‏ Acts 20

പൗലോസ് മക്കദോന്യയിലും അഖായയിലും

1ലഹള അവസാനിച്ചപ്പോൾ പൗലോസ് ശിഷ്യന്മാരെ ആളയച്ചുവരുത്തി; അവരെ ധൈര്യപ്പെടുത്തിയശേഷം വിടവാങ്ങി മക്കദോന്യയിലേക്കു യാത്രതിരിച്ചു. 2ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു. 3അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു. 4ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു. 5അവർ ഞങ്ങൾക്കുമുമ്പായി യാത്രചെയ്തു ത്രോവാസ് തുറമുഖത്തെത്തി, അവിടെ ഞങ്ങൾക്കായി കാത്തിരുന്നു. 6പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞാണ് ഞങ്ങൾ ഫിലിപ്പിയയിൽനിന്ന് യാത്രതിരിച്ചത്. അഞ്ചുദിവസത്തിനുശേഷം ഞങ്ങൾ ത്രോവാസിൽ കപ്പൽയാത്രചെയ്ത് അവരുടെ അടുക്കലെത്തി; ഏഴുദിവസം അവിടെ താമസിച്ചു.

യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു

7ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു. 8ഞങ്ങൾ സമ്മേളിച്ച മുകൾനിലയിലെ മുറിയിൽ ധാരാളം വിളക്കുകൾ ഉണ്ടായിരുന്നു. 9യൂത്തിക്കൊസ് എന്നു പേരുള്ള യുവാവ് ഒരു ജനൽപ്പടിയിൽ ഇരുന്ന് ഗാഢനിദ്രയിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. പൗലോസ് തന്റെ പ്രസംഗം ദീർഘിപ്പിച്ചപ്പോൾ, അയാൾ ഗാഢനിദ്രയിലായി.
മുറിയിലെ ചൂടും പുകയുമായിരിക്കാം യൂത്തിക്കൊസിനെ ഉറക്കത്തിലേക്കു നയിച്ചത്
മൂന്നാംനിലയിൽനിന്ന് താഴെവീണു; ജനം താഴെവന്ന് അയാളെ എടുത്തുയർത്തിനോക്കുമ്പോൾ അയാൾ മരിച്ചിരുന്നു.
10പൗലോസ് ഇറങ്ങിച്ചെന്ന് അയാളുടെമേൽ കിടന്ന് അയാളെ ആലിംഗനംചെയ്തു. “പരിഭ്രമിക്കേണ്ടാ, അയാൾക്കു ജീവനുണ്ട്!” എന്ന് അദ്ദേഹം പറഞ്ഞു. 11പിന്നീട്, അദ്ദേഹം വീണ്ടും മുകളിലത്തെ മുറിയിലേക്കുപോയി, അപ്പം നുറുക്കി ഭക്ഷിച്ചു, പുലരിയോളം സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം യാത്രയായി. 12ജനങ്ങൾ ആ യുവാവിനെ ജീവനുള്ളവനായി അവന്റെ വീട്ടിൽ കൊണ്ടുപോയി; അവർ അത്യന്തം ആശ്വസിച്ചു.

എഫേസോസിലെ സഭാമുഖ്യന്മാരോടു പൗലോസിന്റെ യാത്രാമൊഴി

13ഞങ്ങൾ കപ്പൽകയറി നേരത്തേതന്നെ അസ്സൊസ് തുറമുഖത്തേക്കു പുറപ്പെട്ടു. അവിടെയെത്തുമ്പോൾ പൗലോസിനെയും ഞങ്ങളുടെകൂടെ കപ്പലിൽ കയറ്റാൻ ഉദ്ദേശിച്ചിരുന്നു. പൗലോസ് അസ്സൊസിലേക്കു കാൽനടയായി യാത്രചെയ്തിരുന്നതുകൊണ്ടാണ് ഈ ക്രമീകരണം ചെയ്തത്. 14അങ്ങനെ അദ്ദേഹം ഞങ്ങളെ അസ്സൊസിൽവെച്ചു കണ്ടുമുട്ടി. അപ്പോൾ അദ്ദേഹത്തെക്കൂടി കയറ്റിക്കൊണ്ടു ഞങ്ങൾ മിതുലേനയിലേക്കു യാത്രയായി. 15പിറ്റേന്നു ഞങ്ങൾ അവിടെനിന്ന് കപ്പൽ നീക്കി ഖിയൊസ്ദ്വീപിന് അഭിമുഖമായി യാത്രതുടർന്നു. അതിനടുത്ത ദിവസം സാമോസ് ദ്വീപിലും പിറ്റേന്നാൾ മിലേത്തോസിലും എത്തിച്ചേർന്നു. 16സാധ്യമെങ്കിൽ പെന്തക്കൊസ്തു ദിവസമാകുമ്പോഴേക്ക്
പെസഹാപ്പെരുന്നാളിന് അതായത്, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന് അൻപതാമത്തെ ദിവസമാണ് പെന്തക്കൊസ്ത് എന്ന ഉത്സവം.
ജെറുശലേമിൽ എത്താൻ പൗലോസ് തിടുക്കം കാട്ടി; അതുകൊണ്ട്, ഏഷ്യാപ്രവിശ്യയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ അദ്ദേഹം എഫേസോസിൽ ഇറങ്ങാതെ യാത്ര മുന്നോട്ടു തുടർന്നു.

