‏ Exodus 25

സമാഗമകൂടാരത്തിലേക്കു കൊണ്ടുവരേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ

1യഹോവ മോശയോട് അരുളിച്ചെയ്തു: 2“നീ ഇസ്രായേല്യരോട് എനിക്കു കാഴ്ചദ്രവ്യം കൊണ്ടുവരാൻ പറയണം. സന്മനസ്സുള്ള ഏവനോടും നിങ്ങൾ വഴിപാടു വാങ്ങണം.

3“അവരിൽനിന്ന് വാങ്ങേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ ഇവയാണ്:

“പൊന്ന്, വെള്ളി, വെങ്കലം.
4നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം,
കോലാട്ടുരോമം,
5ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ,
അതായത്, ജലത്തിലുള്ള വലിയ സസ്തനിയുടെ തുകൽ.

ഖദിരമരം;
6വിളക്കിനുള്ള ഒലിവെണ്ണ,
അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനും വേണ്ടുന്ന സുഗന്ധദ്രവ്യങ്ങൾ,
7ഏഫോദിലും
അഥവാ, പുരോഹിതവസ്ത്രം.
നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.

8“ഞാൻ അവരുടെ മധ്യേ വസിക്കേണ്ടതിനായി അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം നിർമിക്കണം. 9ഈ സമാഗമകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ഞാൻ നിനക്കു കാണിച്ചുതരാനിരിക്കുന്ന മാതൃകയനുസരിച്ചുതന്നെ ആയിരിക്കണം.

പേടകം

10“അവർ ഖദിരമരംകൊണ്ട് എനിക്ക് ഒരു പേടകം പണിയണം; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.
ഏക. 1.1 മീ. നീളവും 70 സെ.മീ. വീതിയും ഉയരവും.
11അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ ഒരു അരികുപാളി പിടിപ്പിക്കണം. 12അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി പിടിപ്പിക്കണം. 13അതിനുശേഷം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിയണം. 14പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ കടത്തിവെക്കണം. 15തണ്ടുകൾ പേടകത്തിന്റെ വളയങ്ങളിൽത്തന്നെ ഇരിക്കണം; അവ നീക്കംചെയ്യരുത്. 16ഞാൻ നിനക്കു തരാനിരിക്കുന്ന ഉടമ്പടിയുടെ പലക പേടകത്തിൽ വെക്കണം.

17“തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കണം. 18അതിനുശേഷം പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ
കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു.
നിർമിക്കണം.
19ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി യോജിപ്പിക്കണം. 20കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടണം; അവ പരസ്പരം അഭിമുഖമായിരിക്കണം. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരിക്കണം. 21പാപനിവാരണസ്ഥാനം പേടകത്തിന്റെ മുകളിൽ വെക്കണം; ഞാൻ നിനക്കു തരാൻ പോകുന്ന ഉടമ്പടിയുടെ പലക പേടകത്തിന്റെ ഉള്ളിൽ വെക്കണം. 22അവിടെ പാപനിവാരണസ്ഥാനത്തിനു മുകളിൽ ഉടമ്പടിയുടെ പേടകത്തിനുമീതേയുള്ള രണ്ടു കെരൂബുകൾക്കും മധ്യേ ഞാൻ നിനക്കു പ്രത്യക്ഷനായി, ഇസ്രായേല്യർക്കുള്ള കൽപ്പനകളെല്ലാം നിന്നോട് അരുളിച്ചെയ്യും.

മേശ

23“ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കണം; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരിക്കണം.
ഏക. 90 സെ.മീ. നീളവും 45 സെ.മീ. വീതിയും 70 സെ.മീ. ഉയരവും.
24അതു തങ്കംകൊണ്ടു പൊതിയുകയും ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കുകയും വേണം. 25മേശയുടെ ചുറ്റും കൈപ്പത്തിയുടെ
ഏക. 7.5 സെ.മീ.
വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ അരികുപാളിയും വേണം.
26മേശയ്ക്കു നാലു തങ്കവളയം ഉണ്ടാക്കണം. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ ഉറപ്പിക്കണം. 27മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താൻ തക്കവണ്ണം വളയങ്ങൾ പട്ടയോടു ചേർന്നിരിക്കണം. 28തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിയണം. അവ ഉപയോഗിച്ച് മേശ ചുമക്കണം. 29അതിന്റെ തളികകളും താലങ്ങളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും കിണ്ടികളും തങ്കംകൊണ്ടായിരിക്കണം നിർമിക്കേണ്ടത്. 30മേശമേൽ നിത്യവും കാഴ്ചയപ്പം എന്റെമുമ്പിൽ വെക്കണം.

നിലവിളക്ക്

31“തങ്കംകൊണ്ട് ഒരു നിലവിളക്കു നിർമിക്കണം. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽനിന്ന് അടിച്ചുണ്ടാക്കിയതായിരിക്കണം. 32നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരിക്കണം. 33ഓരോശാഖയിൽ ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരിക്കണം; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരിക്കണം. 34നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ വേണം. 35നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരിക്കണം. 36മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്നുള്ള ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിച്ചുപണിതതായിരിക്കണം.

37“അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി, മുൻവശത്തുള്ള സ്ഥലം പ്രകാശിപ്പിക്കാൻ തക്കവണ്ണം ദീപങ്ങൾ കൊളുത്തണം. 38അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കിയതായിരിക്കണം. 39നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ഒരു താലന്തു
ഏക. 34 കി.ഗ്രാം.
തങ്കം ഉപയോഗിക്കണം.
40പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.