‏ Leviticus 14:2-32

2“കുഷ്ഠരോഗിയെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരുമ്പോൾ ആചാരപരമായ ശുദ്ധീകരണം സംബന്ധിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്: 3പുരോഹിതൻ പാളയത്തിനു പുറത്തുപോയി ആ മനുഷ്യനെ പരിശോധിക്കണം. അയാളുടെ കുഷ്ഠരോഗം സുഖമായി എന്നു കണ്ടാൽ, 4ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി, ജീവനും ശുദ്ധിയുമുള്ള രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരാൻ പുരോഹിതൻ കൽപ്പിക്കണം. 5പിന്നെ പുരോഹിതൻ പക്ഷികളിലൊന്നിനെ ശുദ്ധജലം നിറഞ്ഞിരിക്കുന്ന മൺപാത്രത്തിനുമീതേവെച്ച് കൊല്ലുന്നതിനു കൽപ്പിക്കണം. 6പിന്നീട് അദ്ദേഹം ജീവനുള്ള പക്ഷിയെ എടുത്തു ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവയോടൊപ്പം, കൊന്ന പക്ഷിയുടെ രക്തംകലർന്ന ശുദ്ധജലത്തിൽ മുക്കണം. 7ആ രക്തം അദ്ദേഹം കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധീകരിക്കപ്പെടേണ്ട ആളിന്റെമേൽ ഏഴുപ്രാവശ്യം തളിച്ച് അയാൾ ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ തുറസ്സായസ്ഥലത്തു തുറന്നുവിടണം.

8“ശുദ്ധീകരിക്കപ്പെടേണ്ടയാൾ വസ്ത്രം കഴുകി, രോമമെല്ലാം വടിച്ചുകളഞ്ഞു വെള്ളത്തിൽ കുളിക്കണം; അപ്പോൾ ആ മനുഷ്യൻ ആചാരപരമായി ശുദ്ധമായിത്തീരും. അതിനുശേഷം അയാൾക്കു പാളയത്തിനകത്തുവരാം, എന്നാൽ ആ മനുഷ്യൻ ഏഴുദിവസം തന്റെ കൂടാരത്തിനു വെളിയിൽ കഴിയണം. 9ഏഴാംദിവസം അയാൾ രോമമെല്ലാം വടിച്ചുകളയണം; തലയും താടിയും കൺപുരികങ്ങളും ഉൾപ്പെടെ തന്റെ ശേഷിച്ച എല്ലാ രോമവും വടിച്ചുകളയണം. അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ തന്നെത്താൻ കുളിക്കണം. ഇങ്ങനെ ആ മനുഷ്യൻ ആചാരപരമായി ശുദ്ധനാകും.

10“എട്ടാംദിവസം അയാൾ ഊനമില്ലാത്ത രണ്ടു കോലാട്ടിൻകുട്ടികളെയും ഒരുവയസ്സുള്ള ഊനമില്ലാത്ത ഒരു പെണ്ണാട്ടിൻകുട്ടിയെയും; ഭോജനയാഗമായി ഒലിവെണ്ണകുഴച്ച, മൂന്ന് ഓമെർ
ഏക. 5 കി.ഗ്രാം.
നേരിയമാവും ഒരു പാത്രം
ഏക. 0.3 ലി.
ഒലിവെണ്ണയും കൊണ്ടുവരണം.
11ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ, ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയെ അയാളുടെ വഴിപാടിനോടൊപ്പം യഹോവയുടെമുമ്പാകെ സമാഗമകൂടാരവാതിലിൽ നിർത്തണം.

