‏ Acts 25

ഫെസ്തൊസിന്റെ മുമ്പിൽ ന്യായവിസ്താരം

1അധികാരം ഏറ്റു മൂന്നുദിവസം കഴിഞ്ഞപ്പോൾ ഫെസ്തൊസ് കൈസര്യയിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി. 2അവിടെ പുരോഹിതമുഖ്യന്മാരും യെഹൂദനേതാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ ഹാജരായി പൗലോസിനെതിരേയുള്ള ആരോപണങ്ങൾ അവതരിപ്പിച്ചു. 3തങ്ങൾക്കുള്ള ഒരു ആനുകൂല്യമെന്നനിലയിൽ പൗലോസിനെ ജെറുശലേമിലേക്കു വരുത്താൻ ദയവുണ്ടാകണമെന്ന് അവർ നിർബന്ധപൂർവം അപേക്ഷിച്ചു. അദ്ദേഹത്തെ വഴിക്കുവെച്ചു കൊന്നുകളയാൻ അവർ ഒരു പതിയിരിപ്പിനു വട്ടംകൂട്ടുന്നുണ്ടായിരുന്നു. 4ഫെസ്തൊസ് അവരോട്: “പൗലോസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഞാൻ ഉടനെതന്നെ അവിടേക്കു പോകുന്നുണ്ട്. 5നിങ്ങളുടെ നേതാക്കന്മാരിൽ ചിലർക്ക് എന്റെകൂടെ വന്ന് അവിടെവെച്ച് അയാൾക്കെതിരേയുള്ള ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്” എന്നു മറുപടി പറഞ്ഞു.

6അവരോടുകൂടെ എട്ടുപത്തു ദിവസം താമസിച്ചശേഷം അയാൾ കൈസര്യയിലേക്കു യാത്രയായി; പിറ്റേദിവസം അയാൾ കോടതി വിളിച്ചുകൂട്ടി പൗലോസിനെ തന്റെ മുമ്പിൽ ഹാജരാക്കാൻ ആജ്ഞാപിച്ചു. 7പൗലോസ് ഹാജരായപ്പോൾ, ജെറുശലേമിൽനിന്ന് വന്നിരുന്ന യെഹൂദർ അദ്ദേഹത്തിനുചുറ്റും നിന്നുകൊണ്ട് ഗുരുതരമായ അനവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരേ ഉന്നയിച്ചു; എന്നാൽ, അവ തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.

8പൗലോസ് തന്റെ പ്രതിവാദത്തിൽ, “ഞാൻ യെഹൂദരുടെ ന്യായപ്രമാണത്തിനും ദൈവാലയത്തിനും വിപരീതമായോ കൈസർക്കു വിരോധമായോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പ്രസ്താവിച്ചു.

9യെഹൂദർക്ക് ഒരു ആനുകൂല്യം ചെയ്തുകൊടുക്കണമെന്ന ആഗ്രഹത്തോടെ ഫെസ്തൊസ് പൗലോസിനോട്, “നിങ്ങൾക്ക് ജെറുശലേമിൽ പോയി അവിടെ എന്റെമുമ്പാകെ ഈ ആരോപണങ്ങൾ സംബന്ധിച്ചു വിസ്തരിക്കപ്പെടാൻ സമ്മതമാണോ?” എന്നു ചോദിച്ചു.

10അതിനു പൗലോസ്: “ഞാൻ ഇപ്പോൾ കൈസറുടെ കോടതിമുമ്പാകെ നിൽക്കുന്നു, അവിടെയാണ് എന്നെ വിസ്തരിക്കേണ്ടത്. അങ്ങേക്കുതന്നെ നന്നായി അറിയാവുന്നതുപോലെ ഞാൻ യെഹൂദരോട് ഒരുതെറ്റും ചെയ്തിട്ടില്ല. 11മരണത്തിനർഹമായ എന്തെങ്കിലും കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, മരണശിക്ഷ ഏൽക്കുന്നതിന് എനിക്ക് ഒരു വിസമ്മതവുമില്ല. എന്നാൽ, എനിക്കു വിരോധമായി ഈ യെഹൂദന്മാർ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ സത്യമല്ലെങ്കിൽ, എന്നെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കാൻ ആർക്കും അവകാശമില്ല. കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് ഞാൻ അപേക്ഷിക്കുന്നു!” എന്നു മറുപടി പറഞ്ഞു.

12അപ്പോൾ ഫെസ്തൊസ് തന്റെ ഉപദേശകസമിതിയുമായി കൂടിയാലോചന നടത്തിയിട്ട്, “കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് അപേക്ഷിച്ചിരിക്കുന്ന നിങ്ങൾ കൈസറുടെ അടുത്തേക്കുതന്നെ പോകും” എന്നു പ്രഖ്യാപിച്ചു.

ഫെസ്തൊസ് അഗ്രിപ്പാരാജാവിന്റെ ഉപദേശം തേടുന്നു

13ഏതാനും ദിവസം കഴിഞ്ഞപ്പോൾ അഗ്രിപ്പാരാജാവും ബർന്നീക്കയുംകൂടി ഫെസ്തൊസിന് അഭിവാദനം അർപ്പിക്കാൻ കൈസര്യയിൽ എത്തി. 14അവർ കുറെയധികം ദിവസങ്ങൾ അവിടെ ചെലവഴിച്ചതിനാൽ ഫെസ്തൊസ് പൗലോസിന്റെ കേസ് അഗ്രിപ്പാരാജാവുമായി ചർച്ചചെയ്തു. ഫെസ്തൊസ് ഇങ്ങനെ പറഞ്ഞു: “ഫേലിക്സ് വിചാരണത്തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്. 15ഞാൻ ജെറുശലേമിൽ ചെന്നപ്പോൾ, പുരോഹിതമുഖ്യന്മാരും യെഹൂദാമതത്തിലെ നേതാക്കന്മാരും അയാൾക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ശിക്ഷയ്ക്കു വിധിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

