‏ Psalms 9

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;
അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.
2ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;
അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.

3എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു;
അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു.
4കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു,
അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു.
5അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു;
അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു.
6അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു,
അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു;
അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു.

7യഹോവ എന്നേക്കും വാഴുന്നു;
അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
8അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും;
ജനതകളെ നേരോടെ ന്യായപാലനംചെയ്യും.
9യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,
ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.
10അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,
യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.

11സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക;
അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക.
12കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു;
അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.

13യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ!
എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ,
14സീയോൻപുത്രിയുടെ കവാടത്തിൽ
ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും;
ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും.

15രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു;
അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു.
16യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു;
ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം.
ഈ വാക്കിന്റെ അർഥം വ്യക്തമല്ല.
സേലാ.
17ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു,
ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ.
18എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;
പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.

19യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ;
ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ.
20യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ,
തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.