‏ Ezra 7

എസ്രാ ജെറുശലേമിലേക്കു വരുന്നു

1ഈ കാര്യങ്ങളൊക്കെയും നടന്നതിനുശേഷം, പാർസിരാജാവായ അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത്, എസ്രാ ബാബേലിൽനിന്നും വന്നു. ഇദ്ദേഹം സെരായാവിന്റെ മകനായിരുന്നു. സെരായാവ് അസര്യാവിന്റെ മകൻ, അസര്യാവ് ഹിൽക്കിയാവിന്റെ മകൻ, 2ഹിൽക്കിയാവ് ശല്ലൂമിന്റെ മകൻ, ശല്ലൂം സാദോക്കിന്റെ മകൻ, സാദോക്ക് അഹീതൂബിന്റെ മകൻ, 3അഹീത്തൂബ് അമര്യാവിന്റെ മകൻ, അമര്യാവ് അസര്യാവിന്റെ മകൻ, അസര്യാവ് മെരായോത്തിന്റെ മകൻ, 4മെരായോത്ത് സെരഹ്യാവിന്റെ മകൻ, സെരഹ്യാവ് ഉസ്സിയുടെ മകൻ, ഉസ്സി ബുക്കിയുടെ മകൻ, 5ബുക്കി അബീശൂവായുടെ മകൻ, അബീശൂവ ഫീനെഹാസിന്റെ മകൻ, ഫീനെഹാസ് എലെയാസാരിന്റെ മകൻ, എലെയാസാർ മഹാപുരോഹിതനായ അഹരോന്റെ മകൻ. 6ഈ എസ്രാ ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശയുടെ ന്യായപ്രമാണത്തിൽ പ്രാവീണ്യമുള്ള ഒരു വേദജ്ഞനായിരുന്നു. തന്റെ ദൈവമായ യഹോവയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതിനാൽ അദ്ദേഹം ചോദിച്ചതെല്ലാം രാജാവ് അദ്ദേഹത്തിനു നൽകിയിരുന്നു. 7ഇസ്രായേൽജനത്തിൽ ചിലരും ചില പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും വാതിൽക്കാവൽക്കാരും ദൈവാലയശുശ്രൂഷകരും അർഥഹ്ശഷ്ടാരാജാവിന്റെ ഏഴാമാണ്ടിൽ ജെറുശലേമിൽ വന്നുചേർന്നു.

8എസ്രാ ജെറുശലേമിൽ വന്നുചേർന്നത് രാജാവിന്റെ ഏഴാമാണ്ടിൽ അഞ്ചാംമാസത്തിലാണ്. 9ഒന്നാംമാസം ഒന്നാംതീയതി അദ്ദേഹം ബാബേലിൽനിന്ന് യാത്രതിരിച്ചു. തന്റെ ദൈവത്തിന്റെ കരുണയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതുകൊണ്ട് അഞ്ചാംമാസം ഒന്നാംതീയതി അദ്ദേഹം ജെറുശലേമിൽ എത്തി. 10യഹോവയുടെ ന്യായപ്രമാണം പഠിക്കാനും അതനുസരിച്ചു ജീവിക്കാനും അവിടത്തെ ഉത്തരവുകളും നിയമങ്ങളും ഇസ്രായേലിനെ പഠിപ്പിക്കാനും എസ്രാ അർപ്പണബോധമുള്ളവനായിരുന്നു.

എസ്രായ്ക്ക് അർഥഹ്ശഷ്ടാരാജാവിന്റെ കത്ത്

11ഇസ്രായേലിനുള്ള യഹോവയുടെ കൽപ്പനകളും ഉത്തരവുകളും സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന് അർഥഹ്ശഷ്ടാരാജാവ് നൽകിയ കത്തിന്റെ പകർപ്പ്:

12രാജാധിരാജാവായ അർഥഹ്ശഷ്ടാവിൽനിന്ന്,

സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന്:

സമാധാനാശംസകൾ.

13നമ്മുടെ രാജ്യത്തുള്ള ഇസ്രായേൽജനത്തിലും പുരോഹിതന്മാരിലും ലേവ്യരിലും ആർക്കെങ്കിലും ജെറുശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കു താങ്കളോടൊപ്പം പോകാൻ നാം കൽപ്പനകൊടുക്കുന്നു. 14താങ്കളുടെ കൈവശമുള്ള നിങ്ങളുടെ ദൈവത്തിന്റെ ന്യായപ്രമാണത്തിലുള്ളതുപോലെ യെഹൂദ്യയെയും ജെറുശലേമിനെയുംകുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി, രാജാവും അദ്ദേഹത്തിന്റെ ഏഴ് ഉപദേശകരും താങ്കളെ അയച്ചിരിക്കുന്നു. 15ജെറുശലേമിൽ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിനു രാജാവും അദ്ദേഹത്തിന്റെ ഉപദേശകരും ഔദാര്യാർപ്പണമായി നൽകുന്ന സ്വർണവും വെള്ളിയും 16അതോടൊപ്പം ബാബേൽ പ്രവിശ്യയിൽനിന്നൊക്കെയും ലഭിക്കുന്ന സ്വർണവും വെള്ളിയും ജെറുശലേമിലെ ദൈവാലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും മനസ്സോടെ നൽകുന്ന സ്വമേധാദാനങ്ങളും അവിടെ എത്തിക്കാനും രാജാവും അദ്ദേഹത്തിന്റെ ഏഴുമന്ത്രിമാരും താങ്കളെ അയയ്ക്കുന്നു, 17ഈ പണം താങ്കൾ ശ്രദ്ധാപൂർവം വിനിയോഗിച്ച്, കാളകളെയും ആട്ടുകൊറ്റന്മാരെയും ആൺകുഞ്ഞാടുകളെയും അവയ്ക്കുവേണ്ട ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം വാങ്ങി ജെറുശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിൽ അർപ്പിക്കണം.

