‏ Proverbs 27

1നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്,
കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.

2നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ;
നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ.

3കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്,
എന്നാൽ ഒരു ഭോഷന്റെ പ്രകോപനം ഇവ രണ്ടിലും ഭാരമേറിയതാണ്.

4കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്,
എന്നാൽ അസൂയയ്ക്കുമുന്നിൽ ആർക്കു പിടിച്ചുനിൽക്കാൻ കഴിയും?

5മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും
തുറന്ന ശാസനയാണ് നല്ലത്.

6സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം,
എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു.

7ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്,
എന്നാൽ വിശപ്പുള്ളവർക്ക് കയ്‌പുള്ളതുപോലും മധുരതരമാണ്.

8വീടുവിട്ടലയുന്ന മനുഷ്യനും
കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ.

9സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം
സുഗന്ധതൈലവും ധൂപവർഗവുംപോലെ
ഹൃദയത്തിനു പ്രസാദകരമാകുന്നു.

10നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്,
ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്—
അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്.

11എന്റെ കുഞ്ഞേ,
മൂ.ഭാ. എന്റെ മകനേ
നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക;
അപ്പോൾ എനിക്ക് എന്നെ നിന്ദിക്കുന്നവരോട് പ്രത്യുത്തരം പറയാൻകഴിയും.

12ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു,
എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.

13അന്യർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം കൈവശപ്പെടുത്തുക;
പ്രവാസിക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ, വസ്ത്രംതന്നെ പണയമായി വാങ്ങുക.

14അതിരാവിലെ ആരെങ്കിലും നിങ്ങളുടെ അയൽവാസിയെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നെങ്കിൽ,
അതൊരു ശാപമായി പരിഗണിക്കപ്പെടും.

15കലഹപ്രിയയായ ഭാര്യ പെരുമഴയത്തു
ചോരുന്ന പുരയിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളംപോലെയാണ്;
16അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാറ്റിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുപോലെയോ
കൈയിൽ എണ്ണ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയോ ആണ്.

17ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു.

18അത്തിവൃക്ഷം സംരക്ഷിക്കുന്നവർ അതിലെ ഫലം ഭക്ഷിക്കുന്നു,
തങ്ങളുടെ യജമാനനെ സംരക്ഷിക്കുന്നവർ ബഹുമാനിക്കപ്പെടും.

19വെള്ളം മുഖത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതുപോലെ,
ഒരാളുടെ ഹൃദയം അയാളുടെ യഥാർഥ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു.

20മരണവും ദുരന്തവും ഒരിക്കലും തൃപ്തിയടയുന്നില്ല,
അതുപോലെതന്നെയാണ് മനുഷ്യനേത്രങ്ങളും.

21തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു,
എന്നാൽ ആളുകൾ അവർക്കു ലഭിക്കുന്ന പ്രശംസയാൽ പരിശോധിക്കപ്പെടുന്നു.

22ധാന്യം ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നതുപോലെ,
ഭോഷരെ ഇടിച്ചാലും
അവരുടെ ഭോഷത്തം അവരിൽനിന്നകറ്റുക അസാധ്യം.

23നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക,
നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക;
24കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല,
കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല.
25ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ
പർവതങ്ങളിൽനിന്നു സസ്യങ്ങൾ ശേഖരിക്കപ്പെടുന്നു,
26ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും
കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും.
27നിനക്കും കുടുംബത്തിനും കോലാട്ടിൻപാൽ സമൃദ്ധമായി ലഭിക്കും
അത് നിങ്ങളുടെ ദാസീവൃന്ദത്തിന്റെ ജീവസന്ധാരണത്തിനും വകനൽകും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.