‏ Psalms 6

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ
അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
2യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു;
യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.
3എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു.
ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?

4യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ,
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
5മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല.
പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും?

6എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു.

രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു,
എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു.
7സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു;
എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.

8അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക,
കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു.
9കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു;
യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു.
10എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും;
തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.