക്കുന്നതുപോലെ, നമുക്ക് അദ്ദേഹത്തിന്റെമേൽ ചെന്നുവീഴാം. അദ്ദേഹമോ അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലുമോ ജീവനോടെ ശേഷിക്കുകയുമില്ല. 13ഇനിയും, ഒരുപക്ഷേ, അവർ ഏതെങ്കിലും നഗരത്തിലേക്കു പിൻവാങ്ങുകയാണെങ്കിൽ സകല ഇസ്രായേലുംചേർന്ന് ആ നഗരത്തെ കയറുകെട്ടിവലിച്ച് അതിന്റെ ഒരു ചെറുകഷണംപോലും കാണാതാകുന്നതുവരെ അതിനെ നദിയിൽ വലിച്ചിട്ടു കളയാം.”

14“അഹീഥോഫെലിന്റെ ഉപദേശത്തെക്കാൾ അർഖ്യനായ ഹൂശായിയുടെ ഉപദേശം കൊള്ളാം,” എന്ന് അബ്ശാലോമും സകല ഇസ്രായേലും പറഞ്ഞു. അഹീഥോഫെലിന്റെ നല്ല ആലോചന നിഷ്ഫലമാക്കാനും അങ്ങനെ അബ്ശാലോമിനു സർവനാശം വരുത്താനും യഹോവ നിർണയിച്ചിരുന്നു.

15അതിനുശേഷം ഹൂശായി പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ചെന്നു. “അബ്ശാലോമിനും ഇസ്രായേൽ ഗോത്രത്തലവന്മാർക്കും അഹീഥോഫെൽ ഇന്നപ്രകാരം ഉപദേശം നൽകി; എന്നാൽ ഞാനാകട്ടെ, ഇങ്ങനെയെല്ലാമാണ് ഉപദേശിച്ചത്,” എന്ന് അവരോടു പറഞ്ഞു. 16അദ്ദേഹം തുടർന്നു: “ഇപ്പോൾത്തന്നെ വേഗത്തിൽ സന്ദേശമയച്ച് ദാവീദിനോടു പറയിക്കുക. ‘മരുഭൂമിയിലെ കടവിങ്കൽ രാത്രി കഴിച്ചുകൂട്ടരുത്, പെട്ടെന്ന് നദികടന്നു പോകുക; വീഴ്ചവരുത്തരുത്. അല്ലെങ്കിൽ രാജാവും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും സംഹരിക്കപ്പെടും.’ ”

17യോനാഥാനും അഹീമാസിനും പട്ടണത്തിൽ പ്രവേശിച്ചിട്ട് പുറത്തുപോകുക സാധ്യമായിരുന്നില്ല. അതിനാൽ അവർ ഏൻ-രോഗേലിനരികെ കാത്തുനിൽക്കുകയായിരുന്നു. ഒരു വേലക്കാരി ചെന്ന് അവരോടു വിവരം പറയുകയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യുന്നതിനായി ക്രമീകരണം നടത്തിയിരുന്നു. 18എന്നാൽ ഈ പ്രാവശ്യം ഒരു ചെറുപ്പക്കാരൻ അവരെ കാണുകയും അബ്ശാലോമിനെ വിവരം അറിയിക്കുകയും ചെയ്തു. അതിനാൽ അവരിരുവരും വേഗം ബഹൂരീമിൽ ഒരുവന്റെ വീട്ടിൽച്ചെന്നു കയറി. അയാളുടെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു. അവർ അതിൽ ഇറങ്ങിയിരുന്നു. 19അയാളുടെ ഭാര്യ ഒരു മൂടുവിരിയെടുത്ത് കിണറിന്റെ വായ് മൂടിയശേഷം അതിന്മേൽ ധാന്യം ഉണക്കാനായി നിരത്തി. സംഗതികളെപ്പറ്റി ആർക്കും യാതൊരറിവും ലഭിച്ചിരുന്നില്ല.

20അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്ന്, “അഹീമാസും യോനാഥാനും എവിടെ?” എന്നു സ്ത്രീയോടു ചോദിച്ചു.

“അവർ തോടു കടന്നുപോയി,” എന്നു സ്ത്രീ മറുപടി പറഞ്ഞു. ആ ഭൃത്യന്മാർ പിറകേ ചെന്നു തെരഞ്ഞെങ്കിലും ആരെയും കാണായ്കയാൽ ജെറുശലേമിലേക്കു മടങ്ങിപ്പോയി.

21ആ ഭൃത്യന്മാർ പോയിക്കഴിഞ്ഞപ്പോൾ അഹീമാസും യോനാഥാനും കിണറ്റിൽനിന്നു കയറി; ദാവീദുരാജാവിനെ വിവരം അറിയിക്കാനായി പോകുകയും ചെയ്തു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഉടനടി പുറപ്പെട്ട് നദികടന്നു പോയാലും! അഹീഥോഫെൽ ഇന്നയിന്നവിധത്തിൽ അങ്ങേക്കെതിരായി ഉപദേശം കൊടുത്തിരിക്കുന്നു.” 22അതിനാൽ ദാവീദും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും രാത്രിയിൽത്തന്നെ യോർദാൻ കടന്നു. നേരം പുലരുമ്പോൾ യോർദാൻ കടക്കാത്ത യാതൊരുവനും ഉണ്ടായിരുന്നില്ല.

23തന്റെ ഉപദേശം അവർ സ്വീകരിച്ചില്ല എന്നുകണ്ടപ്പോൾ അഹീഥോഫെൽ തന്റെ കഴുതയ്ക്ക് കോപ്പിട്ട് സ്വന്തം നഗരത്തിലുള്ള വീട്ടിലേക്കു പോയി. അവിടെച്ചെന്ന് തന്റെ ഗൃഹകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം അയാൾ തൂങ്ങിമരിച്ചു. അയാളുടെ പിതാവിന്റെ കല്ലറയിൽ അയാളെ അടക്കംചെയ്തു.

അബ്ശാലോമിന്റെ മരണം

24ദാവീദ് മഹനയീമിലേക്കുപോയി. അബ്ശാലോം ഇസ്രായേലിന്റെ സകലസൈന്യങ്ങളുമായി യോർദാൻ കടന്നു. 25യോവാബിനു പകരം അമാസയെ അബ്ശാലോം സൈന്യാധിപനായി അവരോധിച്ചിരുന്നു. അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗയിലിനെ യേഥെർ
യിത്രാ, യേഥെർ എന്നതിന്റെ മറ്റൊരുരൂപം.
എന്ന യിശ്മായേല്യൻ
1 ദിന. 2:17 കാണുക. ചി.കൈ.പ്ര. ഇസ്രായേല്യൻ
വിവാഹംചെയ്തിട്ട് ഉണ്ടായ മകനായിരുന്നു.
26ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദ് ദേശത്തു താവളമടിച്ചു.

27ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകനായ ശോബിയും ലോ-ദേബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീറും രോഗെലീമിൽനിന്ന് ഗിലെയാദ്യനായ ബർസില്ലായിയും 28കിടക്കകളും തളികകളും മൺപാത്രങ്ങളും കൊണ്ടുവന്നു. ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുന്നതിനായി അവർ ഗോതമ്പ്, യവം, ധാന്യമാവ്, മലർ, അമരക്കായ്, പയർ, 29തേൻ, തൈര്, ആട്, പശുവിൻ പാൽക്കട്ടി എന്നിവകൂടി കൊണ്ടുവന്നിരുന്നു. “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുന്നല്ലോ,” എന്ന് അവർ പറഞ്ഞു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.