‏ Revelation of John 12

സ്ത്രീയും മഹാവ്യാളിയും

1സ്വർഗത്തിൽ വലിയ ഒരത്ഭുതചിഹ്നം ദൃശ്യമായി: സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീ, അവളുടെ കാൽക്കീഴിൽ ചന്ദ്രൻ, അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം. 2അവൾ ഗർഭിണിയായിരുന്നു. ആസന്നമായിരിക്കുന്ന പ്രസവത്തിന്റെ അതിവേദനയോടെ അവൾ നിലവിളിച്ചു. 3അപ്പോൾ സ്വർഗത്തിൽ മറ്റൊരത്ഭുതചിഹ്നവും ദൃശ്യമായി: ഇതാ, ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവുമായി ചെമന്ന നിറമുള്ള ഒരു മഹാവ്യാളി.
അതായത്, തീ തുപ്പുന്ന ചിറകുള്ള ഉഗ്രസർപ്പം
4അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തന്റെ വാൽകൊണ്ടു വാരിയെടുത്തു ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്ത്രീ പ്രസവിച്ചാലുടൻ തന്നെ ശിശുവിനെ വിഴുങ്ങാനായി ആ മഹാവ്യാളി ഒരുങ്ങി, അവളുടെമുമ്പാകെ നിലകൊണ്ടു. 5“സകലരാജ്യങ്ങളെയും ഇരുമ്പു ചെങ്കോൽകൊണ്ടു ഭരിക്കാനിരിക്കുന്ന” b ഒരാൺകുട്ടിക്ക് സ്ത്രീ ജന്മംനൽകി. അവളുടെ കുട്ടി ദൈവത്തിലേക്കും അവിടത്തെ സിംഹാസനത്തിലേക്കും തൽക്ഷണം എടുക്കപ്പെട്ടു. 6സ്ത്രീ മരുഭൂമിയിലേക്ക് പലായനംചെയ്തു. 1,260 ദിവസം അവളെ സംരക്ഷിക്കാൻ ദൈവം ഒരുക്കിയ ഒരു സ്ഥലം അവൾക്കവിടെയുണ്ട്.

7അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി. 8എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു. 9ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.

10ഉടൻതന്നെ ഞാൻ, സ്വർഗത്തിൽ ഒരു വലിയശബ്ദം ഇപ്രകാരം പറയുന്നതു കേട്ടു:

“ഇപ്പോഴിതാ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും
രാജ്യവും
തന്റെ ക്രിസ്തുവിന്റെ രാജാധിപത്യവും വന്നിരിക്കുന്നു.
നമ്മുടെ സഹോദരങ്ങളെക്കുറിച്ച്
ദൈവസന്നിധിയിൽ രാപകൽ കുറ്റാരോപണം നടത്തുന്ന അപവാദി,
താഴേക്കു ചുഴറ്റി എറിയപ്പെട്ടുവല്ലോ.
11അവർ കുഞ്ഞാടിന്റെ രക്തവും
തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം
അവനെ ജയിച്ചു;
അവസാനശ്വാസംവരെ
അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.
12അതുകൊണ്ട്, സ്വർഗവും
സ്വർഗവാസികളുമായവരേ, ആനന്ദിക്കുക!
എന്നാൽ ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം!
തന്റെ സമയം ചുരുങ്ങിയിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്,
പിശാച് ഉഗ്രകോപത്തോടെ
നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു.”
13ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു. 14മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു. 15സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. 16എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു. 17മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.