12“പിന്നെ പുരോഹിതൻ കോലാട്ടിൻകുട്ടിയിൽ ഒന്നിനെ എടുത്ത് ഒലിവെണ്ണയോടൊപ്പം അകൃത്യയാഗമായി അർപ്പിക്കണം. അദ്ദേഹം അവയെ വിശിഷ്ടയാഗമായി യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കണം. 13പാപശുദ്ധീകരണയാഗവും ഹോമയാഗവും അറക്കുന്ന വിശുദ്ധസ്ഥലത്ത് അദ്ദേഹം ആട്ടിൻകുട്ടിയെ അറക്കണം. പാപശുദ്ധീകരണയാഗംപോലെ അകൃത്യയാഗം പുരോഹിതനുള്ളതാണ്; അത് അതിവിശുദ്ധമാണ്. 14പുരോഹിതൻ അകൃത്യയാഗത്തിന്റെ കുറെ രക്തം എടുത്ത് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും പുരട്ടണം. 15പിന്നീടു പുരോഹിതൻ ഒലിവെണ്ണയിൽ കുറെ എടുത്തു തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു. 16വലതുചൂണ്ടുവിരൽ ഉള്ളംകൈയിലെ എണ്ണയിൽ മുക്കി, അതിൽ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം. 17പുരോഹിതൻ, തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ കുറെ ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും അകൃത്യയാഗത്തിന്റെ രക്തത്തിനുമീതേയും പുരട്ടണം. 18തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ പുരോഹിതൻ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.

19“പിന്നെ പുരോഹിതൻ പാപശുദ്ധീകരണയാഗം അർപ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അതിനുശേഷം പുരോഹിതൻ ഹോമയാഗമൃഗത്തെ അറത്തു 20ഭോജനയാഗത്തോടൊപ്പം യാഗപീഠത്തിൽ അർപ്പിച്ച് അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. എന്നാൽ ആ മനുഷ്യൻ ശുദ്ധമായിരിക്കും.

21“അയാൾ ദരിദ്രനും ഇവയ്ക്കു വകയില്ലാത്ത വ്യക്തിയുമാണെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വിശിഷ്ടയാഗാർപ്പണത്തിന് അകൃത്യയാഗമായി ഒരു കോലാട്ടിൻകുട്ടിയും ഭോജനയാഗമായി ഒരു പാത്രം ഒലിവെണ്ണചേർത്ത ഒരു ഓമെർ
ഏക. 1.6 കി.ഗ്രാം.
നേർമയുള്ള മാവും ഒരു പാത്രം എണ്ണയും എടുക്കണം.
22ഒപ്പം, തന്റെ കഴിവുപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം. അവയിലൊന്ന് പാപശുദ്ധീകരണയാഗത്തിനും മറ്റേതു ഹോമയാഗത്തിനുമായിരിക്കണം.

23“എട്ടാംദിവസം ശുദ്ധീകരിക്കപ്പെടേണ്ടയാൾ അവ തന്റെ ശുദ്ധീകരണത്തിനായി യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 24പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയും ഒലിവെണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. 25അദ്ദേഹം അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറത്ത് അതിന്റെ കുറെ രക്തം എടുത്തു ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും, വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും പുരട്ടണം. 26പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു 27തന്റെ വലതുചൂണ്ടുവിരൽകൊണ്ടു തന്റെ ഉള്ളംകൈയിലെ എണ്ണ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം. 28കുറെ എണ്ണ അദ്ദേഹം, ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും അകൃത്യയാഗത്തിന്റെ രക്തം പുരട്ടിയ അതേസ്ഥലങ്ങളിൽ പുരട്ടണം. 29പുരോഹിതൻ തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. 30പിന്നെ പുരോഹിതൻ, ആ വ്യക്തിയുടെ കഴിവുപോലെ കുറുപ്രാവുകളെയും പ്രാവിൻകുഞ്ഞുങ്ങളെയും 31ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും ഭോജനയാഗത്തോടുകൂടെ അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.”

32ഇവ ശുദ്ധീകരണത്തിനുള്ള സാധാരണ വഴിപാടുകൾക്കു പ്രാപ്തിയില്ലാത്ത, ഗുരുതരമായ കുഷ്ഠരോഗമുള്ളവർക്കുള്ള പ്രമാണം.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.