‏ Psalms 71

1യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2അവിടത്തെ നീതിയിൽ എന്നെ മോചിപ്പിക്കുകയും വിടുവിക്കുകയും ചെയ്യണമേ;
അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച് എന്നെ രക്ഷിക്കണമേ.
3എനിക്ക് എപ്പോഴും ഓടിയെത്താൻ കഴിയുന്ന,
എന്റെ അഭയമാകുന്ന പാറയാകണമേ.
അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ
എന്നെ രക്ഷിക്കാൻ അവിടന്ന് കൽപ്പന നൽകണമേ.
4എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും
അധർമികളും ക്രൂരരുമായവരുടെ പിടിയിൽനിന്നും എന്നെ മോചിപ്പിക്കണമേ.

5കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ,
എന്റെ യൗവനംമുതൽ അവിടന്നാണെന്റെ ആശ്രയം.
6ജനനംമുതൽ ഞാൻ അങ്ങയിൽ ആശ്രയിച്ചു;
അവിടന്നാണ് എന്നെ എന്റെ മാതാവിന്റെ ഗർഭപാത്രത്തിൽനിന്നും പുറത്തെടുത്തത്.
ഞാൻ അങ്ങയെ സദാ സ്തുതിക്കും.
7ഞാൻ പലർക്കുമൊരു അത്ഭുതവിഷയം ആയിരിക്കുന്നു;
എന്നാൽ അവിടന്നാണ് എന്റെ ബലമുള്ള സങ്കേതം.
8എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു,
ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു.

9ഞാൻ വൃദ്ധൻ ആകുമ്പോൾ എന്നെ പുറന്തള്ളരുതേ;
എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
10എന്റെ ശത്രുക്കൾ എനിക്കെതിരേ സംസാരിക്കുന്നു;
അവർ ഒരുമിച്ച് ഗൂഢാലോചന നടത്തി എന്നെ വധിക്കുന്നതിനായി കാത്തിരിക്കുന്നു.
11“ദൈവം ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു;
അയാളെ പിൻതുടർന്ന് പിടികൂടാം,
ആരും അയാളെ മോചിപ്പിക്കുകയില്ല,” എന്നിങ്ങനെ അവർ പറയുന്നു.
12ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ;
എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
13എന്നിൽ കുറ്റം ആരോപിക്കുന്നവർ അപമാനിതരായി നശിക്കട്ടെ;
എന്നെ ദ്രോഹിക്കാൻ തുനിയുന്നവർ
നിന്ദയാലും ലജ്ജയാലും മൂടപ്പെടട്ടെ.

14എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും;
ഞാൻ അങ്ങയെ മേൽക്കുമേൽ സ്തോത്രംചെയ്യും.

15ദിവസംമുഴുവനും എന്റെ വായ്
അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും—
അവ എന്റെ അറിവിന് അതീതമാണല്ലോ.
മൂ.ഭാ. അവയുടെ എണ്ണം എനിക്കറിഞ്ഞുകൂടാ.

16കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും;
അങ്ങയുടെ നീതിപ്രവൃത്തികൾ ഞാൻ ഉദ്ഘോഷിക്കും, അങ്ങയുടേതുമാത്രം.
17ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു,
ഇന്നുവരെ ഞാൻ അവിടത്തെ അത്ഭുതപ്രവൃത്തികളെപ്പറ്റി വർണിക്കുന്നു.
18എന്റെ ദൈവമേ, എനിക്ക് വാർധക്യവും നരയും വന്നുചേരുമ്പോഴും
അടുത്ത തലമുറയോട് അവിടത്തെ ശക്തിയെക്കുറിച്ചും
എനിക്കു ശേഷമുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രഖ്യാപിക്കുന്നതുവരെയും.
എന്നെ ഉപേക്ഷിക്കരുതേ.

19ദൈവമേ, അവിടത്തെ നീതി ആകാശത്തോളം എത്തുന്നു.
അങ്ങ് മഹത്കാര്യങ്ങൾ ചെയ്തിരിക്കുന്നു.
ദൈവമേ, അങ്ങേക്കുതുല്യൻ ആരുള്ളൂ?
20ഒട്ടനവധി കഠിനയാതനകളിലൂടെ
അവിടന്ന് എന്നെ നടത്തിയെങ്കിലും
അവിടന്ന് എന്റെ ജീവൻ പുനരുദ്ധരിക്കും;
ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും
അവിടന്നെന്നെ ഉയർത്തിക്കൊണ്ടുവരും.
21അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച്
ഒരിക്കൽക്കൂടി എന്നെ ആശ്വസിപ്പിക്കും.

22കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും
എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ;
ഇസ്രായേലിന്റെ പരിശുദ്ധനേ,
വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും.
23ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ
എന്റെ അധരങ്ങളും
അങ്ങ് വിമോചനമേകിയ ഈ ഏഴയും ഘോഷിച്ചാനന്ദിക്കും.
24ദിവസംമുഴുവനും
എന്റെ നാവ് അങ്ങയുടെ നീതിപ്രവൃത്തികളെ വർണിക്കും,
കാരണം എന്നെ ദ്രോഹിക്കാൻ ആഗ്രഹിച്ചവർ
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീർന്നല്ലോ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.