‏ Luke 9

യേശു പന്ത്രണ്ടുശിഷ്യന്മാരെ അയയ്ക്കുന്നു

1യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ നിയോഗിക്കുമ്പോൾ, ഭൂതങ്ങളെ പുറത്താക്കാനും രോഗങ്ങൾ സൗഖ്യമാക്കാനും അവർക്കു ശക്തിയും അധികാരവും നൽകിയിരുന്നു. 2ദൈവരാജ്യം ഘോഷിക്കാനും രോഗികൾക്കു സൗഖ്യം നൽകാനും അവർക്ക് ആജ്ഞ നൽകി അയച്ചു. 3അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “യാത്രയ്ക്കു വടിയോ സഞ്ചിയോ ആഹാരമോ പണമോ ഒന്നിലധികം വസ്ത്രമോ എടുക്കരുത്. 4നിങ്ങൾക്ക് ഏതെങ്കിലും ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക. 5നിങ്ങൾക്ക് സ്വാഗതം നിഷേധിക്കുന്നിടത്ത് ആ പട്ടണം വിട്ടുപോകുമ്പോൾ, പട്ടണവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.”
പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക, വിവക്ഷിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി, ഇനി നിങ്ങളുടെമേൽ വരുന്ന ശിക്ഷയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല.
6ഇതനുസരിച്ച് അപ്പൊസ്തലന്മാർ എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചും രോഗസൗഖ്യംനൽകിയും ഗ്രാമംതോറും സഞ്ചരിച്ചു.

7ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും, 8ഏലിയാപ്രവാചകൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും, പുരാതന പ്രവാചകന്മാരിൽ ഒരാൾ ജീവിച്ചെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞുകൊണ്ടിരുന്നതിനാൽ ഹെരോദാവ് പരിഭ്രാന്തനായി. 9“ഞാൻ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ഈ വിധ കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ആരെക്കുറിച്ചാണ്?” എന്ന് അദ്ദേഹം പറഞ്ഞു. യേശുവിനെ കാണാൻ ഹെരോദാവ് പരിശ്രമിച്ചു.

അഞ്ച് അപ്പവും അയ്യായിരംപേരും

10അപ്പൊസ്തലന്മാർ തിരികെയെത്തി തങ്ങൾ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം അപ്പൊസ്തലന്മാരെമാത്രം ഒപ്പംകൂട്ടി ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു യാത്രയായി. 11എന്നാൽ അദ്ദേഹം എവിടേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയ ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്ത് അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും രോഗസൗഖ്യം ആവശ്യമായിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു.

12സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു.

13എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.

“ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.
14അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു.

എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു.
15അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. 16അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. 17എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

യേശു, ക്രിസ്തുവെന്ന് പത്രോസ് പ്രഖ്യാപിക്കുന്നു

18ഒരിക്കൽ യേശു ഏകാന്തമായി പ്രാർഥിച്ചുകൊണ്ടിരുന്നു; അപ്പോൾ അദ്ദേഹത്തിന്റെ സമീപത്ത് ഉണ്ടായിരുന്ന ശിഷ്യന്മാരോട് അദ്ദേഹം, “ഞാൻ ആരാകുന്നു എന്നാണ് ജനക്കൂട്ടം പറയുന്നത്?” എന്നു ചോദിച്ചു.

19അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പുരാതനകാലത്തു ജീവിച്ചിരുന്ന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റുവെന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.

20“എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?”

“ദൈവത്തിന്റെ ക്രിസ്തു,” എന്ന് പത്രോസ് പ്രതിവചിച്ചു.

യേശു തന്റെ മരണം മുൻകൂട്ടിപ്പറയുന്നു

21ഇത് ആരോടും പറയരുത് എന്ന് യേശു അവർക്കു കർശനനിർദേശം നൽകി. 22തുടർന്ന് അദ്ദേഹം, “മനുഷ്യപുത്രൻ
അതായത്, ക്രിസ്തു
വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും വേണം” എന്നും പറഞ്ഞു.

