‏ 2 Samuel 1

ദാവീദ് ശൗലിന്റെ മരണവാർത്ത കേൾക്കുന്നു

1ശൗലിന്റെ മരണശേഷം അമാലേക്യരെ തോൽപ്പിച്ചു മടങ്ങിയെത്തിയ ദാവീദ് തുടർന്നുള്ള രണ്ടു ദിവസങ്ങൾ സിക്ലാഗിൽ താമസിച്ചു. 2മൂന്നാംദിവസം ശൗൽ യുദ്ധംചെയ്തുകൊണ്ടിരുന്ന പാളയത്തിൽനിന്ന് ഒരു മനുഷ്യൻ ദുഃഖസൂചകമായി വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ഓടിയെത്തി. ദാവീദിന്റെ മുമ്പിലെത്തി അയാൾ അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു.

3“നീ എവിടെനിന്നു വരുന്നു,” എന്നു ദാവീദ് ചോദിച്ചു.

“ഞാൻ ഇസ്രായേല്യരുടെ പാളയത്തിൽനിന്നു രക്ഷപ്പെട്ടു വരികയാണ്,” എന്ന് അയാൾ മറുപടി പറഞ്ഞു.

4“എന്താണു സംഭവിച്ചത്? എന്നോടു പറയുക,” എന്നു ദാവീദ് കൽപ്പിച്ചു.

ആ മനുഷ്യൻ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അവരിൽ അനേകർ മരിച്ചുവീണു; ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി!”

5ദാവീദ് ആ ചെറുപ്പക്കാരനോട്: “ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി എന്നവിവരം നീ എങ്ങനെ അറിഞ്ഞു?” എന്നു ചോദിച്ചു.

6അയാൾ മറുപടി പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവാ മലയിലെത്താനിടയായി. അവിടെ ശൗൽ തന്റെ കുന്തം ഊന്നി അതിന്മേൽ ചാരിനിന്നിരുന്നു. തേരുകളും കുതിരപ്പടയും അദ്ദേഹത്തിന്റെ നേരേ പാഞ്ഞ് അടുക്കുകയായിരുന്നു. 7അദ്ദേഹം പിന്നിലേക്കു തിരിഞ്ഞുനോക്കി, എന്നെ കണ്ടു; എന്നെ വിളിച്ചു. ‘അടിയൻ ഇതാ,’ എന്നു ഞാൻ ഉത്തരം പറഞ്ഞു.

8“ ‘നീ ആര്?’ അദ്ദേഹം എന്നോടു ചോദിച്ചു.”

“ ‘ഒരു അമാലേക്യൻ,’ എന്നു ഞാൻ മറുപടി പറഞ്ഞു.

9“അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘എന്നോടടുത്തുവന്നു നിൽക്കുക; എന്നെ കൊല്ലുക! ഞാൻ മരണത്തിന്റെ അതിവേദനയിൽ ആണ്; എന്നിട്ടും ജീവൻ അറ്റുപോകുന്നില്ല.’

10“അതുകേട്ടു ഞാൻ അടുത്തുചെന്ന് അദ്ദേഹത്തെ കൊന്നു. തന്റെ വീഴ്ചയ്ക്കുശേഷം അദ്ദേഹം പിന്നെ ജീവിക്കുകയില്ല എന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം തലയിൽ അണിഞ്ഞിരുന്ന കിരീടവും കൈയിൽ അണിഞ്ഞിരുന്ന വളയും ഞാനെടുത്ത് എന്റെ യജമാനനായ അങ്ങേക്കുവേണ്ടി ഇതാ കൊണ്ടുവന്നിരിക്കുന്നു.”

11അപ്പോൾ ദാവീദും കൂടെയുണ്ടായിരുന്ന സകലരും തങ്ങളുടെ വസ്ത്രം പറിച്ചുകീറി. 12അവർ ശൗലിനെയും അദ്ദേഹത്തിന്റെ മകൻ യോനാഥാനെയും യഹോവയുടെ സൈന്യത്തെയും ഇസ്രായേൽ രാഷ്ട്രത്തെയുംകുറിച്ച്—അവർ വാളാൽ വീണുപോയതുകൊണ്ട്—കരഞ്ഞു വിലപിച്ചു സന്ധ്യവരെ ഉപവസിച്ചു.

13വസ്തുത വന്നറിയിച്ച ആ ചെറുപ്പക്കാരനോട്, “നീ എവിടത്തുകാരൻ?” എന്നു ദാവീദ് ചോദിച്ചു.

“ഒരു അന്യദേശക്കാരന്റെ മകൻ; അമാലേക്യൻ,” എന്ന് അയാൾ മറുപടി പറഞ്ഞു.

14ദാവീദ് അയാളോടു ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ നശിപ്പിക്കുന്നതിനുവേണ്ടി സ്വന്തം കരമുയർത്താൻ നീ ഭയപ്പെടാതിരുന്നതെന്തുകൊണ്ട്?”

