‏ Joshua 18

ശേഷം ദേശത്തിന്റെ വിഭജനം

1ദേശം ഇസ്രായേൽജനത്തിന്റെ നിയന്ത്രണത്തിലാക്കിയതിനുശേഷം ഇസ്രായേൽസഭ മുഴുവനും ശീലോവിൽക്കൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. 2എന്നാൽ ഇനിയും ഓഹരി ലഭിക്കാത്ത ഏഴ് ഇസ്രായേല്യഗോത്രങ്ങൾ ഉണ്ടായിരുന്നു.

3അതുകൊണ്ട് യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കുതന്ന ദേശം കൈവശപ്പെടുത്തുന്നതിനു നിങ്ങൾ എത്രമാത്രം കാത്തിരിക്കും? 4ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ നിയമിക്കുക. അവർ ദേശം നിരീക്ഷിച്ച്, ഓരോ ഗോത്രത്തിനും കിട്ടേണ്ട അവകാശമനുസരിച്ച് വിവരണം തയ്യാറാക്കാൻ ഞാൻ അവരെ അയയ്ക്കും. അവർ വിവരണവുമായി എന്റെ അടുക്കൽ മടങ്ങിവരേണം. 5ദേശം ഏഴായി ഭാഗിക്കണം. യെഹൂദാഗോത്രം ദക്ഷിണപ്രദേശത്തും യോസേഫിന്റെ ഗോത്രങ്ങൾ ഉത്തരപ്രദേശത്തും താമസിക്കട്ടെ. 6ദേശത്തിന്റെ ഏഴു ഭാഗങ്ങളെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി എന്റെ അടുക്കൽ വരിക, ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും. 7ലേവ്യർക്ക് യഹോവയുടെ പൗരോഹിത്യശുശ്രൂഷ അവകാശമായിരിക്കുകയാൽ, നിങ്ങളുടെയിടയിൽ പ്രത്യേക ഓഹരിയില്ല. ഗാദിനും രൂബേനും മനശ്ശെയുടെ പകുതിഗോത്രത്തിനും യഹോവയുടെ ദാസനായ മോശ അവർക്കു യോർദാന്റെ കിഴക്കേ തീരത്തു നൽകിയ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.”

8ദേശം നിരീക്ഷിക്കാൻ ആ പുരുഷന്മാർ പുറപ്പെട്ടപ്പോൾ യോശുവ അവരോട്, “നിങ്ങൾ ദേശം നോക്കി മനസ്സിലാക്കി വിവരണവും എഴുതി എന്റെ അടുക്കൽ മടങ്ങിവരിക. ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും” എന്നു പറഞ്ഞു. 9അങ്ങനെ ആ പുരുഷന്മാർ പോയി ദേശത്തുകൂടി സഞ്ചരിച്ചു. അവർ പട്ടണംപട്ടണമായി ഒരു വിവരണം ഏഴുഭാഗങ്ങളായി ഒരു പുസ്തകച്ചുരുളിൽ എഴുതി, ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിൽ മടങ്ങിവന്നു.

10യോശുവ ശീലോവിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവർക്കുവേണ്ടി നറുക്കിട്ടു; അവിടെവെച്ചു ഇസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭജിച്ചു.

ബെന്യാമീനുള്ള അവകാശഭൂമി

11ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. അവരുടെ അവകാശഭൂമി യെഹൂദയുടെയും യോസേഫിന്റെയും ഗോത്രങ്ങളുടെ അവകാശങ്ങളുടെ ഇടയിൽ ആയിരുന്നു.
12അതിന്റെ വടക്കേ അതിര് യോർദാൻനദിയിൽ ആരംഭിച്ച്, യെരീഹോവിന്റെ വടക്കേ ചരിവ് കടന്ന്, പടിഞ്ഞാറ് മലനാട്ടിൽ പ്രവേശിച്ച് ബേത്-ആവെൻ മരുഭൂമിയിൽക്കൂടി പുറത്തുവരുന്നു. 13അവിടെനിന്നും ബേഥേൽ എന്ന ലൂസിന്റെ തെക്കേ ചരിവിലേക്കു കടന്ന് താഴത്തെ ബേത്-ഹോരോന്റെ തെക്കുവശത്തുള്ള കുന്നിലെ അതെരോത്ത്-അദാരിലേക്കിറങ്ങുന്നു.
14തെക്കുവശത്തുള്ള ബേത്-ഹോരോന് എതിരേയുള്ള കുന്നിൽനിന്ന് ആ അതിര് വീണ്ടും തെക്കോട്ടു തിരിഞ്ഞു പടിഞ്ഞാറുവശത്തുകൂടി യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലിൽ അവസാനിക്കുന്നു. ഇതു പടിഞ്ഞാറേ ഭാഗം.
15തെക്കേ ഭാഗം പടിഞ്ഞാറ് കിര്യത്ത്-യെയാരീമിന്റെ അതിരുമുതൽ നെപ്തോഹാ നീരുറവകളിൽ എത്തുന്നു. 16പിന്നെ ആ അതിര് രെഫായീം താഴ്വരയുടെ വടക്കുവശത്തുള്ള ബെൻ-ഹിന്നോം താഴ്വരയുടെ എതിരേയുള്ള കുന്നിന്റെ അടിവാരത്തേക്കിറങ്ങുന്നു. പിന്നെ യെബൂസ്യപട്ടണത്തിന്റെ തെക്കേ ചരിവിൽക്കൂടി ഹിന്നോം താഴ്വരയിലേക്കു തുടരുകയും ഏൻ-രോഗേൽവരെ എത്തുകയും ചെയ്യുന്നു. 17അവിടെനിന്നു വടക്കോട്ടു വളഞ്ഞ് ഏൻ-ശേമെശിലേക്കു കയറി അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങുന്നു. 18തുടർന്ന് ബേത്-അരാബയുടെ വടക്കേ ചരിവിലേക്ക് ഇറങ്ങി അരാബയിൽ എത്തുന്നു. 19പിന്നെ അത് ബേത്-ഹൊഗ്ലായുടെ വടക്കേ ചരിവിൽ ചെന്ന് ഉപ്പുകടലിന്റെ
അതായത്, ചാവുകടലിന്റെ
വടക്കേ ഉൾക്കടലിൽ യോർദാന്റെ അഴിമുഖത്ത് തെക്കുഭാഗത്ത് അവസാനിക്കുന്നു. ഇതായിരുന്നു തെക്കേ അതിര്.
20കിഴക്കുവശത്തെ അതിര് യോർദാൻനദിയായിരുന്നു.
ബെന്യാമീൻഗോത്രത്തിന് കുലംകുലമായി കിട്ടിയ അവകാശത്തിന്റെ എല്ലാവശങ്ങളിലുമുള്ള അതിരുകൾ ഇവയായിരുന്നു.

21ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ലഭിച്ച പട്ടണങ്ങൾ ഇവയാണ്:
യെരീഹോ, ബേത്-ഹൊഗ്ലാ, ഏമെക്-കെസീസ്;
22ബേത്-അരാബ, സെമരായീം, ബേഥേൽ, 23അവ്വീം, പാറാ, ഒഫ്ര; 24കെഫാർ-അമ്മോനി, ഒഫ്നി, ഗേബാ— ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
25ഗിബെയോൻ, രാമാ, ബേരോത്ത് 26മിസ്പാ, കെഫീരാ, മോസ, 27രേക്കെം, യിർപ്പേൽ, തരലാ, 28സേല, ഹലെഫ്, ജെറുശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്—ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും.
ഇവയാകുന്നു ബെന്യാമീൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.