‏ Judges 6

ഗിദെയോൻ

1ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. അതുകൊണ്ട് യഹോവ അവരെ ഏഴുവർഷത്തേക്ക് മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചു. 2മിദ്യാന്യർ ഇസ്രായേലിന്മേൽ പ്രബലരായി; മിദ്യാന്യരുടെ ആക്രമണം അതിശക്തമായിരുന്നതിനാൽ ഇസ്രായേൽജനം പർവതങ്ങളിലെ മാളങ്ങൾ, ഗുഹകൾ, കോട്ടകൾ എന്നിവിടങ്ങളിൽ അഭയംനേടി. 3ഇസ്രായേൽ ധാന്യം വിതച്ചിരിക്കുമ്പോഴെല്ലാം, മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് അവരെ ആക്രമിക്കും. 4അവർ ദേശത്ത് താവളമടിച്ച് ഗസ്സാവരെയുള്ള വിളകൾ നശിപ്പിക്കും; ഇസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ യാതൊന്നും ശേഷിപ്പിക്കുകയില്ല. 5അവർ കന്നുകാലികളും കൂടാരങ്ങളുമായി വെട്ടുക്കിളിക്കൂട്ടംപോലെവരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്ത് കടന്ന് നാശംചെയ്യും. 6ഇങ്ങനെ മിദ്യാന്യരാൽ ഇസ്രായേൽ വളരെ ദരിദ്രരാക്കപ്പെട്ടു, ഇസ്രായേൽജനം സഹായത്തിനായി യഹോവയോട് നിലവിളിച്ചു.

7മിദ്യാന്യരുടെ നിമിത്തം ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചപ്പോൾ, 8അവിടന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു; അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന്, അടിമദേശത്തുനിന്നുതന്നെ കൊണ്ടുവന്നു; 9ഈജിപ്റ്റിന്റെ അധികാരത്തിൽനിന്ന്, നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നുതന്നെ, ഞാൻ നിങ്ങളെ വിടുവിച്ചു; നിങ്ങളുടെമുമ്പിൽനിന്ന് അവരെ ഓടിച്ചു; അവരുടെ ദേശം നിങ്ങൾക്ക് നൽകി. 10യഹോവയായ ഞാൻ ആകുന്നു നിങ്ങളുടെ ദൈവം; നിങ്ങൾ വസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ വന്ദിക്കരുതെന്നും ഞാൻ നിങ്ങളോടു കൽപ്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്കു ശ്രദ്ധിച്ചില്ല.”

11യഹോവയുടെ ദൂതൻ ഒഫ്രായിൽവന്ന് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്റെ കീഴിലിരുന്നു; അദ്ദേഹത്തിന്റെ മകനായ ഗിദെയോൻ, മിദ്യാന്യരിൽനിന്നു ഗോതമ്പു സംരക്ഷിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെവെച്ച് മെതിക്കുകയായിരുന്നു. 12യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, “പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.

13ഗിദെയോൻ പറഞ്ഞു: “എന്നോട് ക്ഷമിക്കണമേ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതൊക്കെ നമുക്ക് സംഭവിക്കുന്നത്? ‘യഹോവ നമ്മെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു,’ എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിട്ടുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ എവിടെ? യഹോവ നമ്മെ ഉപേക്ഷിച്ച് ഇപ്പോൾ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നല്ലോ.”

14യഹോവ തിരിഞ്ഞ് അവനെ നോക്കി, “നിനക്കുള്ള ബലത്തോടെ പോകുക. ഇസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കുക, ഞാനല്ലയോ, നിന്നെ അയയ്ക്കുന്നത്?” എന്നു പറഞ്ഞു.

15“അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു.

16യഹോവ പറഞ്ഞു: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ സകലമിദ്യാന്യരെയും ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോൽപ്പിക്കും.”

17അപ്പോൾ ഗിദെയോൻ, “അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ, എന്നോടു സംസാരിക്കുന്നത് അവിടന്നുതന്നെ എന്നതിന് ഒരു ചിഹ്നം തരണമേ. 18ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് അങ്ങയുടെമുമ്പാകെ അർപ്പിക്കുന്നതുവരെ ഇവിടെനിന്നു പോകരുതേ” എന്നു പറഞ്ഞു.

“നീ മടങ്ങിവരുന്നതുവരെ ഞാൻ കാത്തിരിക്കാം” യഹോവ അരുളിച്ചെയ്തു.

19ഗിദെയോൻ പോയി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്തു. ഒരു ഏഫാ
ഏക. 16 കി.ഗ്രാം.
മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കൊട്ടയിലും ചാറ് ഒരു കലത്തിലും പകർന്നുകൊണ്ടുവന്ന് കരുവേലകത്തിൻകീഴേ അവിടത്തെ മുമ്പിൽ അർപ്പിച്ചു.

20അപ്പോൾ ദൈവത്തിന്റെ ദൂതൻ അയാളോട്, “മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറയിൽ വെക്കുക, ചാറ് അതിന്മേൽ ഒഴിക്കുക” എന്നു കൽപ്പിച്ചു; അയാൾ അങ്ങനെ ചെയ്തു. 21യഹോവയുടെ ദൂതൻ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; പാറയിൽനിന്നു തീ ജ്വലിച്ച് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; തുടർന്ന് യഹോവയുടെ ദൂതൻ അപ്രത്യക്ഷനായി. 22അത് യഹോവയുടെ ദൂതൻ ആയിരുന്നു എന്ന് ഗിദെയോൻ ഗ്രഹിച്ചപ്പോൾ; ആശ്ചര്യത്തോടെ, “അയ്യോ, കർത്താവായ യഹോവേ! ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ!” എന്നു പറഞ്ഞു.

