‏ Amos 5

ഒരു വിലാപവും മാനസാന്തരത്തിനുള്ള ആഹ്വാനവും

1ഇസ്രായേൽഗൃഹമേ, ഈ വചനം കേൾക്കുക, ഞാൻ നിന്നെക്കുറിച്ച് ഈ വിലാപഗാനം പാടുന്നു:

2“ഇസ്രായേൽ കന്യക വീണുപോയി,
ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല!
സ്വദേശത്ത് അവൾ കൈവിടപ്പെട്ടിരിക്കുന്നു,
അവളെ എഴുന്നേൽപ്പിക്കാൻ ആരുമില്ല.”
3യഹോവയായ കർത്താവ് ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ആയിരംപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ
നൂറുപേർമാത്രം ശേഷിക്കും;
നൂറുപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ
പത്തുപേർമാത്രം ശേഷിക്കും.”
4യഹോവ ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“എന്നെ അന്വേഷിച്ചുകൊണ്ടു ജീവിക്കുക;
5ബേഥേലിനെ അന്വേഷിക്കരുത്,
ഗിൽഗാലിൽ പോകരുത്,
ബേർ-ശേബയിലേക്കു യാത്ര ചെയ്യരുത്.
കാരണം ഗിൽഗാൽ നിശ്ചയമായും പ്രവാസത്തിലേക്കു പോകുകയും
ബേഥേൽ ശൂന്യമായിത്തീരുകയും ചെയ്യും. a
6നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ,
അല്ലെങ്കിൽ, യഹോവ യോസേഫിന്റെ ഗോത്രങ്ങളിലൂടെ അഗ്നിപോലെ കടന്നുപോകും;
അതിനെ ദഹിപ്പിക്കും,
ബേഥേലിൽ അഗ്നികെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല.

7ന്യായത്തെ കയ്‌പാക്കുകയും
നീതിയെ നിലത്തെറിഞ്ഞുകളകയും ചെയ്യുന്നവരുണ്ട്.

8കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും
അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും
പകലിനെ ഇരുണ്ട രാത്രിയാക്കിത്തീർക്കുകയും
സമുദ്രത്തിന്റെ ജലത്തെ വിളിച്ചുകൂട്ടുകയും
അതിനെ ഭൂമുഖത്തിന്മേൽ വർഷിക്കുകയും ചെയ്യുന്നവനെ അന്വേഷിക്കുക—
യഹോവ എന്നാകുന്നു അവിടത്തെ നാമം!
9അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു,
കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു.

10കോടതിയിൽ നീതിയോടെ വിധി കൽപ്പിക്കുന്നവരെ നിങ്ങൾ വെറുക്കുകയും
സത്യം പറയുന്നവരെ നിങ്ങൾ നിന്ദിക്കുകയും ചെയ്യുന്നു.

11നിങ്ങൾ ദരിദ്രരെ ചവിട്ടിമെതിക്കുന്നു,
അവരുടെ ധാന്യത്തിനുപോലും നിങ്ങൾ നികുതി ഈടാക്കുന്നു.
നിങ്ങൾ കല്ലുകൊണ്ടു മാളികകൾ പണിതാലും
അതിൽ പാർക്കുകയില്ല;
നിങ്ങൾ മനോഹരമായ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും;
അവയിലെ വീഞ്ഞു കുടിക്കുകയില്ല.
12നിങ്ങളുടെ അകൃത്യങ്ങൾ എത്രയധികം എന്നു ഞാൻ അറിയുന്നു
നിങ്ങളുടെ പാപങ്ങൾ എത്ര വലുതായിരിക്കുന്നു!

നിങ്ങൾ നീതിമാനെ പീഡിപ്പിക്കുന്നു, കൈക്കൂലി വാങ്ങുന്നു;
കോടതിയിൽ ദരിദ്രനു ന്യായം നിഷേധിക്കുന്നു.
13ഇതു ദുഷ്കാലമാകുകയാൽ
വിവേകമുള്ളവർ മിണ്ടാതിരിക്കുന്നു.

14നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്,
തിന്മയല്ല, നന്മതന്നെ അന്വേഷിപ്പിൻ.
അപ്പോൾ നിങ്ങൾ അവകാശപ്പെടുന്നതുപോലെ
സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.
15ദോഷത്തെ വെറുക്കുക, നന്മയെ സ്നേഹിക്കുക;
ന്യായസ്ഥാനങ്ങളിൽ നീതി പുലർത്തുക.
ഒരുപക്ഷേ, സൈന്യങ്ങളുടെ ദൈവമായ യഹോവ
യോസേഫിന്റെ ശേഷിപ്പിന്മേൽ കരുണ കാണിച്ചേക്കും.
16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“എല്ലാ തെരുവീഥികളിലും വിലാപവും
എല്ലാ ചത്വരങ്ങളിലും മുറവിളിയും ഉണ്ടാകും.
കൃഷിക്കാരെ കരയുന്നതിനും
വിലാപക്കാരെ വിലപിക്കുന്നതിനും ക്ഷണിക്കും.
17എല്ലാ മുന്തിരിത്തോപ്പുകളിലും വിലാപം ഉണ്ടാകും,
ഞാൻ നിങ്ങളുടെ മധ്യേ കടന്നുപോകുന്നതുനിമിത്തംതന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.

യഹോവയുടെ ദിവസം

18യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നവരേ,
നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്നത് എന്തിന്?
ആ ദിവസം ഇരുട്ടായിരിക്കും, വെളിച്ചമായിരിക്കുകയില്ല.
19അത്, ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി
കരടിയുടെമുമ്പിൽ ചെന്നുപെടുന്നതുപോലെയും
ഒരുവൻ തന്റെ വീട്ടിൽ കടന്നു
ഭിത്തിയിൽ കൈവെച്ച ഉടനെ
അവനെ പാമ്പു കടിക്കുന്നതുപോലെയും ആയിരിക്കും.
20യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾതന്നെ ആയിരിക്കും;
അത് അശേഷം പ്രകാശമില്ലാത്ത ഘോരാന്ധകാരംതന്നെ.

21“ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു;
നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല.
22നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും,
ഞാൻ അവയെ സ്വീകരിക്കുകയില്ല.
നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും
ഞാൻ അതിൽ പ്രസാദിക്കുകയില്ല.
23നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട!
നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല.
24എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ,
നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ!

25“ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം
നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
26നിങ്ങൾ നിങ്ങൾക്കായിത്തന്നെ മെനഞ്ഞുണ്ടാക്കിയ
സിക്കൂത്തുരാജാവിന്റെ മൂർത്തിയെയും
നക്ഷത്രദേവനായ കിയൂനെയും
നിങ്ങൾ ചുമന്നുകൊണ്ടുനടന്നില്ലയോ?
27അതുകൊണ്ടു ഞാൻ നിങ്ങളെ, ദമസ്കോസിനും അപ്പുറത്തേക്കു നാടുകടത്തും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു, സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടത്തെ നാമം.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.