15അതിനുശേഷം ദാവീദ് തന്റെ ഭൃത്യന്മാരിൽ ഒരുവനെ വിളിച്ച്, “ചെന്ന് അവനെ വെട്ടിക്കളയുക!” എന്ന് ആജ്ഞാപിച്ചു. അയാൾ ചെന്ന് ആ അമാലേക്യനെ വെട്ടിവീഴ്ത്തി; അയാൾ മരിച്ചു. 16ദാവീദ് അവനോട്, “ ‘യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു,’ എന്നു നീ നിന്റെ സ്വന്തം വാകൊണ്ട് നിനക്കെതിരേ സാക്ഷ്യം പറഞ്ഞിരിക്കയാൽ, നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കട്ടെ!” എന്നു പറഞ്ഞിരുന്നു.

ശൗലിനെയും യോനാഥാനെയുംകുറിച്ച് ദാവീദിന്റെ വിലാപം

17ശൗലിനെയും അദ്ദേഹത്തിന്റെ മകനായ യോനാഥാനെയുംകുറിച്ചു ദാവീദ് ഇപ്രകാരം ഒരു വിലാപഗാനം ആലപിച്ചു. 18വിലാപത്തിന്റെ ഈ ധനുർഗീതം യെഹൂദാജനതയെ അഭ്യസിപ്പിക്കണമെന്ന് അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഈ ഗീതം യാശാരിന്റെ ഗ്രന്ഥത്തിൽ
അഥവാ, നീതിനിഷ്ഠരുടെ ഗ്രന്ഥത്തിൽ
എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു:

19“ഇസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ വീണുപോയി;
വീരന്മാർ വീണുപോയതെങ്ങനെ!

20“ഗത്തിൽ അതു പ്രസ്താവിക്കരുത്,
അസ്കലോൻ തെരുവീഥികളിൽ അതു പ്രസിദ്ധമാക്കരുത്;
ഫെലിസ്ത്യകന്യകമാർ ആനന്ദിക്കാതിരിക്കട്ടെ;
പരിച്ഛേദനമേൽക്കാത്തവരുടെ പുത്രിമാർ ആഹ്ലാദിക്കാതെയുമിരിക്കട്ടെ.

21“ഗിൽബോവ ഗിരിനിരകളേ,
നിങ്ങളിൽ മഞ്ഞും മഴയും പെയ്യാതെപോകട്ടെ,
തട്ടുതട്ടായ വയലുകളും
അഥവാ, യാഗങ്ങൾക്കുള്ള ധാന്യം വിളയുന്ന വയലുകളും
നിങ്ങളിൽ ഇല്ലാതെപോകട്ടെ.
കാരണം, ബലശാലിയുടെ പരിച അവിടെവെച്ചല്ലോ നിന്ദിക്കപ്പെട്ടത്,
ശൗലിന്റെ പരിചതന്നെ—ഇനിയൊരിക്കലും അതിൽ എണ്ണപൂശി മിനുക്കുകയില്ല.

22“നിഹതന്മാരുടെ രക്തത്തിൽനിന്ന്,
അതേ, ശക്തന്മാരുടെ മാംസത്തിൽനിന്ന്,
യോനാഥാന്റെ വില്ലു പിന്തിരിഞ്ഞിട്ടില്ല.
ശൗലിന്റെ വാൾ തൃപ്തിവരാതെ പിൻവാങ്ങിയിട്ടുമില്ല.
23ശൗലും യോനാഥാനും;
അവർ സ്നേഹശാലികളും കരുണാപൂർണരുമായിരുന്നു.
മരണത്തിലും അവർ വേർപിരിഞ്ഞില്ല!
അവർ കഴുകന്മാരിലും വേഗമേറിയവർ,
സിംഹങ്ങളിലും ബലശാലികൾതന്നെ!

24“ഇസ്രായേൽപുത്രിമാരേ,
ശൗലിനെച്ചൊല്ലി കരയുവിൻ!
അദ്ദേഹം നിങ്ങളെ മോടിയായി രക്താംബരം അണിയിക്കുകയും
നിങ്ങളുടെ വസ്ത്രങ്ങളിൽ സ്വർണാഭരണങ്ങൾ അണിയിക്കുകയും ചെയ്തു.

25“വീരന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ!
നിന്റെ ഗിരികളിൽ യോനാഥാൻ മരിച്ചുവീണല്ലോ.
26യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;
നീ എനിക്കേറ്റവും പ്രിയനായിരുന്നു!
നിനക്ക് എന്നോടുള്ള സ്നേഹം വിസ്മയകരമായിരുന്നു,
അത് ഒരു സ്ത്രീയുടെ സ്നേഹത്തെക്കാളും അതിശയകരം!

27“വീരന്മാർ വീണുപോയതെങ്ങനെ!
യുദ്ധായുധങ്ങളും നശിച്ചുപോയല്ലോ!”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.