‏ Psalms 45

കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ഒരു വിവാഹഗീതം.

1എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു
രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു;
എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്.

2അങ്ങ് മാനവകുലജാതരിൽ അതിസുന്ദരൻ
ലാവണ്യം അങ്ങയുടെ അധരപുടങ്ങളിൽ പകർന്നിരിക്കുന്നു,
കാരണം ദൈവം അങ്ങയെ എന്നെന്നേക്കുമായി അനുഗ്രഹിച്ചല്ലോ.

3വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക;
പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക.
4സത്യത്തിനും സൗമ്യതയ്ക്കും നീതിക്കുംവേണ്ടി
അവിടത്തെ പ്രതാപത്തിൽ വിജയത്തോടെ മുന്നേറുക;
അവിടത്തെ വലതുകരം വിസ്മയാവഹമായ കാര്യങ്ങൾ ഉപദേശിക്കട്ടെ.
5അവിടത്തെ കൂരമ്പുകൾ രാജവിരോധികളുടെ നെഞ്ചകം തകർക്കട്ടെ;
രാഷ്ട്രങ്ങൾ അങ്ങയുടെ കാൽപ്പാദങ്ങൾക്കടിയിൽ നിലംപതിക്കട്ടെ.
6ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
7അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു;
അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.
8അങ്ങയുടെ ഉടയാടകൾ മീറയും
അഥവാ, നറുമ്പശയും
ചന്ദനവും ലവംഗവുംകൊണ്ട് പരിമളപൂരിതമായിരിക്കുന്നു;
ദന്താലംകൃതമായ മണിമന്ദിരത്തിൽനിന്നുള്ള
തന്ത്രിനാദസംഗീതം അങ്ങയെ ആനന്ദചിത്തനാക്കുന്നു.
9അന്തഃപുരനാരികളിൽ രാജകുമാരികളുണ്ട്;
അങ്ങയുടെ വലതുഭാഗത്ത് ഓഫീർതങ്കത്താൽ അലംകൃതയായ രാജകുമാരി നിലകൊള്ളുന്നു.

10അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ:
നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ.
11അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ;
അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ.
12സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും,
ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും.
13രാജകുമാരി അവളുടെ അന്തപുരത്തിൽ ശോഭാപരിപൂർണയായിരിക്കുന്നു;
അവളുടെ ഉടയാടകൾ തങ്കക്കസവുകളാൽ നെയ്തിരിക്കുന്നു.
14ചിത്രത്തയ്യലുള്ള നിലയങ്കി ധരിച്ചവളായി അവൾ രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു;
കന്യാമണികളാം തോഴികൾ അവൾക്ക് അകമ്പടിനിൽക്കുന്നു.
അവരും അവളോടൊപ്പം വന്നുചേരും.
15ആനന്ദത്തോടും ആഹ്ലാദത്തോടും അവർ ആനയിക്കപ്പെടുന്നു,
അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു.

16അവിടത്തെ പുത്രന്മാർ അങ്ങയുടെ അനന്തരാവകാശികളായി അവരോധിക്കപ്പെടും;
അങ്ങ് അവരെ ഭൂമിയിലെങ്ങും പ്രഭുക്കന്മാരായി വാഴിക്കും.

17ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും
തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും.

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.