‏ Exodus 6

1അപ്പോൾ യഹോവ മോശയോട്, “ഞാൻ ഫറവോനോട് എന്തു ചെയ്യുമെന്നു നീ കാണും. എന്റെ ശക്തിയുള്ള ഭുജംനിമിത്തം അവൻ അവരെ വിട്ടയയ്ക്കും; എന്റെ ബലമുള്ള കരം കണ്ടിട്ട് അവൻ അവരെ ദേശത്തുനിന്ന് ആട്ടിയോടിക്കും” എന്ന് അരുളിച്ചെയ്തു.

2ദൈവം മോശയോടു വീണ്ടും പറഞ്ഞു: “ഞാൻ യഹോവ ആകുന്നു. 3ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി
മൂ.ഭാ. സർവശക്തനായ ദൈവം; എൽ-ഷദ്ദായി.
പ്രത്യക്ഷപ്പെട്ടു. എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിട്ടില്ല.
4അവർ പ്രവാസികളായി താമസിച്ചിരുന്ന കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഉടമ്പടിചെയ്തു. 5ഈജിപ്റ്റുകാർ അടിമകളാക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽമക്കളുടെ നിലവിളി കേൾക്കുകയും ഞാൻ എന്റെ ഉടമ്പടി ഓർക്കുകയും ചെയ്തിരിക്കുന്നു.

6“ആകയാൽ, ഇസ്രായേല്യരോട് ഇപ്രകാരം പറയുക: ‘ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് വിടുവിക്കും; അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കും; നീട്ടിയ ഭുജത്താലും മഹാശിക്ഷാവിധികളാലും ഞാൻ നിങ്ങളെ ഉദ്ധരിക്കും. 7ഞാൻ നിങ്ങളെ സ്വന്തജനമായി സ്വീകരിക്കുകയും ഞാൻ നിങ്ങളുടെ ദൈവം ആയിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് നിങ്ങളെ വിടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ഞാൻതന്നെ എന്നു നിങ്ങൾ അപ്പോൾ മനസ്സിലാക്കും. 8അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്ന് അതു നിങ്ങൾക്ക് അവകാശമായിത്തരും. ഞാൻ യഹോവ ആകുന്നു.’ ”

9മോശ ഇത് ഇസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ തങ്ങളെ തളർത്തുന്നരീതിയിലുള്ള ക്രൂരമായ അടിമത്തം നിമിത്തം അവർ മോശയുടെ വാക്കു ശ്രദ്ധിച്ചില്ല.

10ഇതിനുശേഷം യഹോവ മോശയോട്, 11“നീ ചെന്ന് ഈജിപ്റ്റിലെ രാജാവായ ഫറവോനോട്, ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു പറയുക” എന്നു കൽപ്പിച്ചു.

12എന്നാൽ മോശ യഹോവയോട്, “ഇസ്രായേൽമക്കൾപോലും എന്റെ വാക്കു കേൾക്കുന്നില്ല, പിന്നെ ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ? ഞാൻ വാക്ചാതുര്യമുള്ളവനല്ലല്ലോ
മൂ.ഭാ. ഞാൻ പരിച്ഛേദനമേൽക്കാത്ത അധരങ്ങളുള്ളവനാണ്.
” എന്നു പറഞ്ഞു.

മോശയുടെയും അഹരോന്റെയും കുടുംബവിവരം

13എന്നാൽ യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു. ഇസ്രായേൽജനത്തെ ഈജിപ്റ്റിൽനിന്ന് വിടുവിക്കേണ്ടതിന് ഇസ്രായേൽമക്കളുടെ അടുക്കലേക്കും ഈജിപ്റ്റുരാജാവായ ഫറവോന്റെ അടുക്കലേക്കും അവിടന്ന് ഞങ്ങളെ നിയോഗിച്ചയച്ചു.

14അവരുടെ പിതൃഭവനങ്ങളിലെ തലവന്മാർ ഇവരായിരുന്നു:

ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:
ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി;
ഇവയായിരുന്നു രൂബേന്റെ കുലങ്ങൾ.

15ശിമെയോന്റെ പുത്രന്മാർ:
യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ;
ഇവയായിരുന്നു ശിമെയോന്റെ കുലങ്ങൾ.

16തങ്ങളുടെ വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാർ:
ഗെർശോൻ, കെഹാത്ത്, മെരാരി.
(ലേവി 137 വർഷം ജീവിച്ചിരുന്നു.)
17കുലങ്ങളുടെ ക്രമമനുസരിച്ച് ഗെർശോന്റെ പുത്രന്മാർ
ലിബ്നിയും ശിമെയിയും ആയിരുന്നു.
18കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നിവരായിരുന്നു.
(കെഹാത്ത് 133 വർഷം ജീവിച്ചിരുന്നു.)
19മെരാരിയുടെ പുത്രന്മാർ:
മഹ്ലി, മൂശി എന്നിവരായിരുന്നു.
ഇവരാണ് തങ്ങളുടെ പ്രമാണരേഖകളിൻപ്രകാരം ലേവിയുടെ കുലങ്ങൾ.

20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബേദിനെ വിവാഹംകഴിച്ചു; അവൾ അവന് അഹരോനെയും മോശയെയും പ്രസവിച്ചു.
അമ്രാം നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു.
21യിസ്ഹാരിന്റെ പുത്രന്മാർ:
കോരഹ്, നേഫെഗ്, സിക്രി എന്നിവരായിരുന്നു.
22ഉസ്സീയേലിന്റെ പുത്രന്മാർ:
മീശായേൽ, എത്സാഫാൻ, സിത്രി.
23അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ പെങ്ങളുമായ എലീശേബയെ വിവാഹംകഴിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.

24കോരഹിന്റെ പുത്രന്മാർ:
അസ്സീർ, എൽക്കാനാ, അബീയാസാഫ് എന്നിവരായിരുന്നു.
കോരഹിന്റെ കുലങ്ങൾ ഇവതന്നെ.

25അഹരോന്റെ മകനായ എലെയാസാർ ഫൂതിയേലിന്റെ പെൺമക്കളിൽ ഒരുവളെ വിവാഹംകഴിച്ചു; അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു.

ഇവരായിരുന്നു ലേവ്യകുടുംബങ്ങളുടെ കുലംകുലമായുള്ള തലവന്മാർ.

26“ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോരുക” എന്ന് യഹോവ കൽപ്പിച്ചത് ഇതേ അഹരോനോടും മോശയോടും ആയിരുന്നു. 27ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനെപ്പറ്റി ഈജിപ്റ്റിലെ രാജാവായ ഫറവോനോടു സംസാരിച്ചവരും ഇവരായിരുന്നു—ഈ മോശയും അഹരോനും.

അഹരോൻ മോശയ്ക്കു പകരം സംസാരിക്കുന്നു

28യഹോവ ഈജിപ്റ്റിൽവെച്ചു മോശയോടു സംസാരിച്ചപ്പോൾ അവിടന്ന്, 29“ഞാൻ യഹോവ ആകുന്നു, ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം ഈജിപ്റ്റിലെ രാജാവായ ഫറവോനോടു പറയുക” എന്നു കൽപ്പിച്ചു.

30എന്നാൽ മോശ യഹോവയോട്, “വാക്ചാതുര്യമില്ലാത്തവനാണു ഞാൻ; ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ?” എന്നു ചോദിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.