23അതിനുശേഷം തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരോടുമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് അനുദിനം എന്നെ അനുഗമിക്കട്ടെ. 24സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. 25ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വജീവൻ നഷ്ടമാക്കുകയോ കൈമോശംവരുത്തുകയോ ചെയ്താൽ അവന് എന്തു പ്രയോജനം? 26എന്നെയും എന്റെ വചനങ്ങളെയുംകുറിച്ച് ആരെങ്കിലും ലജ്ജിച്ചാൽ (ഞാൻ) മനുഷ്യപുത്രൻ, തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ അയാളെക്കുറിച്ചും ലജ്ജിക്കും.

27“ഞാൻ നിങ്ങളോടു പറയട്ടെ, ദൈവരാജ്യം കാണുന്നതിനുമുമ്പ്, ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല നിശ്ചയം!”

രൂപാന്തരം

28ഈ സംഭാഷണംനടന്ന് ഏകദേശം എട്ടുദിവസം കഴിഞ്ഞ്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെമാത്രം കൂട്ടിക്കൊണ്ട് യേശു ഒരു മലമുകളിൽ പ്രാർഥിക്കാൻ കയറിപ്പോയി. 29പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തേജസ്സേറിയതായി മാറി; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെണ്മയായി. 30മോശ, ഏലിയാവ് എന്നീ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിച്ചുകൊണ്ടു തേജസ്സിൽ പ്രത്യക്ഷരായി. 31യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു. 32ഈ സമയം പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. എന്നാൽ, അവർ ഉറക്കമുണർന്നപ്പോൾ യേശുവിന്റെ തേജസ്സും അദ്ദേഹത്തോടുകൂടെ നിന്നിരുന്ന രണ്ടുപേരെയും കണ്ടു. 33മോശയും ഏലിയാവും യേശുവിനെ വിട്ടുപോകാൻതുടങ്ങുമ്പോൾ പത്രോസ് താൻ പറയുന്നതിന്റെ സാംഗത്യം എന്തെന്നു ഗ്രഹിക്കാതെ അദ്ദേഹത്തോട്, “പ്രഭോ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.

34പത്രോസ് ഇതു സംസാരിക്കുമ്പോൾത്തന്നെ, ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിനുള്ളിലായ അവർ ഭയന്നു. 35അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. 36ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല.

ദുരാത്മാവു ബാധിച്ച ബാലനെ യേശു സൗഖ്യമാക്കുന്നു

37പിറ്റേദിവസം അവർ മലയിൽനിന്നിറങ്ങിവന്നപ്പോൾ വലിയൊരു ജനസമൂഹം യേശുവിനെ എതിരേറ്റു. 38ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് പറഞ്ഞത്: “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്നു ഞാൻ കെഞ്ചുകയാണ്. അവൻ എന്റെ ഒരേയൊരു മകൻ; 39ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു, അത് ആവേശിച്ചാലുടൻതന്നെ അവൻ അലറിവിളിക്കുന്നു. അത് അവനെ നിലത്തുവീഴ്ത്തി പുളയ്ക്കുകയും വായിലൂടെ നുരയും പതയും വരുത്തുകയുംചെയ്യുന്നു. അത് അവനെ വിട്ടൊഴിയാതെ ബാധിച്ചിരിക്കുകയാണ്. 40ആ ദുരാത്മാവിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോടപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല.”

41അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളെ സഹിക്കുകയും ചെയ്യും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു.

42ആ ബാലൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഭൂതം അവനെ നിലത്തുവീഴ്ത്തി പുളയിച്ചു. യേശു ആ ദുരാത്മാവിനെ ശാസിച്ച് ബാലനെ സൗഖ്യമാക്കി പിതാവിനെ ഏൽപ്പിച്ചു. 43എല്ലാവരും ദൈവത്തിന്റെ മഹാശക്തികണ്ട് വിസ്മയഭരിതരായി.

