‏ Esther 5

രാജാവിനോടുള്ള എസ്ഥേരിന്റെ അഭ്യർഥന

1മൂന്നാംദിവസം എസ്ഥേർ രാജവസ്ത്രങ്ങൾ അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ രാജഗൃഹത്തിന്റെ വാതിൽക്കൽ നിന്നു. രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് അഭിമുഖമായി സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. 2എസ്ഥേർരാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടിട്ട് അവളോട് കൃപതോന്നി തന്റെ തങ്കച്ചെങ്കോൽ അവളുടെനേരേ നീട്ടി. എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.

3രാജാവ് അവളോടു ചോദിച്ചു: “എസ്ഥേർരാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയാണെങ്കിൽപോലും ഞാൻ നിനക്കു നൽകാം.”

4എസ്ഥേർ മറുപടി പറഞ്ഞു: “തിരുഹിതമെങ്കിൽ, രാജാവിനുവേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് ഇന്ന് അങ്ങു ഹാമാനോടൊപ്പം വരണം.”

5അപ്പോൾ രാജാവ്, “എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുന്നതിനായി ഹാമാനെ ഉടൻതന്നെ വരുത്താൻ” കൽപ്പിച്ചു.

അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു.
6അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് വീണ്ടും എസ്ഥേരിനോട്: “എന്താണു നിന്റെ അപേക്ഷ? അത് നിനക്കു നൽകും. എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും നിനക്കു ലഭിക്കും” എന്നു പറഞ്ഞു.

7എസ്ഥേർ മറുപടി പറഞ്ഞു: “എന്റെ അപേക്ഷയും യാചനയും ഇതാണ്: 8രാജാവിന് എന്നോട് പ്രീതിയുണ്ടെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളം ഉണ്ടെങ്കിൽ, രാജാവും ഹാമാനും ഞാൻ ഒരുക്കുന്ന വിരുന്നിനു നാളെയുംവരണം. അപ്പോൾ ഞാൻ രാജാവ് കൽപ്പിച്ചതിനു മറുപടി നൽകാം” എന്നു പറഞ്ഞു.

ഹാമാന്റെ കോപം മൊർദെഖായിക്കെതിരേ

9ഹാമാൻ അന്ന് ആനന്ദത്തോടെ ഉല്ലസിച്ചുകൊണ്ടു മടങ്ങിപ്പോയി. എന്നാൽ മൊർദെഖായി രാജകവാടത്തിൽ തന്റെ സമീപത്തിൽ എഴുന്നേൽക്കാതെയും തന്നെ ഭയപ്പെടാതെയും ഇരിക്കുന്നതു കണ്ടിട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ മൊർദെഖായിക്കെതിരേ കോപം നിറഞ്ഞു. 10എങ്കിലും ഹാമാൻ ആത്മനിയന്ത്രണം പാലിച്ചു വീട്ടിലേക്കു മടങ്ങി.

സ്നേഹിതരെയും തന്റെ ഭാര്യയായ സേരെശിനെയും വിളിച്ചുവരുത്തി.
11ഹാമാൻ തന്റെ ധനമഹിമയും പുത്രബഹുത്വവും രാജാവു തന്നെ ആദരിച്ചു മറ്റു പ്രഭുക്കന്മാരിൽനിന്നും ഉദ്യോഗസ്ഥന്മാരിൽനിന്നും ഉയർത്തിയതും അവരോടു വിവരിച്ചു. 12അദ്ദേഹം തുടർന്നു, “അതുമാത്രമല്ല, രാജാവിനോടൊപ്പം വിരുന്നിന് എസ്ഥേർരാജ്ഞി ക്ഷണിച്ച ഏക വ്യക്തിയും ഞാനാണ്. നാളെയും രാജാവിനോടൊപ്പം ചെല്ലാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. 13എന്നാൽ യെഹൂദനായ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എനിക്കു തൃപ്തി നൽകുന്നില്ല.”

14അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായ സേരെശും സകലസ്നേഹിതരും അദ്ദേഹത്തോട്, “അൻപതുമുഴം
ഏക. 23 മീ.
ഉയരമുള്ള ഒരു തൂക്കുമരം ഉണ്ടാക്കി, രാവിലെ ചെന്ന് മൊർദെഖായിയെ അതിന്മേൽ തൂക്കാൻ രാജാവിനോട് അപേക്ഷിക്ക. അതിനുശേഷം സന്തോഷത്തോടെ രാജാവിനോടൊപ്പം വിരുന്നിനു പോകുക.” ഈ ഉപദേശം ഹാമാനു ബോധിച്ചു; അവൻ തൂക്കുമരം പണിയിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.