‏ James 3

നാവിനെ മെരുക്കുക

1എന്റെ സഹോദരങ്ങളേ, കർശനമായ ശിക്ഷ ലഭിക്കുമെന്ന് അറിയുന്നതുകൊണ്ട് നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കളാകരുത്. 2പലതിലും ഇടറിവീഴുന്നവരാണ് നാമെല്ലാവരും. ഒരാൾക്ക് വാക്കിൽ പിഴവു സംഭവിക്കാതിരുന്നാൽ, അയാൾ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള പക്വമതിയാണ്.

3കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു. 4കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു. 5അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു. 6നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു.

7എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു. 8എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്.

9നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു. 10ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല. 11ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ? 12എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ.

രണ്ടുതരം ജ്ഞാനം

13നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ. 14എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്. 15അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്. 16കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.

17എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും. 18സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.