23എന്നാൽ യഹോവ അയാളോട്: “നിനക്കു സമാധാനം; ഭയപ്പെടേണ്ട, നീ മരിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.

24ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ-ശാലേം
യഹോവ-സമാധാനം എന്നർഥം.
എന്നു പേരിട്ടു; അത് ഇപ്പോഴും അബിയേസ്രിയർക്കുള്ള ഒഫ്രയിൽ ഉണ്ട്.

25അന്നുരാത്രി യഹോവ അദ്ദേഹത്തോട് കൽപ്പിച്ചു: “നിന്റെ പിതാവിന്റെ ഏഴുവയസ്സുള്ള
ഏഴുവയസ്സുള്ള, വിവക്ഷിക്കുന്നത് പൂർണവളർച്ചയെത്തിയത്.
രണ്ടാമത്തെ കാളയെ കൊണ്ടുവരിക; നിന്റെ പിതാവിന്റെ വകയായ ബാലിന്റെ ബലിപീഠം ഇടിച്ചുനിരത്തി അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ
അതായത്, അശേരാദേവിയുടെ പ്രതീകങ്ങൾ; ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങളിൽ ഈ പരാമർശമുണ്ട്.
വെട്ടിക്കളയുക.
26ഈ മലമുകളിലെ കോട്ടയിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അനുയോജ്യമായ
അതായത്, കല്ലുകൾ അതിന്റെ നിരയിൽ അടുക്കിക്കൊണ്ട്.
ഒരു യാഗപീഠം പണിയുക. നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ആ രണ്ടാമത്തെ കാളയെ ഹോമയാഗം കഴിക്കണം.”

27ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ചെയ്തു; എന്നാൽ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും ഭയന്ന് അദ്ദേഹം പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.

28പ്രഭാതത്തിൽ പട്ടണക്കാർ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർക്കപ്പെട്ടിരിക്കുന്നതും അതിനരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞിരിക്കുന്നതും പുതിയ യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു!

29“ആരാണ് ഇതു ചെയ്തത്?” അവർ പരസ്പരം ചോദിച്ചു.

സൂക്ഷ്മമായ അന്വേഷണത്തിൽ, “യോവാശിന്റെ പുത്രനായ ഗിദെയോനാണ് അതു ചെയ്തത്” എന്നറിഞ്ഞു.

30പട്ടണക്കാർ യോവാശിനോട്, “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചുനശിപ്പിച്ചു; അതിനടുത്തുണ്ടായിരുന്ന അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തി” എന്നു പറഞ്ഞു.

31യോവാശ് തനിക്കു വിരോധമായി ചുറ്റും നിൽക്കുന്നവരോടു പറഞ്ഞു: “നിങ്ങളോ ബാലിനുവേണ്ടി വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നത്? അവനുവേണ്ടി ആർ വ്യവഹരിക്കുന്നോ അയാൾ ഇന്നുരാവിലെതന്നെ മരിക്കണം! ബാൽ യഥാർഥ ദേവനെങ്കിൽ, തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞപ്പോൾ അവൻ അതിനെ സംരക്ഷിക്കുമായിരുന്നു.” 32ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതുകൊണ്ട്, “ബാൽ അയാളോടു വ്യവഹരിക്കട്ടെ” എന്നു പറഞ്ഞു. അവർ അന്ന് ഗിദെയോന് യെരൂ-ബാൽ എന്നു പേർ വിളിച്ചു.

33അതിനുശേഷം മിദ്യാന്യരുടെയും അമാലേക്യരുടെയും കിഴക്കുദേശക്കാരുടെയും സൈന്യം ഒരുമിച്ച് യോർദാൻ കടന്ന് യെസ്രീൽതാഴ്വരയിൽ പാളയമടിച്ചു. 34അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽവന്നു, അദ്ദേഹം കാഹളമൂതി അബിയേസെരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. 35അദ്ദേഹം മനശ്ശെയിൽ എല്ലായിടത്തും ദൂതന്മാരെ അയച്ചു; യുദ്ധസന്നദ്ധരാകാൻ അവരെ ആഹ്വാനംചെയ്തു. അദ്ദേഹം ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും അദ്ദേഹത്തോടൊപ്പം ചേർന്നു.

36ഗിദെയോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെങ്കിൽ— 37ഇതാ, ഞാൻ രോമമുള്ളൊരു ആട്ടിൻതുകൽ മെതിക്കളത്തിൽ വിരിക്കുന്നു. തുകലിന്മേൽ മഞ്ഞുണ്ടായിരിക്കുകയും നിലമൊക്കെയും ഉണങ്ങിയിരിക്കുകയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും.” 38അങ്ങനെതന്നെ സംഭവിച്ചു; അദ്ദേഹം പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റ് തുകൽ പിഴിഞ്ഞു. മഞ്ഞുവെള്ളം ഒരു പാത്രം നിറച്ചെടുത്തു.

39ഗിദെയോൻ പിന്നെയും ദൈവത്തോട്, “അങ്ങ് എന്നോടു കോപിക്കരുതേ; ഒരു അപേക്ഷകൂടെ ഞാൻ കഴിച്ചുകൊള്ളട്ടെ. തുകൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിക്കാൻ എന്നെ അനുവദിച്ചാലും: തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരിക്കട്ടെ” എന്നു പറഞ്ഞു. 40അന്നുരാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.