‏ Psalms 21

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, അവിടത്തെ ശക്തിയിൽ രാജാവ് ആനന്ദിക്കുന്നു,
അവിടന്നു നൽകുന്ന വിജയത്തിൽ അദ്ദേഹം എത്രയധികം ആഹ്ലാദിക്കുന്നു!

2അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു
അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നുള്ള അപേക്ഷ നിരാകരിച്ചതുമില്ല. സേലാ.
3അനുഗ്രഹസമൃദ്ധിയോടെ അവിടന്ന് അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു
തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചുമിരിക്കുന്നു.
4അദ്ദേഹം അങ്ങയോട് തന്റെ ജീവനുവേണ്ടി യാചിച്ചു, അങ്ങത് അദ്ദേഹത്തിനു നൽകുകയും ചെയ്തു—
അനന്തകാലത്തേക്കുള്ള ദീർഘായുസ്സുതന്നെ.
5അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു;
അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു.
6നിത്യകാലത്തേക്കുള്ള അനുഗ്രഹം അവിടന്ന് അദ്ദേഹത്തിനു നൽകിയിരിക്കുന്നു
അവിടത്തെ സന്നിധിയുടെ സന്തോഷത്താൽ അവിടന്ന് അദ്ദേഹത്തെ ആനന്ദിപ്പിക്കുന്നു.
7കാരണം രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;
അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ
അദ്ദേഹം കുലുങ്ങുകയില്ല.

8അവിടന്ന് അങ്ങയുടെ ശത്രുക്കളെ മുഴുവനും പിടിച്ചടക്കും
അവിടത്തെ വലതുകരം അങ്ങയുടെ വിരോധികളെ ആക്രമിച്ച് കൈയടക്കും
9അവിടന്ന് പ്രത്യക്ഷനാകുമ്പോൾ
അങ്ങ് അവരെ ഒരു എരിയുന്ന തീച്ചൂളപോലെ ദഹിപ്പിക്കും.
തന്റെ ക്രോധത്താൽ യഹോവ അവരെ വിഴുങ്ങിക്കളയും
അവിടത്തെ അഗ്നി അവരെ ഇല്ലാതാക്കും.
10അവിടന്ന് അവരുടെ പിൻതലമുറയെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും,
മനുഷ്യകുലത്തിൽനിന്ന് അവരുടെ സന്തതികളെയും.
11അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത്
ദുഷ്ടത മെനയുന്നു; എന്നാലും അവർ വിജയിക്കുകയില്ല.
12അവർക്കുനേരേ അവിടന്ന് അസ്ത്രങ്ങൾ തൊടുക്കുമ്പോൾ
അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും.

13യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ;
ഞങ്ങൾ പാടും; അങ്ങയുടെ ശക്തിപ്രഭാവത്തെ സ്തുതിക്കും.

സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.