‏ Isaiah 60

ജെറുശലേമിന്റെ മഹത്ത്വം

1“എഴുന്നേറ്റു പ്രകാശിക്കുക, നിന്റെ പ്രകാശം വന്നിരിക്കുന്നു,
യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
2ഇതാ, അന്ധകാരം ഭൂമിയെയും
കൂരിരുട്ട് ജനതകളെയും മൂടുന്നു,
എന്നാൽ യഹോവ നിന്റെമേൽ ഉദിക്കും,
അവിടത്തെ തേജസ്സ് നിന്റെമേൽ പ്രത്യക്ഷമാകും.
3രാഷ്ട്രങ്ങൾ നിന്റെ പ്രകാശത്തിലേക്കും
രാജാക്കന്മാർ നിന്റെ ഉദയപ്രഭയിലേക്കും വരും.

4“കണ്ണുകളുയർത്തി ചുറ്റും നോക്കുക:
അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു;
നിന്റെ പുത്രന്മാർ ദൂരത്തുനിന്നുവരും
നിന്റെ പുത്രിമാരെ കൈകളിൽ എടുത്തുകൊണ്ടുവരും.
5അപ്പോൾ നീ കണ്ടു ശോഭിക്കും,
നിന്റെ ഹൃദയം ആനന്ദാതിരേകത്താൽ മിടിക്കും;
സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ കൊണ്ടുവരപ്പെടും,
രാഷ്ട്രങ്ങളുടെ സമ്പത്ത് നിന്റെ അടുക്കൽവരും.
6ഒട്ടകക്കൂട്ടങ്ങളാൽ നിന്റെ ദേശം നിറയും,
മിദ്യാനിലെയും ഏഫയിലെയും ഒട്ടകക്കുട്ടികളാലുംതന്നെ.
അവയെല്ലാം ശേബയിൽനിന്ന് വരും,
അവ സ്വർണവും സുഗന്ധവർഗവും കൊണ്ടുവന്ന്
യഹോവയ്ക്കു സ്തുതിഘോഷം മുഴക്കും.
7കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും,
നെബായോത്തിലെ മുട്ടാടുകൾ നിന്നെ ശുശ്രൂഷിക്കും;
അവ എനിക്കു പ്രസാദമുള്ള യാഗമായി എന്റെ യാഗപീഠത്തിന്മേൽ വരും,
അങ്ങനെ എന്റെ മഹത്ത്വമുള്ള ആലയത്തെ ഞാൻ അലങ്കരിക്കും.

8“മേഘംപോലെയും തങ്ങളുടെ കൂടുകളിലേക്ക് പ്രാവുകൾപോലെയും
പറന്നുവരുന്ന ഇവർ ആര്?
9നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു;
നിന്റെ മക്കളെ ദൂരത്തുനിന്ന് കൊണ്ടുവരുന്ന
തർശീശ് കപ്പലുകളാണ് മുൻനിരയിൽ,
ഇസ്രായേലിന്റെ പരിശുദ്ധനായ
നിന്റെ ദൈവമായ യഹോവയെ ആദരിക്കാനായി,
വെള്ളിയും സ്വർണവുമായാണ് അവരുടെ വരവ്,
കാരണം അവിടന്ന് നിന്നെ പ്രതാപം അണിയിച്ചല്ലോ.


10“വിദേശികൾ നിന്റെ മതിലുകൾ പുനർനിർമിക്കും,
അവരുടെ രാജാക്കന്മാർ നിന്നെ സേവിക്കും.
എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു,
എങ്കിലും എന്റെ ദയയാൽ ഞാൻ നിന്നോടു കരുണകാണിക്കും.
11രാഷ്ട്രങ്ങളുടെ സമ്പത്ത് ജനം കൊണ്ടുവരുന്നതിനും—
ഘോഷയാത്രയിൽ അവരുടെ രാജാക്കന്മാരെ നിന്റെ അടുക്കൽ കൊണ്ടുവരുന്നതിനും;
നിന്റെ കവാടങ്ങൾ എപ്പോഴും തുറന്നിരിക്കും,
അവ രാവും പകലും ഒരിക്കലും അടയ്ക്കപ്പെടാതിരിക്കും.
12നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നാശമടയും;
അതേ, ആ രാജ്യങ്ങൾ നിശ്ശേഷം ശൂന്യമാകും.