യേശു തന്റെ മരണത്തെക്കുറിച്ച് വീണ്ടും പ്രവചിക്കുന്നു

യേശുവിന്റെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനം വിസ്മയഭരിതരായിരിക്കുമ്പോൾ, അദ്ദേഹം ശിഷ്യന്മാരോട്,
44“ഇനി ഞാൻ നിങ്ങളോടു പറയുന്നത് അതീവശ്രദ്ധയോടെ കേൾക്കുക: മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു. 45എന്നാൽ, ഈ പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, ഗ്രഹിക്കാൻ കഴിയാത്തവിധത്തിൽ അത് അവർക്ക് ഗോപ്യമായിരുന്നു, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.

46ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി. 47യേശു അവരുടെ ചിന്തകൾ മനസ്സിലാക്കിയിട്ട് ഒരു ശിശുവിനെ എടുത്ത് തന്റെ അടുക്കൽ നിർത്തി; 48പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു.

49“പ്രഭോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു യോഹന്നാൻ പറഞ്ഞു.

50“അയാളെ തടയരുത്” യേശു പ്രതിവചിച്ചു, “നിങ്ങൾക്കു പ്രതികൂലമല്ലാത്തയാൾ നിങ്ങൾക്ക് അനുകൂലമാണ്.”

ശമര്യാക്കാരുടെ എതിർപ്പ്

51തന്റെ സ്വർഗാരോഹണത്തിനുള്ള സമയം സമീപിച്ചപ്പോൾ യേശു നിശ്ചയദാർഢ്യത്തോടെ ജെറുശലേമിലേക്കു യാത്രയായി. 52അപ്പോൾത്തന്നെ അദ്ദേഹം തനിക്കുമുമ്പേ സന്ദേശവാഹകന്മാരെ അയച്ചു; അവർ അദ്ദേഹത്തിനുവേണ്ടി ഒരുക്കങ്ങൾ ചെയ്യുന്നതിനു ശമര്യരുടെ ഒരു ഗ്രാമത്തിൽ ചെന്നു. 53എന്നാൽ, അദ്ദേഹത്തിന്റെ യാത്ര ജെറുശലേം ലക്ഷ്യമാക്കിയായിരുന്നതുകൊണ്ട് ആ ഗ്രാമവാസികൾക്ക് യേശുവിനെ സ്വീകരിക്കാൻ മനസ്സുണ്ടായില്ല. 54ഇതു കണ്ടിട്ട്, ശിഷ്യന്മാരായ യാക്കോബും യോഹന്നാനും, “കർത്താവേ, ഏലിയാവു ചെയ്തതുപോലെ
ചി.കൈ.പ്ര. ഈ വാക്യഭാഗം കാണുന്നില്ല.
ആകാശത്തിൽനിന്ന് തീ ഇറക്കി ഞങ്ങൾ ഇവരെ ചാമ്പലാക്കട്ടേ?” എന്നു ചോദിച്ചു.
55എന്നാൽ യേശു അവർക്കുനേരേ തിരിഞ്ഞ് അവരെ ശാസിച്ചു, “ഏതാത്മാവാണ് നിങ്ങളെ ഭരിക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ല; മനുഷ്യരുടെ ജീവനെ ഹനിക്കാനല്ല, രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
ഈ വിശദീകരണം ചി.കൈ.പ്ര. കാണുന്നില്ല.
56പിന്നെ അവർ മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി.

ശിഷ്യത്വത്തിന്റെ വില

57അവർ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തോട്, “അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.

58അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.

59അദ്ദേഹം മറ്റൊരു വ്യക്തിയോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.

എന്നാൽ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.

60എന്നാൽ യേശു അയാളോട്, “മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീയോ പോയി ദൈവരാജ്യം വിളംബരംചെയ്യുക” എന്നു പറഞ്ഞു.

61വേറൊരാൾ, “കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ, ഞാൻ ഒന്നാമത് എന്റെ കുടുംബാംഗങ്ങളോടു യാത്രപറയാൻ അനുവദിക്കേണം” എന്നു പറഞ്ഞു.

62യേശു മറുപടിയായി, “കലപ്പയ്ക്കു കൈവെച്ചശേഷം പിറകോട്ടു നോക്കുന്നവരാരും ദൈവരാജ്യത്തിനു യോഗ്യരല്ല” എന്നു പറഞ്ഞു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.