17മിലേത്തോസിൽനിന്ന് അദ്ദേഹം എഫേസോസിലേക്ക് ആളയച്ചു സഭാമുഖ്യന്മാരെ വരുത്തി. 18അവർ വന്നപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ഏഷ്യയിൽ എത്തിയ ദിവസംമുതൽ, നിങ്ങളോടുകൂടെ ആയിരുന്ന കാലമെല്ലാം ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കറിയാമല്ലോ! 19യെഹൂദരുടെ ഗൂഢാലോചനകൾനിമിത്തം എനിക്കു തീവ്രമായ പരിശോധനകൾ ഉണ്ടായെങ്കിലും ഞാൻ വളരെ താഴ്മയോടും കണ്ണുനീരോടും കൂടെ കർത്താവിനെ സേവിച്ചു. 20നിങ്ങൾക്കു പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ, പരസ്യമായും വീടുകളിൽവെച്ചും, ഞാൻ നിങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാം. 21മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞ് നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കണമെന്നും ഞാൻ യെഹൂദരോടും ഗ്രീക്കുകാരോടും പ്രസ്താവിച്ചിട്ടുണ്ട്.

22“ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ
മൂ.ഭാ. ബന്ധിതനായി
ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല.
23ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു. 24എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം.

25“നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു സഞ്ചരിച്ചിരുന്ന എന്റെ മുഖം ഇനിമേൽ നിങ്ങളിലാരും കാണുകയില്ല എന്നെനിക്ക് ഇപ്പോൾ അറിയാം. 26അതുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു പ്രസ്താവിക്കട്ടെ: നിങ്ങളിലാരുടെയും രക്തം സംബന്ധിച്ചു ഞാൻ കുറ്റക്കാരനല്ല.
നിങ്ങളിൽ ആരെങ്കിലും നിത്യനരകത്തിലേക്ക് പോയാൽ അതിന് ഞാൻ ഉത്തരവാദിയല്ല എന്നു വിവക്ഷ.
27ദൈവഹിതം പൂർണമായി, ഒട്ടും മറച്ചുവെക്കാതെതന്നെ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്. 28നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിവെച്ചിട്ടുള്ള ആട്ടിൻപറ്റത്തെയും ഭദ്രമായി സംരക്ഷിക്കുക. സ്വന്തം രക്തത്താൽ
ചി.കൈ.പ്ര. സ്വപുത്രന്റെ രക്തത്താൽ
അവിടന്നുതന്നെ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ
ചി.കൈ.പ്ര. കർത്താവിന്റെ
സഭയ്ക്ക് അജപാലനം ചെയ്യുക.
29ഞാൻ പോയശേഷം ആട്ടിൻപറ്റത്തെ നശിപ്പിക്കാൻ മടിയില്ലാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടന്നുകൂടുമെന്ന് എനിക്കറിയാം. 30ക്രിസ്തുശിഷ്യരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി സത്യത്തെ വളച്ചു സംസാരിക്കുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ എഴുന്നേൽക്കും. 31അതുകൊണ്ട് ജാഗരൂകരായിരിക്കുക. ഞാൻ മൂന്നുവർഷം അഹോരാത്രം നിങ്ങൾക്കോരോരുത്തർക്കും കണ്ണുനീരോടെ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നത് ഓർക്കുക.

32“ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ. 33നിങ്ങളിലാരുടെയും വെള്ളിയോ സ്വർണമോ വസ്ത്രമോ ഒന്നുംതന്നെ ഞാൻ മോഹിച്ചിട്ടില്ല. 34എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ! 35ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.”

36പൗലോസ് തന്റെ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം അവരോടെല്ലാവരോടുംകൂടെ മുട്ടുകുത്തി പ്രാർഥിച്ചു. 37എല്ലാവരും വളരെ കരഞ്ഞ് അദ്ദേഹത്തെ ആലിംഗനംചെയ്ത് ചുംബിച്ചു. 38“നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് അവർക്കേറ്റവുമധികം സങ്കടമുണ്ടാക്കിയത്. പിന്നെ അവർ കപ്പലിന്റെ അടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.