16“എന്നാൽ, തനിക്കെതിരേ ആരോപണം നടത്തുന്നവരെ മുഖാമുഖം കണ്ട് അവരുടെ ആരോപണങ്ങൾക്കു പ്രതിവാദം നടത്താൻ അവസരം ലഭിക്കുന്നതിനുമുമ്പ് ഒരു മനുഷ്യനെ ശിക്ഷിക്കാൻ ഏൽപ്പിച്ചുകൊടുക്കുന്നത് റോമാക്കാരുടെ സമ്പ്രദായമല്ലെന്നു ഞാൻ അവരോടു പറഞ്ഞു. 17അവർ എന്നോടുകൂടെ ഇവിടെയെത്തിയപ്പോൾ ഞാൻ കേസ് വൈകിക്കാതെ പിറ്റേന്നുതന്നെ കോടതി വിളിച്ചുകൂട്ടുകയും ആ മനുഷ്യനെ കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തു. 18എന്നാൽ വാദികൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, ഞാൻ കരുതിയിരുന്നതുപോലുള്ള ഒരു കുറ്റവും അവർ അയാളുടെമേൽ ആരോപിച്ചില്ല. 19പകരം അവരുടെ മതത്തെയും മരിച്ചുപോയവനെങ്കിലും ജീവിച്ചിരിക്കുന്നെന്ന് പൗലോസ് അവകാശപ്പെടുന്ന യേശു എന്ന മനുഷ്യനെയും സംബന്ധിച്ചുള്ള ചില തർക്കങ്ങൾമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. 20ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തേണ്ടതെങ്ങനെയെന്ന് എനിക്കറിവില്ലായിരുന്നതിനാൽ ഞാൻ അയാളോടു ജെറുശലേമിലേക്കു പോകാനും അവിടെ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിസ്തരിക്കപ്പെടാനും ഒരുക്കമാണോ എന്നു ചോദിച്ചു. 21എന്നാൽ ചക്രവർത്തിയുടെ വിധിനിർണയത്തിനായി തന്നെ തടവിൽ സൂക്ഷിക്കണമെന്ന് പൗലോസ് അപേക്ഷിക്കയാൽ, കൈസറുടെ അടുത്തേക്കയയ്ക്കാൻ കഴിയുന്നതുവരെ, അയാളെ തടവിൽ വെക്കാൻ ഞാൻ ആജ്ഞ കൊടുത്തു.”

22പിന്നീട് അഗ്രിപ്പാ ഫെസ്തൊസിനോട്, “എനിക്ക് ആ മനുഷ്യന്റെ വാക്കുകൾ നേരിട്ടു കേൾക്കാൻ താത്പര്യമുണ്ട്.” എന്നു പറഞ്ഞു.

“അയാൾക്കു പറയാനുള്ളത് നാളെ അങ്ങേക്കു കേൾക്കാം,” ഫെസ്തൊസ് മറുപടി പറഞ്ഞു.

പൗലോസ് അഗ്രിപ്പാവിന്റെ മുമ്പിൽ

23പിറ്റേന്ന് അഗ്രിപ്പാവും ബർന്നീക്കയും സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖന്മാരോടുംകൂടെ, ആഡംബരപൂർവം സമ്മേളനമുറിയിലേക്കു പ്രവേശിച്ചു. ഫെസ്തൊസിന്റെ ആജ്ഞപ്രകാരം പൗലോസിനെ അകത്തേക്കു കൊണ്ടുവന്നു. 24തുടർന്ന് ഫെസ്തൊസ് ഇങ്ങനെ പ്രസ്താവിച്ചു: “അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം സന്നിഹിതരായിരിക്കുന്നവരേ, നിങ്ങൾ ഈ മനുഷ്യനെ കാണുന്നല്ലോ! യെഹൂദാസമൂഹം ഒന്നടങ്കം ജെറുശലേമിലും ഇവിടെ കൈസര്യയിലും ഇയാളെക്കുറിച്ചാണ് എന്നോടു പരാതിപ്പെടുകയും ഇയാൾ ഒരു നിമിഷംപോലും ജീവിച്ചിരുന്നുകൂടാ എന്ന് ഒച്ചപ്പാടുണ്ടാക്കുകയുംചെയ്തത്. 25മരണത്തിന് അർഹമായതൊന്നും ഇയാൾ ചെയ്തിട്ടില്ല എന്നു ഞാൻ മനസ്സിലാക്കി; എന്നാൽ ഇയാൾ ചക്രവർത്തിക്കുമുമ്പിൽ മേൽവിചാരണയ്ക് അപേക്ഷിച്ചിരിക്കുകയാൽ ഇയാളെ റോമിലേക്കയയ്ക്കാൻ ഞാൻ തീരുമാനിച്ചു. 26എങ്കിലും ഇയാളെക്കുറിച്ചു ചക്രവർത്തിതിരുമനസ്സിലേക്ക് എഴുതാൻ വ്യക്തമായ കാര്യമൊന്നും ഞാൻ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ, വിശിഷ്യ, അഗ്രിപ്പാരാജാവേ, അങ്ങയുടെമുമ്പാകെ കൊണ്ടുവന്നിരിക്കുകയാണ്; ഈ വിചാരണയുടെ ഫലമായി എഴുതാനുള്ള വക ലഭിക്കുമെന്നാണെന്റെ പ്രതീക്ഷ. 27ആരോപണങ്ങൾ വ്യക്തമാക്കാതെ തടവുകാരനെ അയയ്ക്കുന്നതു യുക്തമല്ല എന്നു ഞാൻ കരുതുന്നു.”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.