13“എന്റെ വിശുദ്ധമന്ദിരത്തെ അലങ്കരിക്കുന്നതിന്,
ലെബാനോന്റെ മഹത്ത്വം നിന്റെ അടുക്കൽവരും
സരളവൃക്ഷവും പൈനും പുന്നയും ഒരുമിച്ചു നിന്റെ അടുക്കൽവരും.
അങ്ങനെ ഞാൻ എന്റെ പാദങ്ങൾക്കായി ആ സ്ഥലത്തെ മഹത്ത്വപ്പെടുത്തും.
14നിന്നെ പീഡിപ്പിച്ചവരുടെ മക്കളും വണങ്ങിക്കൊണ്ടു നിന്റെ അടുക്കൽവരും;
നിന്നെ നിന്ദിച്ച എല്ലാവരും നിന്റെ പാദത്തിൽ നമസ്കരിക്കും;
അവർ നിന്നെ യഹോവയുടെ നഗരമെന്നും
ഇസ്രായേലിൻ പരിശുദ്ധന്റെ സീയോനെന്നും വിളിക്കും.

15“ഒരു മനുഷ്യനും നിന്നിൽക്കൂടി കടന്നുപോകാത്തവിധം
നീ ഉപേക്ഷിക്കപ്പെട്ടവളും നിന്ദ്യയും ആയിത്തീർന്നതുപോലെ
ഞാൻ നിന്നെ നിത്യപ്രതാപമുള്ളവളും
അനേകം തലമുറകൾക്ക് ആനന്ദവും ആക്കിത്തീർക്കും.
16നീ രാഷ്ട്രങ്ങളുടെ പാൽ കുടിക്കും,
രാജകീയ സ്തനങ്ങൾ നുകരും;
അതായത്, വിദേശരാജ്യങ്ങൾ ഇസ്രായേലിന് സംരക്ഷണം നൽകും.

യഹോവയായ ഞാൻ നിന്റെ രക്ഷകനും
യാക്കോബിന്റെ ശക്തൻ നിന്റെ വീണ്ടെടുപ്പുകാരനും എന്നു നീ അറിയും.
17ഞാൻ വെങ്കലത്തിനു പകരം സ്വർണം വരുത്തും,
ഇരുമ്പിനു പകരം വെള്ളിയും.
മരത്തിനു പകരം വെങ്കലവും
കല്ലിനുപകരം ഇരുമ്പും ഞാൻ വരുത്തും.
ഞാൻ സമാധാനത്തെ നിന്റെ ദേശാധിപതികളായും
നീതിയെ നിന്റെ ഭരണകർത്താക്കളായും തീർക്കും.
18ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല,
ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല.
എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും
നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.
19ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല,
രാത്രി നിനക്കു ചന്ദ്രനിൽനിന്ന് നിലാവെട്ടം ലഭിക്കുകയുമില്ല;
യഹോവ നിനക്കു നിത്യപ്രകാശവും
നിന്റെ ദൈവം നിന്റെ മഹത്ത്വവും ആയിരിക്കും.
20നിന്റെ സൂര്യൻ ഇനിയൊരിക്കലും അസ്തമിക്കുകയില്ല,
നിന്റെ ചന്ദ്രൻ മറഞ്ഞുപോകുകയുമില്ല;
യഹോവയായിരിക്കും നിന്റെ നിത്യപ്രകാശം,
നിന്റെ വിലാപകാലം അവസാനിക്കുകയും ചെയ്യും.
21അപ്പോൾ നിന്റെ ജനമെല്ലാം നീതിനിഷ്ഠരാകുകയും
അവർ ഭൂപ്രദേശം എന്നേക്കും കൈവശമാക്കുകയും ചെയ്യും.
എന്റെ മഹത്ത്വം പ്രദർശിപ്പിക്കുന്നതിനായി
ഞാൻ നട്ട നടുതലയും
എന്റെ കൈകളുടെ പ്രവൃത്തിയുമായിരിക്കും അവർ.
22കുറഞ്ഞവൻ ആയിരവും
ചെറിയവൻ ഒരു ശക്തിയേറിയ രാഷ്ട്രവും ആയിത്തീരും.
ഞാൻ യഹോവ ആകുന്നു;
അതിന്റെ സമയത്തു ഞാൻ അതു വേഗത്തിൽ നിറവേറ്റും.”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.