‏ Joshua 17

1യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനുള്ള അവകാശമായി മനശ്ശെയുടെ ആദ്യജാതൻ മാഖീറിനു ലഭിച്ച ഓഹരി ഇതാണ്. മാഖീർ ഗിലെയാദ്യരുടെ പൂർവികനായിരുന്നു. മാഖീര്യർ നല്ല യുദ്ധവീരന്മാരായിരുന്നതിനാൽ അവർക്കു ഗിലെയാദും ബാശാനും ലഭിച്ചു. 2മനശ്ശെയുടെശേഷം പുത്രന്മാരായ അബിയേസെർ, ഹേലെക്, അസ്രീയേൽ, ശേഖേം, ഹേഫെർ, ശെമീദ എന്നിവരുടെ കുലങ്ങൾക്കും ഓഹരി ലഭിച്ചു. ഇവർ കുലംകുലമായി യോസേഫിന്റെ മകനായ മനശ്ശെയുടെ പിൻഗാമികളായ പുരുഷന്മാരായിരുന്നു.

3എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിന് പുത്രിമാരല്ലാതെ, പുത്രന്മാർ ഇല്ലായിരുന്നു. അവർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു. 4അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും ഇസ്രായേല്യനേതാക്കന്മാരുടെയും അടുത്തുചെന്ന് അവരോട്, “ഞങ്ങളുടെ സഹോദരന്മാരുടെ ഇടയിൽ ഒരു ഓഹരി ഞങ്ങൾക്കു തരാൻ യഹോവ മോശയോടു കൽപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ടു യോശുവ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പിതൃസഹോദരന്മാരുടെ അവകാശത്തിന്റെകൂടെ അവർക്കും ഓഹരികൊടുത്തു. 5യോർദാനു കിഴക്കുള്ള ഗിലെയാദും ബാശാനും കൂടാതെ പത്തുമേഖലകൾ മനശ്ശെയുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; 6മനശ്ശെഗോത്രത്തിലെ പുത്രിമാർക്കും പുത്രന്മാരുടെകൂടെ ഓഹരി കിട്ടിയതുകൊണ്ടാണ്. മനശ്ശെയുടെ പിൻഗാമികളിൽ ശേഷിക്കുന്നവർക്കു ഗിലെയാദുദേശം ലഭിച്ചു.

7മനശ്ശെയുടെ മേഖല ആശേർമുതൽ ശേഖേമിനു കിഴക്കുള്ള മിക്‌മെഥാത്തുവരെ വ്യാപിച്ചുകിടന്നു. മേഖലയുടെ അതിര് അവിടെനിന്നു തെക്കോട്ടു ചെന്ന് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു. 8(തപ്പൂഹദേശം മനശ്ശെയുടേതായിരുന്നു. എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു.) 9അതിര് തെക്കുവശത്തേക്ക്, കാനാമലയിടുക്കുവരെ വ്യാപിച്ചിരുന്നു. മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമ്യപട്ടണങ്ങളും ഉണ്ടായിരുന്നു, എന്നാൽ മനശ്ശെയുടെ അതിര് മലയിടുക്കിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. 10തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളതായിരുന്നു. അത് മെഡിറ്ററേനിയൻ സമുദ്രംവരെ ചെന്നിരുന്നു: അതിന്റെ വടക്ക് ആശേരും കിഴക്ക് യിസ്സാഖാരും ആയിരുന്നു.
11യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്-ശയാനും യിബ്ലെയാമും, ദോർ, എൻ-ദോർ, താനാക്ക്, മെഗിദ്ദോ എന്നിവിടങ്ങളിലെ നിവാസികളും അവയുടെ അധീനനഗരങ്ങളും ഉണ്ടായിരുന്നു. മൂന്നാമത്തേത് നാഫോത്ത്
അതായത്, നാഫത്ത്-ദോർ
ആകുന്നു.

12എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളയാൻ സാധിച്ചില്ല; കനാന്യർ അവിടെത്തന്നെ താമസിക്കാൻ ഉറച്ചിരുന്നു. 13എന്നാൽ ഇസ്രായേൽമക്കൾ ബലവാന്മാരായിത്തീർന്നപ്പോൾ കനാന്യരെ പൂർണമായും ഓടിച്ചുകളയാതെ അവരെക്കൊണ്ടു നിർബന്ധിതമായി ജോലിചെയ്യിച്ചു.

14ഇതിനുശേഷം യോസേഫിന്റെ ആളുകൾ യോശുവയോട്, “ഞങ്ങൾ ഒരു വലിയ ജനസമൂഹമായിട്ടും യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തിട്ടും നീ ഞങ്ങൾക്ക് ഒരു അവകാശവും അതിന്റെ ഒരു അംശംമാത്രവും തന്നതെന്ത്?” എന്നു ചോദിച്ചു.

15“നിങ്ങൾ എണ്ണത്തിൽ അത്ര വലുതും നിങ്ങളുടെ എഫ്രയീം മലമ്പ്രദേശം വിസ്താരത്തിൽ ചെറുതുമെങ്കിൽ, പെരിസ്യരുടെയും മല്ലന്മാരായ രേഫാര്യരുടെയുംവക മലമ്പ്രദേശത്തേക്കുചെന്ന് കാടു വെട്ടിത്തെളിച്ചു സ്ഥലം എടുത്തുകൊൾക” എന്നു യോശുവ ഉത്തരം പറഞ്ഞു.

16അതിനു യോസേഫിന്റെ ആളുകൾ, “ഞങ്ങൾക്കു മലമ്പ്രദേശം പോരാ; ബേത്-ശയാൻ, അതിന്റെ അധീനനഗരങ്ങൾ, യെസ്രീൽതാഴ്വര എന്നീ സമതലപ്രദേശങ്ങളിൽ താമസിക്കുന്ന കനാന്യർക്കെല്ലാം ഇരുമ്പുരഥങ്ങൾ ഉണ്ടല്ലോ” എന്നു പറഞ്ഞു.

17എന്നാൽ യോശുവ യോസേഫിന്റെ ഗോത്രങ്ങളായ മനശ്ശെയോടും എഫ്രയീമിനോടും, “നിങ്ങൾ എണ്ണത്തിലും ശക്തിയിലും വലുപ്പമുള്ളവർതന്നെ. നിങ്ങൾക്കു കിട്ടേണ്ടത് ഒരു ഓഹരിമാത്രമല്ല. 18വനനിബിഡമായ മലനാട് നിങ്ങൾക്കുള്ളതായിരിക്കണം. അതു കാടാണ് എങ്കിലും അതു വെട്ടിത്തെളിക്കുക. അതിന്റെ അങ്ങേയറ്റംവരെയുള്ള പ്രദേശം നിങ്ങൾക്കുള്ളതാകുന്നു. കനാന്യർക്ക് ഇരുമ്പു രഥമുണ്ടെങ്കിലും, അവർ ബലവാന്മാരാണെങ്കിലും നിങ്ങൾ അവരെ ഓടിച്ചുകളയും” എന്നു പറഞ്ഞു.

Copyright information for MalMCV