‏ Galatians 1

1 2പൗലോസ് അപ്പൊസ്തലനും കൂടെയുള്ള എല്ലാ സഹോദരന്മാരും,

ഗലാത്യയിലുള്ള സഭകൾക്ക് എഴുതുന്നത്:

എന്റെ അപ്പൊസ്തലത്വം മനുഷ്യരിൽനിന്നോ മനുഷ്യനാലോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരിൽനിന്ന് യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ച പിതാവായ ദൈവത്താലും ആകുന്നു.

3നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. 4ഈ ദുഷ്ടലോകത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിനു യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി ദൈവേഷ്ടപ്രകാരം തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു. 5നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം, ആമേൻ.

മറ്റൊരു സുവിശേഷവുമില്ല

6ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ച ദൈവത്തെ ഉപേക്ഷിച്ച് ഇത്രവേഗം മറ്റൊരു സുവിശേഷത്തിലേക്കു നിങ്ങൾ വ്യതിചലിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു— 7അത് സുവിശേഷമേ അല്ല! ചിലർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തെ വികലമാക്കാൻ ശ്രമിക്കുകയുംചെയ്യുന്നു എന്നേയുള്ളു. 8ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിൽനിന്ന് വ്യത്യസ്തമായ മറ്റൊരു സുവിശേഷം, ഞങ്ങൾതന്നെയോ സ്വർഗത്തിൽനിന്നുള്ള ഒരു ദൂതനോ, പ്രസംഗിക്കുന്നെങ്കിൽ അയാൾ ശപിക്കപ്പെട്ടവൻ. 9ഞങ്ങൾ മുമ്പേ പ്രസ്താവിച്ചതുതന്നെ ഇപ്പോഴും ആവർത്തിക്കുന്നു: നിങ്ങൾ സ്വീകരിച്ച സുവിശേഷത്തിനു വ്യത്യസ്തമായ ഒരു സുവിശേഷം ആരെങ്കിലും പ്രസംഗിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ.

10ഞാൻ ഇപ്പോൾ മനുഷ്യരുടെ അംഗീകാരമാണോ ദൈവത്തിന്റെ അംഗീകാരമാണോ നേടാൻ ശ്രമിക്കുന്നത്? അതോ ഞാൻ പൊതുജനത്തെ പ്രസാദിപ്പിക്കാനാണോ ശ്രമിക്കുന്നത്? ഇപ്പോഴും ഞാൻ മനുഷ്യരെയാണ് പ്രസാദിപ്പിക്കുന്നതെങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല.

ദൈവം പൗലോസിനെ വിളിക്കുന്നു

11സഹോദരങ്ങളേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു. 12ഞാൻ അത് ഏതെങ്കിലും മനുഷ്യനിൽനിന്ന് സ്വീകരിച്ചതോ പഠിച്ചതോ അല്ല; യേശുക്രിസ്തുവിൽനിന്ന് നേരിട്ടുള്ള വെളിപ്പാടിനാൽ എനിക്കു ലഭിച്ചതാണ്.

13യെഹൂദാമതത്തിലെ എന്റെ മുൻകാല ജീവിതശൈലി നിങ്ങൾക്കറിയാമല്ലോ. ദൈവത്തിന്റെ സഭയെ ഞാൻ തീവ്രമായി ഉപദ്രവിക്കുകയും നശിപ്പിക്കുകയുംചെയ്തിരുന്നു. 14എന്റെ പിതൃപാരമ്പര്യങ്ങളിൽ ശുഷ്കാന്തി മൂത്ത്, സമകാലീനരായ എന്റെ ജനങ്ങളെക്കാൾ യെഹൂദാമതത്തിൽ ഞാൻ വളരെ മുന്നേറിക്കൊണ്ടിരുന്നു. 15 16എന്നാൽ, യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കേണ്ടതിന് ഞാൻ ജനിക്കുന്നതിനുമുമ്പേതന്നെ
മൂ.ഭാ. അമ്മയുടെ ഗർഭപാത്രത്തിൽനിന്ന്
എന്നെ നിയമിക്കാനും, അവിടത്തെ കൃപയാൽ എന്നെ അതിനായി നിയോഗിക്കാനും ദൈവത്തിനു പ്രസാദം തോന്നി. അതിനായി ദൈവപുത്രൻ എനിക്കു വെളിപ്പെട്ട ഉടൻതന്നെ ഞാൻ ഒരു മനുഷ്യനോടും വിദഗ്ദ്ധാഭിപ്രായം തേടുകയോ;
17എനിക്കുമുമ്പേ അപ്പൊസ്തലന്മാരായവരെ കാണാൻ ജെറുശലേമിലേക്കു പോകുകയോ ചെയ്യാതെ അറേബ്യയിലേക്കാണ് ഞാൻ പോയത്. പിന്നീട് ദമസ്കോസിലേക്കു മടങ്ങിവരികയും ചെയ്തു.

18പത്രോസുമായി
മൂ.ഭാ. കേഫാ
പരിചയമാകേണ്ടതിന്, മൂന്നു വർഷത്തിനുശേഷം ഞാൻ ജെറുശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തോടുകൂടെ താമസിക്കുകയും ചെയ്തു.
19കർത്താവിന്റെ സഹോദരനായ യാക്കോബിനെ ഒഴികെ മറ്റ് അപ്പൊസ്തലന്മാരെ ആരെയും ഞാൻ കണ്ടില്ല. 20ഞാൻ എഴുതുന്നതു വ്യാജമല്ല എന്നു ദൈവംമുമ്പാകെ ഞാൻ ഉറപ്പുതരുന്നു.

21അതിനുശേഷം ഞാൻ സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലേക്കുപോയി. 22അപ്പോഴും ഞാൻ യെഹൂദ്യയിലെ ക്രിസ്തീയസഭകൾക്ക് അപരിചിതനായിരുന്നു. 23“ഒരിക്കൽ നമ്മെ ഉന്മൂലനംചെയ്യാൻ ശ്രമിച്ച വ്യക്തി, താൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ സുവിശേഷം ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ട്, 24എന്നെപ്രതി ദൈവത്തെ മഹത്ത്വപ്പെടുത്തി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.