‏ Psalms 51

ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്.

1ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,
അടിയനോടു കരുണയുണ്ടാകണമേ;
അങ്ങയുടെ മഹാകാരുണ്യംനിമിത്തം
എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
2എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്
എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.

3എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
4അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു
അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു;
ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും
അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.
5ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്,
എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്.
6അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്;
ഹൃദയാന്തർഭാഗത്തിലും എന്നെ ജ്ഞാനം അഭ്യസിപ്പിച്ചു.

7ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും;
എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.
8ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ;
അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ.
9എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ
എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.

10ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ,
അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.
11അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ
അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.
12അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ,
അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.

13അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും,
അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.
14ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,
രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ,
അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും.
15കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ;
എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ.
16അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ, അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു.
ദഹനയാഗങ്ങളിൽ അവിടന്ന് പ്രസാദിക്കുന്നതുമില്ല.
17ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ;
പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ
ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.

18അവിടത്തെ പ്രസാദംമൂലം സീയോനെ അഭിവൃദ്ധിപ്പെടുത്തണമേ,
ജെറുശലേമിന്റെ മതിലുകളെ പണിയണമേ.
19അപ്പോൾ നീതിമാന്റെ അർപ്പണങ്ങൾ;
ദഹനയാഗങ്ങൾ, അവിടത്തേക്ക് പ്രസാദകരമായ സമ്പൂർണദഹനയാഗങ്ങൾതന്നെ അർപ്പിക്കപ്പെടും;
അപ്പോൾ അവിടത്തെ യാഗപീഠത്തിൽ കാളകൾ അർപ്പിക്കപ്പെടും.

സംഗീതസംവിധായകന്.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.