18ശേഷമുള്ള വെള്ളിയും സ്വർണവുംകൊണ്ടു താങ്കൾക്കും താങ്കളുടെ സഹോദരന്മാർക്കും, നിങ്ങളുടെ ദൈവത്തിന്റെ ഹിതപ്രകാരം, ഉചിതമെന്നുതോന്നുന്നരീതിയിൽ ചെയ്യുക. 19നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി നിങ്ങളുടെപക്കൽ ഏൽപ്പിച്ച ഉപകരണങ്ങളെല്ലാംതന്നെ ജെറുശലേമിലെ ദൈവത്തിന്റെ മുമ്പാകെ ഏൽപ്പിക്കണം. 20നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊടുക്കാനായി നിങ്ങളുടെ ചുമതലയിൽ മറ്റെന്തെങ്കിലും ആവശ്യമായിവന്നാൽ അവ രാജാവിന്റെ ഭണ്ഡാരത്തിൽനിന്ന് നിങ്ങൾക്കു ലഭ്യമാക്കാവുന്നതാണ്.

21അർഥഹ്ശഷ്ടാരാജാവായ നാം യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യകളിലെ എല്ലാ ഭണ്ഡാരവിചാരകന്മാരോടും കൽപ്പിക്കുന്നു: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതൻ നിങ്ങളോട് ആവശ്യപ്പെടുന്നതനുസരിച്ച്, 22നൂറുതാലന്ത്
ഏക. 3.75 ടൺ.
വെള്ളി, നൂറുകോർ
ഏക. 18 ടൺ.
ഗോതമ്പ്, നൂറുബത്ത്
ഏക. 2,200 ലി.
വീഞ്ഞ്, നൂറുബത്ത് ഒലിവെണ്ണ, ആവശ്യംപോലെ ഉപ്പ് എന്നിവയും നൽകാൻ ശ്രദ്ധിക്കണം.
23രാജാവിന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും രാജ്യത്തിനുനേരേ കോപമുണ്ടാകാതിരിക്കാൻ സ്വർഗത്തിലെ ദൈവം കൽപ്പിക്കുന്നതെന്തും, സ്വർഗത്തിലെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശുഷ്കാന്തിയോടെ നിർവഹിക്കുക. 24പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ, ദൈവാലയദാസന്മാർ, ദൈവാലയത്തിലെ മറ്റു ജോലിക്കാർ എന്നിവരിൽ ആരിൽനിന്നും കരമോ കപ്പമോ കടത്തുകൂലിയോ ഈടാക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്നുംകൂടി അറിയണം.

25എസ്രായേ, താങ്കളും താങ്കളുടെ ദൈവം താങ്കൾക്കു നൽകിയിരിക്കുന്ന ജ്ഞാനമനുസരിച്ച്, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യയിലെ എല്ലാ ജനങ്ങളെയും താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണം അറിയുന്ന ഏവരെയും ന്യായപാലനം നടത്തേണ്ടതിനു ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കുക. ന്യായപ്രമാണം അറിയാത്തവരെ അതു പഠിപ്പിക്കുകയും ചെയ്യുക. 26താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണമോ രാജാവിന്റെ നിയമമോ അനുസരിക്കാത്ത ഏതൊരാൾക്കും വധശിക്ഷ, നാടുകടത്തൽ, വസ്തുക്കളുടെ കണ്ടുകെട്ടൽ, തടവ് എന്നിങ്ങനെ ഏതുവിധ ശിക്ഷയും കർക്കശമായിത്തന്നെ നൽകണം.

27 28ജെറുശലേമിലുള്ള യഹോവയുടെ ആലയത്തെ ആദരിക്കാൻ രാജാവിന്റെ ഹൃദയത്തിൽ ഇപ്രകാരം പ്രേരണനൽകുന്നതിനു, രാജാവിന്റെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും വീരന്മാരായ സകലപ്രഭുക്കന്മാരുടെയും മുമ്പാകെ അവിടത്തെ മഹാദയ എന്റെമേൽ ചൊരിഞ്ഞ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഇപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ, എന്നോടുകൂടെ പോകാൻ ഇസ്രായേലിൽനിന്നു നേതാക്കന്മാരെയും കൂട്ടുന്നതിനും ഞാൻ ധൈര്യപ്പെട്ടു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.