‏ John 15

മുന്തിരിച്ചെടിയും ശാഖകളും

1“ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും! 2ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു. 3ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. 4എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല.

5“ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല. 6നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും. 7നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും. 8ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും.

9“പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക. 10ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. 11എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്. 12ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. 13സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല. 14ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. 15ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും. 17നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നതാണ് എന്റെ കൽപ്പന.

ലോകം ശിഷ്യരെ വെറുക്കുന്നു

18“ഈ ലോകജനത നിങ്ങളെ വെറുക്കുന്നെങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെയും വെറുക്കുന്നു എന്ന് ഓർക്കുക. 19നിങ്ങൾ ഈ ലോകത്തിന്റെ സ്വന്തം ആയിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ഇനിമേൽ ഈ ലോകത്തിന്റെ സ്വന്തമല്ല, കാരണം ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ വെറുക്കുന്നത്. 20‘ദാസൻ യജമാനനെക്കാൾ വലിയവനല്ല,’ a എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ നിങ്ങളുടേതും അനുസരിക്കുമായിരുന്നു. 21എന്നെ അയച്ച പിതാവിനെ അവർ അറിയാത്തതുകൊണ്ട്, ഇങ്ങനെയൊക്കെ എന്റെ നാമംനിമിത്തം നിങ്ങളെ ഉപദ്രവിക്കും. 22ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവു പറയാനാവില്ല. 23എന്നെ വെറുക്കുന്നയാൾ എന്റെ പിതാവിനെയും വെറുക്കുന്നു. 24മറ്റാരും ചെയ്തിട്ടില്ലാത്തതരം അത്ഭുതപ്രവൃത്തികൾ ഞാൻ അവരുടെമധ്യത്തിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അവർ കുറ്റക്കാരാകുകയില്ലായിരുന്നു. എന്നാൽ, അവർ ഈ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു. 25‘കാരണംകൂടാതെ അവർ എന്നെ വെറുത്തു,’ എന്ന് ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിവൃത്തിയാകാനാണ് ഇതു സംഭവിച്ചത്.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനം

26“പിതാവിൽനിന്ന് പുറപ്പെടുന്ന സത്യത്തിന്റെ ആത്മാവ് എന്ന ആശ്വാസദായകനെ ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങളുടെ അടുത്തേക്കയയ്ക്കും. ആ ആത്മാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംപറയും. 27നിങ്ങളും ആരംഭംമുതൽ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കേണ്ടതാണ്.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.