‏ Psalms 39

ദാവീദിന്റെ ഒരു സങ്കീർത്തനം.

1“എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും
എന്റെ നാവിനെ പാപംചെയ്യാതെ കാത്തുകൊള്ളുമെന്നും;
ദുഷ്ടർ എന്റെ മുമ്പിലുള്ളേടത്തോളം
ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു സൂക്ഷിക്കും,” എന്നും ഞാൻ പറഞ്ഞു.
2അതുകൊണ്ട് ഞാൻ പരിപൂർണനിശ്ശബ്ദതയോടെയിരുന്നു,
നന്മയായതുപോലും ഉച്ചരിക്കാതിരുന്നു.
അപ്പോൾ എന്റെ ആകുലതകൾ അധികരിച്ചു;
3എന്റെ ഹൃദയമെന്നുള്ളിൽ ചൂടുപിടിച്ചു
എന്റെ ധ്യാനത്തിങ്കൽ തീ കത്തി;
അപ്പോൾ എന്റെ നാവുകൊണ്ട് ഞാൻ സംസാരിച്ചു:

4“യഹോവേ, എന്റെ ജീവിതാന്ത്യവും
എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും;
എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ.
5എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു;
എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു.
മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം,
ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ.

6“മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു;
അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു
ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല.

7“എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു?
എന്റെ പ്രത്യാശ അങ്ങയിലാകുന്നു.
8എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ;
ഭോഷരുടെ പരിഹാസവിഷയമാക്കി എന്നെ മാറ്റരുതേ.
9ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു,
കാരണം അവിടന്നാണല്ലോ ഇങ്ങനെയെല്ലാം ചെയ്തത്.
10അവിടത്തെ ശിക്ഷാദണ്ഡ് എന്നിൽനിന്നു നീക്കണമേ;
അവിടത്തെ കൈകളുടെ പ്രഹരത്താൽ ഞാൻ ക്ഷയിച്ചിരിക്കുന്നു.
11മനുഷ്യരെ അവരുടെ പാപംഹേതുവായി അവിടന്ന് ശാസിക്കുകയും ശിക്ഷിക്കുകയുംചെയ്യുന്നു,
ഒരു പുഴു തിന്നുതീർക്കുമ്പോലെ അവിടന്ന് അവരുടെ സമ്പത്ത് ഇല്ലാതെയാക്കുന്നു—
നാമെല്ലാവരും ഒരു നിശ്വാസംമാത്രമാകുന്നു, നിശ്ചയം. സേലാ.

12“യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ,
സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കണമേ;
എന്റെ കരച്ചിൽകേട്ട് മൗനമായിരിക്കരുതേ.
ഒരു പ്രവാസിയെപ്പോലെ ഞാൻ തിരുമുമ്പിൽ ജീവിക്കുന്നു,
എന്റെ സകലപൂർവികരെയുംപോലെ ഒരു അപരിചിതനായി ഞാൻ കഴിയുന്നു.
13ഞാൻ മറഞ്ഞ് ഇല്ലാതെയാകുംമുമ്പ്
വീണ്ടും ആനന്ദിക്കേണ്ടതിന് അവിടത്തെ (ക്രോധത്തിന്റെ) ദൃഷ്ടി എന്നിൽനിന്നും അകറ്റണമേ.”

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.