‏ Romans 2

ദൈവത്തിന്റെ നീതിയുള്ള ന്യായവിധി

1ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ. 2ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്ന് നമുക്കറിയാം. 3അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ? 4ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?

5എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. 6ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” 7നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. 8എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. 9തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. 10എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; 11കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.

12ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും. 13ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. 14ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു.
എഴുതപ്പെട്ട ന്യായപ്രമാണം ലഭിച്ചിട്ടില്ലെങ്കിലും യെഹൂദേതരരുടെയും മനസ്സാക്ഷിക്കുള്ളിൽ നന്മയേത് തിന്മയേത് എന്ന വിവേചനശക്തിയുണ്ട്. ഇത് ഒരു അലിഖിത നിയമസംഹിതയാണ്.
15അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. 16ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.

യെഹൂദനും ന്യായപ്രമാണവും

17എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ. 18നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ; 19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും 20മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ. 21എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ? 22വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ? 23ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ? 24“നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു” c എന്നെഴുതിയിരിക്കുന്നല്ലോ!

25നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു. 26പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ? 27ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.

28കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല. 29പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.