‏ Esther 4

മൊർദെഖായി എസ്ഥേരിനോട് സഹായത്തിനായി അപേക്ഷിക്കുന്നു

1ഈ സംഭവം അറിഞ്ഞ മൊർദെഖായി തന്റെ വസ്ത്രംകീറി ചാക്കുശീല ധരിച്ച് ചാരം പൂശി കഠിന ദുഃഖത്തോടെ നിലവിളിച്ചുകൊണ്ട് പട്ടണത്തിലേക്കു ചെന്നു. 2എന്നാൽ അദ്ദേഹം രാജകവാടംവരെമാത്രം പോയി; കാരണം ചാക്കുശീല ധരിച്ചിരിക്കുന്നവർക്കു രാജകൊട്ടാരത്തിന്റെ കവാടം കടക്കാൻ അനുവാദമില്ലായിരുന്നു. 3വിളംബരവും രാജകൽപ്പനയും ലഭിച്ച എല്ലാ പ്രവിശ്യകളിലും ഉള്ള യെഹൂദർ വളരെ സങ്കടപ്പെട്ടു; അവർ ഉപവസിക്കുകയും കരഞ്ഞു നിലവിളിക്കുകയും ചെയ്തു. വളരെപ്പേർ ചാക്കുശീല ധരിച്ച് ചാരത്തിൽ കിടന്നു.

4എസ്ഥേർരാജ്ഞിയുടെ തോഴിമാരും ഷണ്ഡന്മാരും വന്നു മൊർദെഖായിയെക്കുറിച്ചു പറഞ്ഞപ്പോൾ അവൾ വ്യാകുലപ്പെട്ടു. അവൾ അദ്ദേഹത്തിനു ചാക്കുവസ്ത്രത്തിനു പകരം ധരിക്കാൻ വസ്ത്രം കൊടുത്തുവിട്ടു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല. 5അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡനും തന്നെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ടവനുമായ ഹഥാക്കിനെ വിളിപ്പിച്ച് മൊർദെഖായിയെ അലട്ടുന്ന സംഗതി എന്തെന്നും അദ്ദേഹം വിലപിക്കുന്നത് എന്തിനെന്നും കണ്ടുപിടിക്കാൻ കൽപ്പനകൊടുത്തു.

6ഹഥാക്ക് രാജകവാടത്തിൽ പട്ടണത്തിലെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുത്തെത്തി. 7മൊർദെഖായി തനിക്കു സംഭവിച്ച സകലതും യെഹൂദരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു വാഗ്ദാനംചെയ്ത തുകയുടെ കാര്യവും അദ്ദേഹത്തെ അറിയിച്ചു. 8മൊർദെഖായി, യഹൂദരെ നശിപ്പിക്കുന്നതിനായി ശൂശനിൽ പ്രസിദ്ധപ്പെടുത്തിയ കൽപ്പനയുടെ പകർപ്പും ഹഥാക്കിന് കൊടുത്തു. തുടർന്നു മൊർദെഖായി എസ്ഥേരിനെ ഈ പകർപ്പു കാണിച്ച് കാര്യങ്ങൾ അവൾക്കു വിവരിച്ചു കൊടുക്കുകയും അവൾ രാജസന്നിധിയിൽ ചെന്ന് അവളുടെ ജനത്തിനുവേണ്ടി യാചിച്ച് അപേക്ഷിക്കുകയും ചെയ്യണമെന്നു പറഞ്ഞു.

9ഹഥാക്ക് തിരികെച്ചെന്ന് മൊർദെഖായി പറഞ്ഞതൊക്കെയും എസ്ഥേരിനെ അറിയിച്ചു. 10അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു: 11“രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും പ്രവിശ്യകളിലെ ജനങ്ങൾക്കും അറിയാവുന്ന നിയമം എന്തെന്നാൽ: ആണായാലും പെണ്ണായാലും വിളിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ സന്നിധിയിൽ അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ അവർ മരിക്കണം. രാജാവ് തന്റെ തങ്കച്ചെങ്കോൽ നീട്ടിയാലല്ലാതെ അയാളുടെ ജീവൻ രക്ഷപ്പെടുകയില്ല. ഈ മുപ്പതു ദിവസത്തിനകമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.”

12എസ്ഥേരിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ, 13അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട. 14ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!”

15എസ്ഥേർ മൊർദെഖായിക്ക് ഇങ്ങനെ മറുപടി നൽകി: 16“പോയി ശൂശനിലുള്ള എല്ലാ യെഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം, രാത്രിയും പകലും, തിന്നുകയും കുടിക്കുകയും അരുത്. ഞാനും എന്റെ ദാസികളും നിങ്ങളെപ്പോലെ ഉപവസിക്കും. ഇതു ചെയ്തശേഷം നിയമത്തിനെതിരെങ്കിലും ഞാൻ രാജസന്നിധിയിൽ പോകും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.”

17മൊർദെഖായി തിരികെപ്പോയി എസ്ഥേർ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.