Psalms 58
ദാവീദിന്റെ ഒരു സ്വർണഗീതം.
1ഭരണാധിപരേ, നിങ്ങളുടെ ഭാഷണം നീതിയുക്തമാണോ?നിങ്ങൾ ജനത്തെ മുഖപക്ഷമില്ലാതെയാണോ വിധിക്കുന്നത്?
2അല്ല! നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ അനീതി രൂപപ്പെടുത്തുകയും
നിങ്ങളുടെ കരങ്ങൾ ഭൂമിയിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.
3ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു;
ജനനംമുതൽതന്നെ വ്യാജംപറഞ്ഞ് അപഥസഞ്ചാരികളുമായിരിക്കുന്നു.
4അവർക്കു സർപ്പസമാനമായ വിഷമുണ്ട്,
അവർ ചെവിയടഞ്ഞ മൂർഖനെപ്പോലെ ബധിരരാണ്,
5അത് പാമ്പാട്ടിയുടെ മകുടിക്കനുസരിച്ച് ആടുകയില്ല,
അതിവിദഗ്ദ്ധരായ മാന്ത്രികരുടെ സ്വരം ശ്രദ്ധിക്കുന്നതുമില്ല.
6ദൈവമേ, അവരുടെ വായിലെ പല്ല് തകർക്കണമേ;
യഹോവേ, ആ സിംഹങ്ങളുടെ താടിയെല്ലുകൾ പറിച്ചുകളയണമേ!
7ഒഴുകിപ്പായുന്ന വെള്ളംപോലെ അവർ ഇല്ലാതെയാകട്ടെ;
അവർ വില്ലുകുലച്ച് അസ്ത്രങ്ങൾ തൊടുത്തുവിടുമ്പോൾ, അവ ലക്ഷ്യം കാണാതിരിക്കട്ടെ.
8ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെ അവർ ഇല്ലാതെയാകട്ടെ,
ചാപിള്ളപോലെ അവർ ഒരിക്കലും സൂര്യപ്രകാശം കാണാത്തവരായിരിക്കട്ടെ.
9നിങ്ങളുടെ കലങ്ങൾക്കടിയിൽ മുള്ളുകൾ കത്തിയെരിയുന്ന—അവ പച്ചയോ ഉണങ്ങിയതോ ആയിക്കൊള്ളട്ടെ—ചൂടുതട്ടുന്നതിനുമുമ്പുതന്നെ
ദുഷ്ടർ തൂത്തെറിയപ്പെടും. ▼
▼ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.
10അനീതിപ്രവർത്തിക്കുന്നവരുടെമേൽ പ്രതികാരം നടത്തുമ്പോൾ നീതിനിഷ്ഠർ ആനന്ദിക്കും,
അവർ അവരുടെ കാൽ ദുഷ്ടരുടെ രക്തത്തിൽ കഴുകുമ്പോൾത്തന്നെ.
11അപ്പോൾ ജനം പറയും:
“നീതിനിഷ്ഠർക്ക് പ്രതിഫലമുണ്ട്, നിശ്ചയം;
ഭൂമിയിൽ ന്യായവിധി നടപ്പിലാക്കുന്ന ഒരു ദൈവവുമുണ്ട്, നിശ്ചയം.”
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ▼
▼സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for
MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.