‏ Deuteronomy 14

ശുദ്ധവും അശുദ്ധവുമായ ഭക്ഷണം

1നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കൾ ആകുന്നു. മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയോ തലയുടെ മുൻവശം ക്ഷൗരംചെയ്യുകയോ അരുത്. 2കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു.

3അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. 4നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.
ഈ അധ്യായത്തിലെ പക്ഷികൾ, മൃഗങ്ങൾ എന്നിവ ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല.
6കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം. 7എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു. 8പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്.

9വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. 10എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു.

11ശുദ്ധിയുള്ള ഏതു പക്ഷിയെയും നിങ്ങൾക്കു ഭക്ഷിക്കാം. 12എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്, 13ഗൃദ്ധ്രം, പരുന്ത്, എല്ലാ ഇനത്തിലുംപെട്ട ഇരപിടിയൻപക്ഷി, 14എല്ലാ ഇനത്തിലുംപെട്ട കാക്ക, 15ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, 16നത്ത്, നീർക്കാക്ക, കൂമൻ, 17മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, 18പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.

19ചിറകുള്ള പ്രാണികളെല്ലാം നിങ്ങൾക്ക് അശുദ്ധമാണ്. അവ ഭക്ഷിക്കരുത്. 20ചിറകുള്ള ജീവികളിൽ ആചാരപരമായി ശുദ്ധിയുള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.

21ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു.

ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.

ദശാംശം

22എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം. 23നിന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളുടെ ദശാംശവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഭക്ഷിക്കണം. 24നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം, നിന്റെ ദശാംശം കൊണ്ടുപോകാൻ കഴിയാത്തവിധം വിദൂരത്താകുന്നെങ്കിൽ 25നീ ആ ദശാംശം വിറ്റ് വെള്ളിക്കാശാക്കണം. ആ വെള്ളിക്കാശുമായി നീ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം. 26ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം. 27നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യനെ അവഗണിക്കരുത്. അവർക്കു നിങ്ങളോടൊപ്പം അവരുടേതായ ഓഹരിയും അവകാശവും ലഭിച്ചിട്ടില്ലല്ലോ.

28ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. 29നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.